ADVERTISEMENT

മനോഹരങ്ങളായ നിരവധി ഹില്‍ സ്റ്റേഷനുകള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പശ്ചിമഘട്ടത്തിന്‍റെ കുളിരും പച്ചപ്പും എക്കാലത്തും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവിടെ കാണാം. നീണ്ടകാലത്തെ ചരിത്രമുറങ്ങുന്ന നിര്‍മിതികള്‍ക്കും പേരുകേട്ട ഇടങ്ങളാണ് ഇവയില്‍ മിക്കതും. മുന്‍പ്, അത്രയൊന്നും പ്രശസ്തം അല്ലാതിരുന്ന പല സ്ഥലങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സഞ്ചാരികളുടെ മനസ്സ് കവര്‍ന്നു കഴിഞ്ഞു. ഇങ്ങനെയുള്ള ഒന്നാണ് കല്യാൺ-അഹമ്മദ്‌നഗർ റോഡിലെ പർ‌വത പ്രദേശമായ മാല്‍ഷെജ് ഘട്ട്. സമുദ്ര നിരപ്പില്‍ നിന്നും ശരാശരി 700 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പച്ചപുതച്ച മനോഹരമായ മാല്‍ഷെജ് താഴ്‍‍വര സ്വര്‍ഗത്തിലേക്കുള്ള കവാടമായി തോന്നും.

മാല്‍ഷെജിലെ കാഴ്ചകള്‍

പച്ച വിരിച്ച താഴ്‌‌‌‌വരകളുടെ മനോഹരമായ കാഴ്ചയാണ് ഇവിടത്തെ ഒരു പ്രധാന ആകർഷണം. കടുവ, പുള്ളിപ്പുലി, മുയൽ, മയിൽ തുടങ്ങി നിരവധി ജീവജാലങ്ങള്‍ വസിക്കുന്ന ഇവിടം ജൈവ വൈവിധ്യത്തിനും പേരുകേട്ടതാണ്. ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ പിങ്ക് ഫ്ലമിംഗോ പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. 

Malshej-Ghat
By RealityImages/shutterstock

മാല്‍ഷെജിനടുത്തുള്ള ഖിരേശ്വര്‍ പേരുകേട്ട മറ്റൊരു സ്ഥലമാണ്. ഖിരേശ്വർ ഗ്രാമത്തിലൂടെ പോയാല്‍ പ്രശസ്തമായ ഹരിചന്ദ്രഗഡ് സന്ദർശിക്കാം. അനേകം വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാം. പിമ്പാൽഗാവ് ജോഗാ ഡാം, ശിവനേരി കോട്ട തുടങ്ങിയവയും സന്ദര്‍ശിക്കാവുന്നതാണ്. കൂടാതെ സാഹസപ്രേമികള്‍ക്ക് ട്രെക്കിംഗ് നടത്താനും ഇവിടെ നിരവധി വഴികളുണ്ട്. 

താമസ സൗകര്യം

അല്‍പ്പം ഉള്ളിലുള്ള സ്ഥലമായതിനാല്‍ വലിയ റെസ്റ്റോറന്റുകളും ഷോപ്പിങ് മാളുകളുമൊന്നും ഇവിടെ കാണാനാവില്ല. എംടിഡിസി - മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നടത്തുന്ന ഫ്ലമിംഗോ ഹിൽ റിസോർട്ടാണ് സമീപത്തുള്ള പ്രധാന താമസസൗകര്യം. മറ്റ് സ്വകാര്യ റിസോർട്ടുകളും ഉണ്ട്. മാൽഷെജ് ഘട്ടിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള ഗ്രാമമായ മാധിലും സഞ്ചാരികള്‍ക്കായി താമസ സൗകര്യം ലഭ്യമാണ്.

സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

മൺസൂൺ വിരുന്നെത്തുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ മൽഷെജ് ഘട്ട് സന്ദർശിക്കാൻ പറ്റിയ സമയമാണ്. 

എങ്ങനെ എത്തും?

പൂനെ, താനെ ജില്ലകളുടെ അതിർത്തിക്കടുത്തായാണ് മാൽഷെജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. പൂനെയിൽ നിന്ന് 130 കിലോമീറ്റർ വടക്കും മുംബൈയില്‍ നിന്നും 154 കിലോമീറ്റര്‍ വടക്കുകിഴക്കുമാണ് ഇത്. താനെ ജില്ലയിലുള്ള കല്യാൺ, മുംബൈക്ക് സമീപമുള്ള കർജത്ത് എന്നിവയാണ് ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകള്‍. കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് കല്യാണിനും അഹമ്മദ്‌നഗറിനുമിടയിൽ പതിവായി പോകുന്ന സംസ്ഥാന ബസ്സുകളിൽ ഇവിടേക്ക് എത്താം.

ബസില്‍ വരുന്നവര്‍ക്ക് പൂനെയിലെ ജുന്നാറില്‍ ഇറങ്ങാം. റെയിൽവേ സ്റ്റേഷന് തൊട്ടടുത്താണ് ജുന്നാര്‍ സ്റ്റേറ്റ് ബസ് സ്റ്റേഷൻ. കല്യാണിൽ നിന്നാകട്ടെ, ഇവിടേക്ക് ബസില്‍ ഏകദേശം 1.5 മണിക്കൂർ എടുക്കും. 

റോഡ് മാർഗം മൽഷെജ് ഘട്ടിലേക്ക് പോകാൻ പൂനെയിൽ നിന്ന് പുണെ-നാസിക് ഹൈവേ വഴി നാരായന്‍ഗാവിലേക്ക് പോയി ഒട്ടൂരിലേക്കുള്ള വഴി തിരിയുക. ഇത് കല്യാൺ-അഹമ്മദ്‌നഗർ ഹൈവേയിൽ വച്ച് കല്യാണിലേക്ക് ചേരും. മുംബൈയിൽ നിന്ന് വരുന്നവര്‍ എൻ‌എച്ച് 3 വഴി ഭിവണ്ടിയിലേക്ക് പോയി മുർ‌ബാദിലേക്ക് തിരിയുക അല്ലെങ്കിൽ കല്യാൺ, മുർ‌ബാദ്, സരൽ‌ഗാവ്, വൈശാഖരെ വഴി സംസ്ഥാനപാതയിലൂടെയും പോകാം. മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചില്‍ സാധാരണമാണ്.

English Summary: Malshej Ghat in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com