ഇഎംഎസിനുശേഷം കേരള ഘടകത്തിൽനിന്ന് സിപിഎം ജനറൽ സെക്രട്ടറിയാകുന്ന നേതാവാണ് എം.എ.ബേബി. സിപിഎമ്മിന്റെ ആറാം ജനറൽ സെക്രട്ടറി. കൊല്ലം തൃക്കരുവ പ്രാക്കുളം കുന്നത്തു വീട്ടിൽ റിട്ട. സ്കൂൾ ഹെഡ്മാസ്റ്റർ പി.എം അലക്സാണ്ടറിന്റെയും ലില്ലിയുടെയും മകനായി 1954 ഏപ്രിൽ 5ന് ജനനം. തൃക്കരുവ പഞ്ചായത്ത് എൽപി സ്കൂൾ, പ്രാക്കുളം എൻഎസ്എസ് ഹൈസ്കൂൾ, കൊല്ലം എസ്എൻ കോളജ് എന്നിവിടങ്ങളിൽ പഠനം. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയ പ്രവേശം. 1975 മുതൽ 79 വരെ എസ്എഫ്ഐ സംസ്‌ഥാന പ്രസിഡന്റിന്റെ ചുമതല. 1977ൽ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം. 1979 മുതൽ 84 വരെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്. 88 മുതൽ 94 വരെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1985ൽ സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽ. 89ൽ കേന്ദ്രകമ്മിറ്റി അംഗം. 1986ലും 92ലും കേരളത്തിൽനിന്നു രാജ്യസഭയിലേക്ക്. 2002 മുതൽ ഇടക്കാലത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ചുമതല. 2006ൽ കുണ്ടറയിൽനിന്നു ജയിച്ചു വിദ്യാഭ്യാസ മന്ത്രി. 2011ലും വിജയം. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയം. യുഎൻ പൊതുസഭയിൽ രാജ്യത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. ക്യൂബൻ ഐക്യദാർഢ്യസമിതിയുടെ ഇന്ത്യയിലെ സ്‌ഥാപക കൺവീനർ. സംഗീതാസ്വാദന സഭയായ ‘സ്വരലയ’യുടെ സ്‌ഥാപകരിൽ ഒരാൾ. നോം ചോംസ്കി, നൂറ്റാണ്ടുകളിലൂടെ, ലോക യുവജന പ്രസ്ഥാനം തുടങ്ങിയവ കൃതികൾ. ഭാര്യ: ബെറ്റി ലൂയിസ്. മകൻ: നിയമ ബിരുദധാരിയും ഗിറ്റാർ കലാകാരനുമായ അശോക് ബെറ്റി നെൽസൺ (അപ്പു).