പ്രായം മുപ്പത് ആകുന്നതിനു മുൻപ് കാണേണ്ട ഇടങ്ങൾ
Mail This Article
യാത്ര പോകാൻ പ്രായമൊരു പ്രശ്‌നമാണോ? അല്ലേയല്ല..എന്നായിരിക്കും ഭൂരിപക്ഷം പേരുടെയും മറുപടി. എന്നാൽ പ്രായം മുപ്പതു ആകുന്നതിനു മുൻപ് കാണേണ്ട ചിലയിടങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ജീവിതത്തിന്റെ സുവർണകാലത്തിൽ, കാണുന്ന കാഴ്ചകൾക്കൊക്കെ പുതുമയും സൗന്ദര്യവും കൂടുതലായിരിക്കും. മാത്രമല്ല, അത്തരം യാത്രകൾ എക്കാലവും മനസിൽ മറയാതെ നിൽക്കുന്ന ഓർമ്മകളും അനുഭവങ്ങളുമായിരിക്കും ഓരോരുത്തർക്കും സമ്മാനിക്കുക. യുവത്വത്തിനു അടിച്ചുപൊളിക്കാനിതാ... നമ്മുടെ നാട്ടിലെ കുറച്ചു സ്ഥലങ്ങൾ. ഭൂമിയിലെ സ്വർഗങ്ങളെന്നു വിശേഷണമുള്ള ചില ഭൂഭാഗങ്ങൾ, കൂടെ സാഹസികത ഇഷ്ടപ്പെടുന്നവരെയും തൃപ്തിപ്പെടുത്തുന്നവ.
ബിൻസാർ
കാടിന്റെ വന്യതയും വനഭൂമി താണ്ടി കീഴടക്കുന്ന ഉയരങ്ങളും നിങ്ങളിലെ സഞ്ചാരിയെ പുളകിതനാക്കുമെങ്കിൽ ഉറപ്പായും സന്ദർശിക്കേണ്ട ഒരിടമാണ് ബിൻസാർ വനങ്ങൾ. വന്യമൃഗങ്ങളുടേയും പക്ഷികളുടെയും ശബ്ദങ്ങളും കൂടെ വൻവൃക്ഷങ്ങളുടെ തണലും തണുപ്പുമൊക്കെ ഏതൊരു സഞ്ചാരിയേയും ഉത്സാഹഭരിതനാക്കും.
ധാരാളം പേർ ട്രെക്കിങ്ങിനായി തെരഞ്ഞെടുക്കുന്ന ഒരിടമാണ് ബിൻസാർ. ഉത്തരാഖണ്ഡിലെ അൽമോറയിലാണിത് സ്ഥിതി ചെയ്യുന്നത്. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഈ കാടിന്റെ ശാന്തതയ്ക്കും തണുപ്പിനും കഴിയുമെന്നതു തീർച്ചയാണ്. സീറോ പോയിന്റ്, പര്യദേവ പഷാൻ, മേരി ബുഡാൻ എസ്റ്റേറ്റ്, ബിൻസാർ വന്യജീവി സങ്കേതം, ബിനേശ്വർ മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി കാഴ്ചകൾ ബിൻസാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇവിടം സന്ദർശിക്കാൻ ഉചിതമായ സമയം ഒക്ടോബര്, നവംബര് മാസങ്ങളാണ്.
യാത്ര വിമാനമാർഗമാണെങ്കിൽ പന്ത്നഗർ എയർപോർട്ടിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. ബിൻസാറിൽ നിന്നും 152 കിലോമീറ്റർ അകലെയാണതു സ്ഥിതി ചെയ്യുന്നത്. ബിൻസാറിൽ നിന്നും 119 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാത്ഗോടം റെയിൽവേ സ്റ്റേഷനാണ് ട്രെയിൻ യാത്ര തെരെഞ്ഞെടുക്കുകയാണെങ്കിൽ ഇറങ്ങേണ്ട സ്ഥലം.
കനാറ്റൽ
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കു സന്ദർശിക്കാൻ അനുയോജ്യമായ ഒരിടമാണ് കനാറ്റൽ. ഹരം പിടിപ്പിക്കുന്ന വിനോദോപാധികളാണ് ഇവിടുത്തെ പ്രത്യേകത. ഉത്തരാഖണ്ഡിലാണ് ഈ മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷവും അതിസുന്ദരമായ പ്രകൃതിയുമാണ് സഞ്ചാരികളെ വശീകരിക്കുന്ന ഘടകങ്ങൾ.
വളരെ ഉയരമേറിയ പ്രദേശമായതുകൊണ്ടു തന്നെ മുകളിൽ ക്യാമ്പ് ചെയ്യുന്നതും രാത്രികൾ ചെലവിടുന്നതുമൊക്കെ സഞ്ചാരികൾക്കു ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കും. അവധി ദിനങ്ങൾ ചെലവഴിക്കാൻ, ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ഒരിടം കൂടിയാണ് കനാറ്റൽ. കോടിയ വനം, തെഹ്‌രി തടാകം, സുർക്കണ്ട ദേവി ക്ഷേത്രം, ന്യൂ തെഹ്‌രി ഡാം തുടങ്ങിയവയാണ് സഞ്ചാരികളെ ആകർഷിക്കുന്ന ഇവിടുത്തെ മറ്റു കാഴ്ചകൾ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് കനാറ്റൽ സന്ദർശിക്കുന്നതിനു അനുയോജ്യം.
ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ 75 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഋഷികേശ് ആണ്. സമീപത്തുള്ള എയർപോർട്ട് ജോളി ഗ്രാന്റ് എയർപോർട്ട് ആണ്. ഏകദേശം 92 കിലോമീറ്റർ ദൂരമുണ്ട് വിമാനത്താവളത്തിൽ നിന്നും കനാറ്റലിൽ എത്തിച്ചേരാൻ.
കച്ച്
സസ്യജാലങ്ങൾ വളരെ കുറഞ്ഞ, വെള്ള മണൽ വിരിച്ച, ഉപ്പുകാറ്റു വീശുന്ന ഇവിടം സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതാണ്. ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലാണ് കച്ച് സ്ഥിതി ചെയ്യുന്നത്. കൈറ്റ് ഫെസ്റ്റിവൽ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്ന്. ആകാശങ്ങളെ പല നിറങ്ങളിലുള്ള പട്ടങ്ങൾ കീഴടക്കുന്ന കാഴ്ച അതിമനോഹരം തന്നെയാണ്. മരുഭൂമിയ്ക്കു സമാനമായതുകൊണ്ട് ജനവാസം വളരെ കുറവാണ്.
കൈറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ആ സമയങ്ങളിൽ ഇവിടെ ധാരാളം വിനോദ സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. നവംബര് മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് സന്ദർശനത്തിനു യോജിച്ചത്. പ്രാഗ് മഹൽ, കാലോ ദുൻഗർ, കച്ച് മ്യൂസിയം, പുരാവസ്തു മ്യൂസിയം, മാണ്ഡവി ബീച്ച്, ഐന മഹൽ മുതലായവയാണ് കച്ചിലും സമീപ പ്രദേശങ്ങളിലുമുള്ള മനോഹര കാഴ്ചകൾ.
യാത്ര വിമാനമാർഗമാണെങ്കിൽ ഏറ്റവുമടുത്തുള്ള വിമാനത്താവളം ഭുജ് ആണ്. ഭുജിൽ നിന്നും 69 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ലക്ഷ്യ സ്ഥാനത്തെത്താൻ. ട്രെയിൻ യാത്രയാണെങ്കിൽ 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭുജ് റെയിൽവേ സ്റ്റേഷനാണ് ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്നത്.
അസം
മനോഹരമായ ഭൂപ്രകൃതിയും വനങ്ങളും വന്യജീവികളുമൊക്കെ നിറഞ്ഞ അസം അതിസുന്ദരമായ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. സാഹസികരായവരെ ഏറെ രസിപ്പിക്കുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഇവിടം. അപൂർവയിനത്തിൽപ്പെട്ട ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും മറ്റു വന്യജീവികളും നിറഞ്ഞതാണ് അസമിലെ വനങ്ങൾ. കാട്ടിലെ കാഴ്ചകൾ കാണുന്നതിനായി ജീപ്പ് സഫാരി ലഭ്യമാണ്. വന ഭംഗി നടന്നുകാണണമെന്നു താല്പര്യമുള്ളവർക്കു അതിനുള്ള സൗകര്യങ്ങളുമുണ്ട്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ബ്രഹ്മപുത്രയിൽ ബോട്ട് റൈഡ് ആസ്വദിക്കാം. അസം സന്ദർശിക്കുന്നതിനു അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ്. കാസിരംഗ ദേശീയോദ്യാനം, കാമാഖ്യ ക്ഷേത്രം, മാനസ് ദേശീയോദ്യാനം, ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്ര, അസം മ്യൂസിയം തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.
ദിബ്രുഗറിലെ മോഹൻബാരി പ്രാദേശിക എയർപോർട്ട് ആണ് സമീപത്തു സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ ടിൻസുകിയ ആണ്.
തിർത്തൻ വാലി
ട്രെക്കിങിനും ഹൈക്കിങ്ങിനും ശേഷം മലമുകളിൽ രാത്രി ക്യാമ്പ് ചെയ്യുക. പ്രായം ഇരുപതുകളിൽ ആണെങ്കിൽ ആരുമൊന്നു തയാറെടുക്കും അങ്ങനെയൊരു യാത്രയ്ക്ക്. അത്തരം ആകർഷകമായ നിരവധി വിനോദമാർഗങ്ങൾ ചേർത്തുവെച്ചുകൊണ്ടു സഞ്ചാരികളെ സ്വീകരിക്കുന്ന ഒരിടമാണ് തിർത്തൻ വാലി. വളരെ ശാന്തവും സൗന്ദര്യം നിറഞ്ഞതുമാണ് ഈ താഴ്വര. സാഹസികത ഇഷ്ടപ്പെടുന്നവരെ ഹരം പിടിപ്പിക്കും ഇവിടുത്തെ കാഴ്ചകളും അതിനൊപ്പം തന്നെ ട്രെക്കിങ്ങ് പോലുള്ള വിനോദങ്ങളും. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് തിർത്തൻ വാലി. മാർച്ച് മുതൽ ജൂൺ വരെയും ഒക്ടോബർ, നവംബർ മാസങ്ങളിലും ഇവിടം സന്ദർശിക്കാം. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം, ജലോരി പാസ്, രഘുപുർ കോട്ട തുടങ്ങി നിരവധി കാഴ്ചകൾ ഈ ഭൂമിയെ അതിസുന്ദരിയാക്കുന്നു.
ഏറ്റവുമടുത്തുള്ള വിമാനത്താവളം ബുൻറ്റാർ ആണ്. അവിടെ നിന്നും 48 കിലോമീറ്റർ യാത്ര ചെയ്യണം തിർത്തൻ വാലിയിൽ എത്തിച്ചേരാൻ. അംബാല റെയിൽവേ സ്റ്റേഷനിൽ നിന്നും 188 കിലോമീറ്റർ യാത്രയുണ്ട് ഈ താഴ്വരയിലേയ്ക്ക്. റോഡ് മാർഗമെങ്കിൽ ഡൽഹിയിൽ നിന്നാരംഭിച്ച് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ഇവിടെ സുഗമമായി എത്തിച്ചേരാം.
ഡൽഹൗസി
ലിറ്റിൽ സ്വിറ്റ്സർലൻഡ് എന്ന് വിശേഷണമുള്ള, ബ്രിട്ടീഷുകാരാൽ നിർമിതമായ അതിസുന്ദരമായ ഒരിടം. മലനിരകളാൽ സംരക്ഷിക്കപ്പെട്ട, പച്ചയണിഞ്ഞ ഭൂമി. കൂടെ പാദസരനാദം പൊഴിയ്ക്കുന്ന നദികൾ. കോളനിവാഴ്ച കാലത്തു ബ്രിട്ടീഷുകാർ നിര്മിച്ചതായതുകൊണ്ടു തന്നെ വിക്ടോറിയൻ വാസ്തുവിദ്യയാൽ നിർമിക്കപ്പെട്ട നിരവധി കെട്ടിടങ്ങൾ ഡൽഹൗസിയുടെ പ്രൗഢി വർധിപ്പിക്കുന്നു. ഒരുകാലത്തു ബ്രിട്ടീഷുകാരുടെ വേനൽക്കാല വസതിയായിരുന്ന ഇവിടം ഇന്ന് ധാരാളം സഞ്ചാരികളുടെ അവധിക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഡൽഹൗസി അതിസുന്ദരിയായി അതിഥികളെ സ്വീകരിക്കുന്നത്. ഖജ്ജിയാർ, പാഞ്ച് പുല്ല, കാലാടോപ് വന്യജീവി സങ്കേതം, സദ് ധാര വെള്ളച്ചാട്ടം, സെന്റ്. ജോൺസ് ദേവാലയം, ചാമുണ്ഡ ദേവി ക്ഷേത്രം തുടങ്ങിയവയെല്ലാം ഇവിടുത്തെ ആകർഷണീയമായ കാഴ്ചകളാണ്.
യാത്ര വിമാന മാർഗമെങ്കിൽ ഏറ്റവുമടുത്തുള്ള വിമാനത്താവളം പത്താൻകോട്ട് ആണ്. 85 കിലോമീറ്റർ ദൂരെയാണിത് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷനും പത്താൻ കോട്ടിൽ തന്നെയാണ്.