‘സീറോ സ്റ്റോൺ’, ഇന്ത്യയിൽ ഇതുപോലുള്ള കല്ലുകൾ ആകെ 80 എണ്ണം മാത്രം

Mail This Article
ഉച്ചയ്ക്ക് രണ്ടു മണികഴിഞ്ഞുള്ള നല്ലോരു മുഹൂർത്തം. നാടുചുറ്റിക്കാണാൻ പറ്റിയ ടൈം ! വെയിലേറ്റ് കറുത്ത് കരിവാളിച്ച് പോവുമെന്ന് ഉറപ്പ്. പക്ഷേ തലയ്ക്കകത്ത് ഓളം തള്ളിത്തുടങ്ങിയാൽ എന്തുചെയ്യും. അത്തരമൊരു യാത്രയാണിത്. ഈ യാത്രയ്ക്കൊരു പ്രത്യേകതയുണ്ട്. ‘സീറോ സ്റ്റോൺ’ കാണാനുള്ള യാത്രയാണിത്. ഇന്ത്യയിൽ ഇതുപോലുള്ള കല്ലുകൾ ആകെ 80 എണ്ണം മാത്രമേയുള്ളൂ. അതിൽ എത്രയെണ്ണെ ബാക്കിയുണ്ടെന്ന് അറിയില്ല. ഇവിടെ യാത്ര തുടങ്ങുകയാണ്.

∙ ഒരു കല്ലുംതേടി നടപ്പ് !
റെയിൽവേ സ്റ്റേഷൻ റോഡിൽ സോമവാർപേട്ടിലെ പഴയ ജില്ലാപഞ്ചായത്ത് ഓഫിസിനുസമീപത്തൊരു കുഞ്ഞു ഹോട്ടൽ. ശബരി വെജ്. ഈ ഹോട്ടലിൽനിന്ന് ഇഡ്ഡലിയുംവടയും കഴിച്ച് പുറത്തേക്കിറങ്ങി വെറുതേ റോഡിന്റെ ഇരുവശത്തേക്കും നോക്കി. രാജാപാർട്ട് നാടകത്തിനു സെറ്റിട്ടപോലത്തെ സെറ്റപ്പ് ! പുണ്യപുരാതന കാലത്തെ കെട്ടിടങ്ങൾ. രണ്ടുനിലയുള്ള ഓടിട്ട കെട്ടിടങ്ങൾ. കരിങ്കൽ ഭിത്തികൾ. പലതും നൂറുവർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ. അതിലൊക്കെ ആൾത്താമസവുമുണ്ട്. ആൾത്താമസമില്ലാത്തവ പൊടി മൂടി കിടക്കുകയാണ്. അങ്ങനെ തലയുയർത്തിനിൽക്കുന്ന പഴയൊരു കെട്ടിടമാണ് പൂനെയുടെ പഴയ ജില്ലാപഞ്ചായത്ത് ഓഫിസും.

പെട്ടന്നാണ് മനസ്സിലോർത്തത്. ഇതു പൂനെയാണ്. ചരിത്രത്തെ ഇത്രയും സ്നേഹിക്കുന്ന വേറെ മനുഷ്യരുണ്ടാവില്ല. മറാഠക്കാരുടെ സ്വന്തം ‘പൂണെ’. ഛത്രപതി ശിവജി മഹരാജിന്റെ ധീരകഥകൾ മനസ്സിലോർക്കാതെ ‘പൂണെ’യിലൂടെ നടക്കാൻ പറ്റില്ല. കാരണം, റോഡിലെ ഓരോ നൂറുമീറ്ററിലും ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലക്സുണ്ട്. മരിച്ച് നൂറ്റാണ്ടുകൾക്കുശേഷം ശിവജി നാട്ടുകാർക്കിടയിൽ ഇത്രയ്ക്ക് ഓളമുണ്ടാക്കുന്നുണ്ടെങ്കിൽ ജീവിച്ചിരുന്ന കാലത്ത് എന്തായിരിക്കും അവസ്ഥ ! മരണമാസ് എന്നതിന്റെയൊക്കെ അർഥം ഇതാണ്. ഇതല്ലെങ്കിൽ മറ്റെന്താണ് !

∙ ചൂടിലും വിയർക്കാതെ പൂനെ
ചുട്ടുപൊള്ളുന്ന വെയിലുണ്ടെങ്കിലും പൂനെയുടെ തെരുവുകളിൽ ചൂടങ്ങട്ട് എശുന്നില്ല. ഇഷ്ടം പോലെ മരങ്ങളും മലനിരകളുമുണ്ട്. അധികം മരങ്ങളൊന്നും വെട്ടിനീക്കിയിട്ടില്ല. കുന്നുകൾ ഇടിച്ചുനിരത്തിയിട്ടുമില്ല.
ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് റോട്ടിലിറങ്ങി നടക്കാൻ തലയ്ക്ക് ഓളമുണ്ടോ എന്നാണ് ചിന്ത. ഇത്തിരി ഓളമുള്ളതുകൊണ്ടാണല്ലോ ഈ വേനലിൽ പൂനെയിലെ തെരുവുകളിൽ തെണ്ടിത്തിരിയാനിറങ്ങിയത്.

പഴയ ജില്ലാ പഞ്ചായത്ത് ഓഫിസിനു സമീപത്തുകൂടി റോഡിന്റെ ഒരു സൈഡ് പിടിച്ചങ്ങനെ നടന്നു. ബാബാ സാഹിബ് അംബേദ്കർ ചൗക്ക് ജംക്ഷനിലാണ് എത്തിയത്. തൊട്ടടുത്ത് പുതിയ ജില്ലാപഞ്ചായത്ത് കെട്ടിടവും കലക്ടറേറ്റുമൊക്കെ ആകാശം തൊട്ടുനിൽപ്പുണ്ട്.
നാലഞ്ചു റോഡുകൾ കൂടിയൊരു ജംക്ഷനാണിത്. ജംക്ഷനിലേക്ക് കയറാൻ ഒരു ചെറിയൊരു കയറ്റമുണ്ട്. ഈ ജംക്ഷൻ എന്തിനാണ് ഇത്രയ്ക്കു മുകളിൽ കയറ്റിവച്ചതെന്നു നോക്കിയപ്പോഴാണ് താഴേക്കുള്ള വഴി കണ്ടത്. ജംക്ഷന് അടിയിലൂടെ ഒരു അടിപ്പാതയുണ്ട്. റോഡ് മുറിച്ചുകടക്കാനുള്ള നടപ്പാതയാണ്.
ചുമരിൽ തൊടാതെ അകത്തേക്കുകയറി. ചുമരു കണ്ടാൽ ‘മുറുക്കി ച്ചുവന്നതോ’ എന്ന പഴയ പാട്ടാണ് ഓർമവരിക. അതോ തുപ്പിച്ചുവപ്പിച്ചതോ !
ജംക്ഷനുകീഴെ അടിപ്പാതയ്ക്കകത്ത് ഗംഭീര കച്ചോടംനടക്കുന്നുണ്ട്. ഡിടിപി സെന്റർ, ഫോട്ടോസ്റ്റാറ്റ് കട തുടങ്ങിയ സെറ്റപ്പുകൾ. ജില്ലാപഞ്ചായത്തിലേക്കും സിവിൽസ്റ്റേഷനിലേക്കുമുള്ള അപേക്ഷകൾ ടൈപ്പ് ചെയ്തുകൊടുക്കൽ, പകർപ്പെടുക്കൽ തുടങ്ങിയ കലാപരിപാടികളാണ്. ഒരൊറ്റ കടയുടെയും പേര് ഇംഗ്ലിഷിലല്ല. ഹിന്ദിയിലോ മറാട്ടിയിലോ ആണ്. പക്ഷേ എഴുത്തുമാത്രമേ ഹിന്ദിയും മറാട്ടിയിലുമുള്ളൂ. ‘ടൈപ്പ് റൈറ്റിംഗ്’ എന്നും ‘ഫൊട്ടോസ്ടാട്ട്’ എന്നുമൊക്കെ ഹിന്ദിയിലും മറാട്ടിയിലുമെഴുതി വച്ചതാണ്. നമിക്കണമണ്ണാ.. നമിക്കണം !

∙ നടപ്പിനൊടുവിൽ
ജംക്ഷനിൽനിന്ന് പിന്നെയും മുന്നോട്ടു നടന്നു. ഫിനാൻസ് റോഡെന്നാണ് റോഡിന്റെ പേര്. അടിച്ചുവാരി നല്ലപോലെ വൃത്തിയാക്കിയിട്ട റോഡാണ്. പക്ഷേ റോഡരികിൽ നാട്ടുകാരൊഴിച്ച മൂത്രത്തിന്റെ ഗന്ധമിങ്ങനെ വെയിലത്ത് മൂക്കിലേക്ക് തുളച്ചുകയറുകയാണ്. റോഡിലൂടെ മുന്നോട്ടു നടക്കുമ്പോഴാണ് പൂനെ ഹെഡ് പോസ്റ്റോഫിസ് ജംക്ഷനിലെത്തിയത്.
പൂനെ ഹെഡ്പോസ്റ്റ്ഓഫീസ്. 411001 എന്ന പിൻകോഡ് നെറ്റിയിലെഴുതി വച്ചിട്ടുണ്ട്.

പോസ്റ്റോഫിസിനോടുചേർന്നുള്ള മതിലിന്റെ ഓരംചേർന്നാണ് നടപ്പ്. അഗാർക്കർ ജംക്ഷനിൽനിന്ന് വലത്തോട്ട് സാധു വസ്വാനി റോഡിലേക്ക് തിരിഞ്ഞയുടനെ ഫുട്പാത്തിൽ നിറയെ മരങ്ങൾ കാണാം. വേരുകൾ താഴേക്ക് ജഡപിടിച്ച് നീണ്ടുകിടക്കുന്ന ആൽമരങ്ങൾ. നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാവും ഈ മരങ്ങൾക്ക്. ഒരു മരത്തിനുതാഴെ പൂനെ സീറോ കിലോമീറ്റർ എന്നെഴുതിയ വലിയൊരു ബോർഡ്.
പിന്നെയും മുന്നോട്ടു നടക്കുമ്പോഴാണ് റോഡരികിൽ ആ കല്ല് ഇരിക്കുന്നത്. പോസ്റ്റ് ഓഫിസിനു തൊട്ടുമുന്നിലായി മതിലിനോടു ചേർന്ന് ഒരു കല്ല്.
കല്ലിനുമുകളിൽ ‘സീറോ സ്റ്റോൺ’ എന്ന് ഇംഗ്ലിഷിൽ എഴുതിയിട്ടുണ്ട്. താഴെ പൂന ബാംഗളൂർ, പൂന ഷോലാപൂർ, പൂന അഹമ്മദ് നഗർ, പൂന നാസിക് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള റോഡുകളുടെ പേര് എഴുതിവച്ചിട്ടുണ്ട്.

∙ ഒരു കല്ലിന്റെ കഥ, അഥവാ 80 കല്ലുകളുടെ കഥ
എന്താണ് വെയിലത്ത് തേടിവരാൻ മാത്രം ഈ കല്ലിനൊരു പ്രത്യേകത ?
ഈ സീറോ സ്റ്റോൺ പൂനെ നഗരത്തിന്റെ ഹൃദയബിന്ദുവാണ്. 19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇന്ത്യയൊടുക്കും ഒരു ട്രിഗ്ണോമെട്രിക്കൽ സർവേ നടത്തിയിരുന്നു. 1802 ഏപ്രിൽ പത്തിനാണ് ലെഫ്റ്റനന്റ് കേണൽ വില്യം ലാംബ്ടൺ ഈ വമ്പൻ സർവേയ്ക്ക് തുടക്കമിട്ടത്. 1871ലാണ് കേണൽ സർ ജോർജ് എവറസ്റ്റ് ഈ സർവേ പൂർത്തിയായതായി പ്രഖ്യാപിച്ചത്.
ഇന്നു നമ്മൾ ഉപയോഗിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂപടത്തിന്റെ അടിസ്ഥാനം ഈ സർവേ ആണ്. അക്ഷാംശവും രേഖാംശവും അളന്നുതിരിച്ചുള്ള സർവേ. ഈ സർവേയിലൂടെയാണ് ഹിമാലയത്തിന്റെ ഉയരം കൃത്യമായി രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ ഉയരം തിട്ടപ്പെടുത്തിയതും ഈ സർവേയിലൂടെയാണ്. സർവേയ്ക്ക് അവസാനനേതൃത്വം നൽകിയ ജോർജ് എവറസ്റ്റിന്റെ പേര് കൊടുമുടിക്ക് നൽകിയതും ചരിത്രമാണ്.

ഈ സർവേയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നഗരങ്ങളുടെ ഹൃദയഭാഗങ്ങളിലായി 80 സീറോ സ്റ്റോണുകളാണ് അന്നു സ്ഥാപിച്ചതത്രേ. അവയുടെ മേൽനോട്ടം തപാൽഓഫിസുകൾക്കുമാണ്.
ഇടക്കാലത്ത് നാട്ടുകാര് മുറുക്കിത്തുപ്പി ചുവപ്പിച്ച ഈ കല്ല് പിന്നീട് സർക്കാർ സംരക്ഷിക്കുകയായിരുന്നു. കല്ലിനു സമീപത്തെ ഫുട്പാത്തിൽ ഇരിപ്പിടങ്ങളൊരുക്കിയിട്ടുണ്ട്. സീറോ സ്റ്റോണിന്റെ കഥ പറയുന്ന ശിലാലിഖിതകളും പ്രതിമകളുമൊക്കെ സ്ഥാപിച്ചിട്ടുണ്ട്. തുറന്നുകിടക്കുന്ന സ്ഥലത്താണ് ചരിത്രശേഷിപ്പ് നിൽക്കുന്നത് എന്നതുകൊണ്ട് അഞ്ചുപൈസ ഫീസു കൊടുക്കാതെ ഫ്രീയായി കാണാം. തൊട്ടുനോക്കാം.

കഥയവിടെ നിൽക്കട്ടെ. പൂനെയിലെ തെരുവോരത്ത് ചരിത്രമാലോചിച്ച് വെറുതേയെന്തിനു വെയിലുംകൊണ്ട് കയിലുംകുത്തി നിൽക്കുന്നു ! അതുകൊണ്ട് ഞമ്മള് പതുക്കെ നടന്നുനീങ്ങുകയാണ്.