ADVERTISEMENT

 അറബിക്കടലിന്റെ കൂട്ടുകാരി അഷ്ടമുടിക്കായൽ തൊട്ടരികിൽ ചേർത്തു വയ്ക്കുന്നൊരു ഗ്രാമം- സാമ്പ്രാണിക്കോടി. പ്രകൃതിയുടെ മനോഹാരിത കൊണ്ടു വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന തീരം. അറബിക്കടലിലെ തിരമാലകളും അഷ്ടമുടിയിലെ ഓളങ്ങളും ഗ്രാമത്തിന്റെ മുഖശ്രീയെങ്കിൽ, അധികൃതരുടെ ശ്രദ്ധ അത്രമേൽ പതിയാത്ത നാട്ടിൻപുറമെന്ന ദുഃഖവും ഇവിടത്തെ ജനതയ്ക്കുണ്ട്.

kollam-sambranikodi-2

തൃക്കരുവ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡാണു സാമ്പ്രാണിക്കോടി. പ്രാക്കുളത്തിന്റെ തെക്കേ മുനമ്പ്. പണ്ടു കാലത്ത്, ചെറുകപ്പലുകൾ ചരുക്കു കയറ്റാനും ഇറക്കാനും നങ്കൂരമിട്ടിരുന്ന തീരം. അക്കാലത്ത് ഇവിടെ വന്നിരുന്ന ചൈനീസ് ചെറുകപ്പലുകളുടെ വിളിപ്പേരത്രെ ചാമ്പ്രാണി. അങ്ങനെ സാമ്പ്രാണിക്കോടി എന്നു പേരു വന്നുവെന്നു വായ്മൊഴി. സാമ്പ്രാണി എന്ന മരം ഉണ്ടായിരുന്ന കോണിനു സാമ്പ്രാണി എന്നു പേരു വന്നെന്നു വേറൊരു മൊഴി. എന്തായാലും, സാമ്പ്രാണിയുടെ സൗന്ദര്യം ഗംഭീരം തന്നെ.

kollam-sambranikodi-island

മത്സ്യത്തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനു വിനോദസഞ്ചാരികളാണു കാഴ്ചകൾ കാണാനെത്തുന്നത്. റോഡിലൂടെയും കായലിലൂടെയും ഇവിടെയെത്താം. അഞ്ചാലുംമൂട്ടിൽനിന്നു സാമ്പ്രാണിക്കോടിയിലെത്തുമ്പോൾ ആദ്യം കാണുക സാമ്പ്രാണിക്കോടി മത്സ്യലേല ഹാളാണ്. കായൽ മത്സ്യങ്ങളുടെ കലവറയാകും പുലർച്ചെ ലേലഹാൾ. രാവിലെ 6 ന തുടങ്ങും. ഒരു മണിക്കൂറിനകം വിറ്റഴിയും. ധാരാളം മത്സ്യത്തൊഴിലാളികൾ ഇവിടെ വരുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവ്.

kollam-dtpc-office

ജലഗതാഗത വകുപ്പിന്റെ കൊല്ലം- സാമ്പ്രാണിക്കോടി ബോട്ടിലും വഞ്ചിവീടുകളിലും കാറുകളിലുമായി നൂറുകണക്കിനു വിദേശ- ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഒരു ശുചിമുറി പോലും ഇവിടെ നിർമിച്ചിട്ടില്ല. ശുചിമുറി നിർമിക്കാൻ ടൂറിസം വകുപ്പ്  7 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്തി നൽകാൻ ഗ്രാമപഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. പ്രാഥമികാവശ്യങ്ങൾക്കു സൗകര്യമില്ലാതെ നട്ടം തിരിയുന്ന വിനോദസഞ്ചാരികൾക്ക് ആശ്രയം തൊട്ടടുത്തുള്ള കായൽത്തീരം റസ്റ്ററന്റ് ആണ്.

ഡിടിപിസി കരാർ നൽകിയിരിക്കുന്നതാണ് ഈ കെട്ടിടം. രുചികരമായ കായൽവിഭവങ്ങൾ തേടി ഈ റസ്റ്ററന്റിൽ യാത്രികർ എത്താറുണ്ട്. മൺറോത്തുരുത്ത് കേന്ദ്രീകരിച്ചു വികസിക്കുന്ന കായൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാവുന്ന ഗ്രാമമാണിത്. പക്ഷേ, അധികൃതർക്ക് അതിന്റെ പൊരുളും സാധ്യതയും ഇന്നും മനസ്സിലായിട്ടില്ല. രാത്രി അതിൽ പ്രകാശം പരക്കും. രണ്ടേക്കറോളം വരുന്ന ദ്വീപാണിത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായൽ ഡ്രജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ അതൊരു ദ്വീപായി.  വേലിയേറ്റ സമയത്തുപോലും ഇവിടെ മുട്ടിനു താഴെ വെള്ളമേ കാണൂ. വേലിയിറക്ക സമയത്തു കരഭൂമി തെളിഞ്ഞു നിൽക്കും. നിത്യേന ധാരാളം വിനോദസഞ്ചാരികളാണ് ഈ ദ്വീപിലെത്തുന്നത്. ഡിടിപിസി തയാറാക്കിയ ഫ്ലോട്ടിങ് ബോട്ടുജെട്ടിയിൽ ഇറങ്ങിയാൽ ദ്വീപിൽ കാൽ നനച്ചു ചുറ്റി നടക്കാം. കക്കയും ചിപ്പിയും പെറുക്കി നടക്കാം. ചുറ്റുപാടും അഷ്ടമുടിയുടെ വിശാല സൗന്ദര്യം. 

kollam-chippi-kakka

തൊട്ടപ്പുറത്ത് അറബിക്കടൽ. മൺറോത്തുരുത്തിലേക്കുള്ള വഞ്ചിവീടുകൾ കടന്നുപോകുന്ന പ്രധാന പോയിന്റ് കൂടിയാണ് ഈ ദ്വീപ്. മഞ്ഞ കണ്ടൽ ഉൾപ്പെടെ 9 ഇനം അപൂർവ കണ്ടൽച്ചെടികൾ ഇവിടെ തഴച്ചു വളരുന്നു. പുതിയ ബൈപാസ് റോഡിലെ കുരീപ്പുഴ പാലത്തിൽ നിന്നു നോക്കിയാൽ ദ്വീപിന്റെ ആകാശക്കാഴ്ച കാണാം. ദ്വീപ് ഇപ്പോൾ ഡിടിപിസി യുടെ നിയന്ത്രണത്തിലാണ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടേക്കു വള്ളത്തിൽ വരാം. സന്ധ്യയ്ക്കു മുൻപു മടങ്ങണം. സൂര്യാസ്തമയം കാണാൻ പറ്റിയ സ്ഥലം. കടലും കായലും കൺകുളിർക്കെ കണ്ട്, നല്ല കാറ്റേറ്റ് കുറച്ചു നേരം ചെലവിടാൻ നാട്ടുകാർ വിനോദസഞ്ചാരികളെ സ്നേഹത്തോടെ ക്ഷണിക്കുന്നു. 

അരികെ മറുകര, പാലം അകലെ

ഒരു പാലം വന്നാൽ ഈ ഗ്രാമത്തിന്റെ മുഖച്ഛായയാകെ മാറും. സാമ്പ്രാണിക്കോടി മേലേമുക്കിൽനിന്ന് അക്കരെ കുരീപ്പുഴ കടവിലേക്കു  330 മീറ്റർ നീളത്തിൽ പാലം നിർമിച്ചാൽ നാട്ടുകാർ ഇങ്ങനെ ചുറ്റിക്കറങ്ങേണ്ടി വരില്ലായിരുന്നു. കാവനാട്, ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിലേക്കു ഇവിടെ നിന്നു ധാരാളം പേർ തൊഴിലിനായും മറ്റും പോകുന്നുണ്ട്. അര കിലോമീറ്ററിൽ താഴെ ദൂരെയുള്ള സ്ഥലത്തേക്കു പത്തു പതിനഞ്ചു കിലോമീറ്റർ ചുറ്റിക്കറങ്ങാനാണു നാട്ടുകാരുടെ വിധി. പുതിയ കൊല്ലം ബൈപാസ് റോഡ് വഴി കുരീപ്പുഴയിലെത്തണം. ബൈപാസ് വരുന്നതിനു മുൻപ് അതിലും ദൂരം ചുറ്റിക്കറങ്ങണമായിരുന്നു.

kollam-boat-jetty

തൃക്കരുവ വികസന സമിതി നേരത്തെ പാലം ആവശ്യപ്പെട്ട് എം. മുകേഷ് എംഎൽഎയ്ക്കു നിവേദനം നൽകിയിരുന്നു. പാലം  പ്രതീക്ഷിച്ചു കാത്തിരിപ്പാണു ഗ്രാമവും ഗ്രാമവാസികളും. തൃക്കരുവ ഗ്രാമപഞ്ചായത്തിനാകെ ഗുണം ചെയ്യുന്നതാകും ഇത്. അഞ്ചാലുംമൂട് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനും കുറച്ചു പരിഹാരമാകും. ദീർഘദൂര യാത്രക്കാർക്കു ബൈപാസിലൂടെ ഈ പാലം കടന്നും സാമ്പ്രാണിക്കോടിയിലെത്താം. 

അകന്നുപോയ ജങ്കാർ

കാവനാട് കണിയാംകടവിൽനിന്നു സാമ്പ്രാണിക്കോടിയിലേക്കുള്ള ജങ്കാർ സർവീസിന്റെ കഥ കേട്ടാൽ മതി, അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മയ്ക്കു തെളിവായി. 2015 മേയ് മാസത്തിൽ ജങ്കാർ സർവീസ് തുടങ്ങി. മാസങ്ങൾക്കകം അതു നിലച്ചു. കായലിൽ സർവീസ് നടത്താനുള്ള ജങ്കാർ അല്ലായിരുന്നുവത്രെ എത്തിച്ചത്.നഷ്ടമാണെന്നു പറഞ്ഞു കരാറുകാരൻ ഇട്ടിട്ടു പോയി.

നീണ്ടകര തുറമുഖത്തുനിന്നു മീനെടുക്കാൻ പോകുന്ന മത്സ്യവിൽപനക്കാർക്കും യാത്രക്കാർക്കും പ്രയോജനമായിരുന്നു ജങ്കാർ. ഇത് ഇല്ലാതായതോടെ അവർ അഞ്ചാലുംമൂട് വഴി ചുറ്റിക്കറങ്ങിപ്പോകുന്നു. 40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ജങ്കാർ ജെട്ടി നോക്കുകുത്തിയായി നിൽക്കുന്നു.

ബസ് സ്റ്റാൻഡുണ്ട്,  അങ്ങു ദൂരെ..

കെഎസ്ആർടിസി - സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ബസ് സ്റ്റാൻഡ് എന്ന നാട്ടുകാരുടെ ആവശ്യം ഇന്നും സ്വപ്നമായി തുടരുന്നു. സാമ്പ്രാണി കടവിൽ നിന്ന് 200 മീറ്റർ ദൂരെയാണ് ഇപ്പോൾ ബസുകൾ നിർത്തിയിടുന്നത്. അവിടെ വരെയേ സർവീസ് ഉള്ളൂ. ഇത്തിരി കൂടി മാറി കടവിനടുത്തു സ്ഥലം കണ്ടെത്തിയാൽ സ്റ്റാൻഡ് നിർമിക്കാവുന്നതേയുള്ളൂ. ബോട്ടിറങ്ങി വരുന്നവർക്കും ബോട്ടു കയറാൻ വരുന്നവർക്കും വിനോദസഞ്ചാരികൾക്കും അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com