ADVERTISEMENT

പുഴ അഴിമുഖത്തോടു ചേരുമ്പോൾ കടൽ നൽകുന്ന സമ്മാനമാണു കണ്ടൽക്കാടുകൾ എന്നു തോന്നും. അത്രയും സന്തോഷം നിറയ്ക്കുന്ന പച്ചപ്പാണ് കണ്ടലുകൾ കണ്ണിനു പകരുന്നത്. അടുത്ത മാസങ്ങളിൽ കണ്ടൽക്കാടു കണ്ട്, ഒരു തുഴ വെള്ളത്തിൽ വീഴുന്നതിന്റെ ശബ്ദം കേട്ട്, പേരറിയാ കിളികളെ കണ്ട് പോകാനൊരു സ്ഥലമുണ്ട്. അതാണു കടലുണ്ടി കമ്യൂണിറ്റി റിസർവ്. നവംബർ മുതൽ ഏപ്രിൽ വരെ ദേശാടനക്കിളികൾ എത്തുന്ന സമയമാണ്. അപ്പോ തിരക്കിൽ നിന്നൊഴിഞ്ഞ് ഒരു തോണിപിടിച്ച് കണ്ടലുകളെ കാണാൻ പോകാം… 

Kadalundi-travel6

കോഴിക്കോട് യാത്രയിൽ സഞ്ചാരികൾ  ഇടത്താവളമാക്കേണ്ട ഇടമാണു കടലുണ്ടി.  ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട കമ്യൂണിറ്റി റിസർവുകളിലൊന്നാണ് കടലുണ്ടിയിലേത്.  ചുറ്റുമുള്ള താമസക്കാരുടെ സഹകരണത്തോടെ പ്രകൃതിയെ സംരക്ഷിക്കുവാനും അവർക്ക് പരിസ്ഥിതിയെ നോവിക്കാതെ ഉപജീവനം കഴിക്കാനും വിഭാവനം ചെയ്യപ്പെട്ടവയാണു കമ്യൂണിറ്റി റിസർവുകൾ. വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് പരിപാലനവും മറ്റും. 

Kadalundi-travel6

കമ്യൂണിറ്റി റിസർവിന്റെ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.ശിവദാസൻ  ചേട്ടൻ ഞങ്ങൾ ചെല്ലുമ്പോൾ ഇക്കഥകളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. സിദ്ദിഖ് ഇക്കായുടെ തോണിയിലാണു ഞങ്ങൾ കയറിയത്. ടാർപോളിൻ കൊണ്ടുള്ള മേൽക്കൂരയുള്ള വലിയ വഞ്ചി. ചിരിയോടെ  സ്വീകരിച്ച് മുളക്കാലുകൊണ്ട് വഞ്ചിയൂന്നി സിദ്ദിഖ് ഇക്ക ഞങ്ങളെ പുഴയുടെ മാറിലേക്കിറക്കി.  

Kadalundi-travel7

അഴിമുഖത്തിന്റെ ദൂരക്കാഴ്ച കിട്ടുന്നുണ്ട്. റയിൽപാലത്തിലൂടെ ട്രെയിനുകൾ ഇരമ്പിപ്പായുന്നു. തോണി പുഴയുടെ നടുവിലൂടെ ശാന്തമായി ഒഴുകി.  ഇടതൂർന്നു വളരുന്ന കണ്ടൽക്കാടുകൾക്കടുത്തേക്ക് പലപ്പോഴും തോണിയടുപ്പിച്ച് ഇക്ക അതേത് കണ്ടൽ ആണെന്ന് പറഞ്ഞുതരുന്നുണ്ടായിരുന്നു. കണ്ടലുകളുടെ ഇനങ്ങളുടെയും അവയുടെ കായകളുടെ പ്രത്യേകതകൾ എന്നിവയൊക്കെ അടുത്തറിയാൻ സഞ്ചാരികൾക്കു സാധിക്കും.  

Kadalundi-travel4

കടലുണ്ടി- വള്ളിക്കുന്ന്  കമ്മ്യൂണിറ്റി റിസർവ്  രണ്ടു ജില്ലകളുടെ അതിർത്തിയിലാണ്.  കടലുണ്ടി കോഴിക്കോടും, വള്ളിക്കുന്ന് മലപ്പുറത്തും. ഇവിടത്തുകാരും വനംവകുപ്പിലെ ഒരുദ്യോഗസ്ഥനും അടങ്ങുന്നതാണു കമ്യൂണിറ്റി റിസർവിന്റെ പരിപാലന കമ്മിറ്റി.  ഒന്നര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മുഴുവൻ കണ്ടലുകൾ അല്ല കേട്ടോ. ഇടയിൽ മനുഷ്യവാസമുള്ള ദ്വീപുകളുമുണ്ട്. വലിയൊരാൽമരം പോലെ പടർന്നു കിടക്കുന്ന കണ്ടൽക്കാടിനുള്ളിലേക്ക് ചില ചെറു വഴികളുണ്ട്. വേലിയിറക്കമായതിനാൽ നമുക്കവിടേക്കു പോകാനൊക്കില്ലെന്ന് ഇക്ക പറയുന്നു. ഒരു ചെറു പിച്ചാവരം മാതൃകയിലാണ് ഈ യാത്ര. മോട്ടോർ ബോട്ടുകൾക്കു പകരം തുഴയുന്ന പരമ്പരാഗത വള്ളങ്ങളാണെന്നു മാത്രം. അവയാണു പരിസ്ഥിതിക്കു ചേർന്നതും. എട്ടിനം കണ്ടലുകൾ ഇവിടെയുണ്ടെന്ന് ശിവദാസേട്ടൻ പറയുന്നു. 2007 ൽ ആണ് കമ്യൂണിറ്റി റിസർവ് രൂപീകരിക്കുന്നത്.

Kadalundi-travel5

പക്ഷിപ്രേമികൾക്ക് കടലുണ്ടി സ്വർഗമാണ്. നൂറ്റിപ്പത്തുതരം കിളികൾ. അതിൽ 53 എണ്ണം വിദേശികൾ. സാൻഡ് പ്ലോവർ തുടങ്ങിയ ചെറുകിളികളുടെ പ്രിയ ഇടമാണു കടലുണ്ടി. അതുപൊലൊരു കുഞ്ഞുകിളിയെ അകലെ കാണുന്നുണ്ട്. സിദ്ദിഖ് ഇക്ക തോണി നിശബ്ദമായി തീരത്തൊതുക്കിത്തന്നു. വിജേഷ് വള്ളിക്കുന്ന് എന്ന പരിസ്ഥിതി ഫൊട്ടോഗ്രഫർ കിളിയുടെ ചലനങ്ങൾ പകർത്തുന്ന തിരക്കിലാണ്. 

Kadalundi-travel3

കണ്ടലിന്റെ താഴെ ചളിയിൽനിന്നു കൂർത്ത മുള്ളുകൾപോലെ കുഞ്ഞുകണ്ടലുകൾ ഉയർന്നു വരുന്നുണ്ട്. ചെറിയ ദ്വീപുകളുടെ അതിർത്തിയിൽ തെങ്ങിൻ വേരുകളോടു ചേർന്ന പൊത്തുകളിൽ ഭംഗിയുള്ള ഞണ്ടുകൾ…. ദേശാടനക്കാലത്തിനു മുൻപേ നാടുകാണാനെത്തുന്ന ദൂതരെപ്പോലെ അവിടവിടെയായി ദേശാടനക്കിളികൾ….  ഇരവിഴുങ്ങി നിൽക്കുന്ന ഞാറ,  ചതുപ്പുകളിൽ ഇൻസ്റ്റലേഷൻ പോലെ മരരൂപങ്ങൾ… ഇതെല്ലാം ആസ്വദിച്ച് ഒരു മണിക്കൂർ കടലുണ്ടിപ്പുഴയിലൂടെയൊഴുകാം. പ്രണയിതാക്കളെത്തുന്ന കടലുണ്ടി കുടുംബയാത്രികർക്കും  ഒരു പോലെ പ്രിയപ്പെട്ടതാണ്. കടലുണ്ടിക്കടവിൽ കടലിലേക്കു തള്ളിനിൽക്കുന്ന പാറക്കൂട്ടത്തിനടുത്തുവച്ച് സുന്ദരമായ സായാഹ്നമാസ്വദിക്കാം. 

Kadalundi-travel2

വിദ്യാർഥികൾക്ക് ഒരു പകൽ  പഠനയാത്രയ്ക്കുള്ള സൗകര്യവും കമ്യൂണിറ്റി റിസർവ് ഒരുക്കുന്നു. ചുരുക്കത്തിൽ എല്ലാവർക്കും ഇഷ്ടമാകും കടലുണ്ടിയിലെ കണ്ടൽക്കാടിനെ. 

Kadalundi-travel

ഒരു മണിക്കൂർ വഞ്ചിയാത്രയ്ക്ക് എണ്ണൂറൂ രൂപയാണു നിരക്ക്. 

കോഴിക്കോട് ആണ്  അടുത്തുള്ള  പ്രധാനപട്ടണം. 

Kadalundi-travel10

താമസസൗകര്യം - കടലുണ്ടിപ്പുഴയുടെ തീരത്ത് ഹോംസ്റ്റേകൾ ഉണ്ട്. എസിമുറികളും ലഭിക്കും.

ഫറോഖിലും കടലുണ്ടിയിലും സ്വകാര്യഹോട്ടലുകളെയും ആശ്രയിക്കാം. 

ആഹാരം- കടലുണ്ടിക്കടവിലെ ബാലേട്ടന്റെ കടയിൽനിന്ന് പൊരിച്ചമീൻ കൂട്ടി ആഹാരം  കഴിക്കാൻ മറക്കരുത്. 

റൂട്ട്- കോഴിക്കോട്- ചെറുവണ്ണൂർ- കടലുണ്ടി 20 Km

കൂടുതൽ വിവരങ്ങൾക്ക്- പി. ശിവദാസേട്ടനെ വിളിക്കാം. 

9446185250

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com