9.02 കിലോമീറ്റർ നീളം; ‘അടല്‍ ടണല്‍’ ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ട്യൂബ് ടണൽ
Mail This Article
ഹിമാചല്‍പ്രദേശിലെ റോത്തങ്പാസിന് നേരെ താഴെ ലേ -മണാലി ദേശീയപാതയിലാണ് അടല്‍ ടണല്‍ ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും 10,000 അടിയിലേറെ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ട്യൂബ് ടണലിന് 9.02 കിലോമീറ്ററാണ് നീളം. എൻജിനീയറിങ് വിസ്മയമായ അടല്‍ ടണല്‍ സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹം കൂടിയാണ്.
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ദേശീയ പാതകളിലൊന്നാണ് ലേ -മണാലി ദേശീയപാത. ഈ പാത ചെന്നെത്തുന്ന ഹിമാലയത്തിലെ സ്ഥലങ്ങള്‍ തന്നെയാണ് അങ്ങനെയൊരു പെരുമ ലേ -മണാലി ദേശീയ പാതക്ക് നല്‍കിയത്. എങ്കിലും തിരക്കുള്ള സീസണുകളില്‍ ലാഹുള്‍ -സ്പിതിയിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക് പലപ്പോഴും പേടി സ്വപ്നമാവാറുണ്ട്.
മണിക്കൂറുകള്‍ നീളുന്ന ട്രാഫിക് ബ്ലോക്കുകള്‍ ഇവിടെ സാധാരണയായിരുന്നു. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന മണ്ണിടിച്ചിലും അപകടങ്ങളുമായിരുന്നു അതിന് കാരണം. മണ്‍സൂണ്‍ കാലത്ത് അനുഭവസമ്പന്നരായ ഡ്രൈവര്‍മാര്‍ക്ക് പോലും ഇതൊരു പേടിപ്പിക്കുന്ന വെല്ലുവിളിയായിരുന്നു. മഞ്ഞുകാലത്താണെങ്കില്‍ മണ്ണിടിച്ചിലിന് പകരം മഞ്ഞാണ് ഇടിയുകയെന്ന വ്യത്യാസം മാത്രം. ദുരിതം തന്നെയായിരുന്നു അപ്പോഴും ഫലം. അടല്‍ ടണലിന്റെ വരവോടെ ഇങ്ങനെയുള്ള പല യാത്രകളും ഭൂതകാല അനുഭവങ്ങള്‍ മാത്രമായി മാറി.
അടല്‍ ടണലിന് മുമ്പ് മണാലിയില്‍ നിന്നും കീലോങ് വരെ റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ ഏതാണ്ട് ആറ് മണിക്കൂര്‍ എടുത്തിരുന്നു. 116 കിലോമീറ്ററായിരുന്നു മറികടക്കേണ്ടിയിരുന്നത്. അതുപോലും ട്രാഫിക് ബ്ലോക്കുകളില്ലാത്ത സമയത്ത് മാത്രം. എന്നാല്‍ ഇന്ന് അടല്‍ ടണലിന്റെ തെക്കേ അറ്റത്തേക്ക് എത്താന്‍ മറികടക്കേണ്ടത് 24.4 കിലോമീറ്റര്‍ ദൂരം മാത്രം. ഇതില്‍ അടല്‍ ടണലിന്റെ 9.2 കിലോമീറ്റര്‍ വെറും 15 മിനിട്ടില്‍ മറികടക്കാം!
അടല്‍ ടണല്‍ കടന്നാല്‍ കീലോങ് 37 കിലോമീറ്റര്‍ എന്ന ബോര്‍ഡ് കാണാം. അതായത് ഒരു മണിക്കൂര്‍ കൂടി വാഹനം ഓടിച്ചാല്‍ നിങ്ങള്‍ കീലോങിലേക്കെത്തും. മണാലിയില്‍ നിന്നും കീലോങിലേക്ക് ആകെ എടുക്കുന്ന സമയം രണ്ട് മണിക്കൂര്‍. 116 കിലോമീറ്ററായിരുന്ന ദൂരം അടല്‍ ടണലിന്റെ വരവോടെ 71 കിലോമീറ്ററായി ചുരുങ്ങി. ഇതോടെ മൂന്ന് നാല് മണിക്കൂര്‍ സമയലാഭമാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. അതിനൊപ്പം ട്രാഫിക് ബ്ലോക്കിന്റെ അനിശ്ചിതത്വവും ഒഴിവായി.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ബഹുമാനാര്‍ഥമാണ് അടല്‍ ടണലിന് ആ പേര് നല്‍കിയിരിക്കുന്നത്. നിരവധി സഞ്ചാരികള്‍ അടല്‍ ടണല്‍ കാണാന്‍ തന്നെ വരുന്നുണ്ട്. ഗൈഡിന്റെ സഹായത്തോടെ അടല്‍ ടണല്‍ വിശദമായി അറിഞ്ഞു കാണാനുള്ള സൗകര്യവും സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇവിടെ ഒരുക്കിയിട്ടുമുണ്ട്.
English Summary: Here’s how Atal Tunnel changed our Lahaul-Spiti road trip experience