കൊച്ചിയിൽ ചിറ്റൂര്‍ കൊട്ടാരത്തിലെ രാജാവാകാം, ഒരാൾക്ക് കൊട്ടാരം മുഴുവനായി ബുക്ക് ചെയ്യാം!

Mail This Article
സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് രാജാവിനെ പോലെ ജീവിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടോ നിങ്ങള്‍ എപ്പോഴെങ്കിലും? ആ സ്വപ്നം പൂവണിയാന്‍ ദൂരെയെങ്ങും പോകേണ്ട, നേരെ വണ്ടിയുമെടുത്ത് കൊച്ചിയിലേക്ക് വിട്ടാല്‍ മതി! ചിറ്റൂര്‍ കൊട്ടാരത്തിലെ മഹാരാജാവായി ആഡംബരങ്ങള്‍ക്ക് നടുവില്‍ താമസിക്കാം! ഒരു സമയം ഒരു ബുക്കിങ് മാത്രമേ എടുക്കുള്ളൂ. പരമാവധി ആറുപേർക്കു വരെ താമസിക്കാം. ബുക്കിങ് നേടിയാൽ കൊട്ടാരത്തിന്റെ സൗകര്യം മുഴുവനായും ഉപയോഗിക്കാം. രാജാവും രാഞ്ജിയുമായി കൊച്ചിയിലെ ഇൗ കൊട്ടാരത്തിൽ കഴിയാം.

കൊച്ചി മഹാരാജാവിന് താമസിക്കാനായി നിർമിച്ചതാണ് ഈ കൊട്ടാരം. ഇതിനടുത്തായി, രാജാവിന്‍റെ പരദേവതയായ ശ്രീകൃഷ്ണനെ കുടിയിരുത്തി നിര്‍മിച്ച ഒരു ക്ഷേത്രമുണ്ട്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു രാജാവ്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇവിടെത്തന്നെ താമസിക്കണമെന്ന് രാജാവിന് ഒരു തോന്നലുണ്ടായി. അങ്ങനെ ആരാധനാമൂര്‍ത്തിയുടെ നടയില്‍ നിന്നും വെറും അമ്പതു വാര അകലെയായി അദ്ദേഹം പണികഴിപ്പിച്ചതാണ് ചിറ്റൂര്‍ കൊട്ടാരം.

പ്രൗഢഗംഭീരം ഇൗ കൊട്ടാരം
മൂന്നു നൂറ്റാണ്ടിന്‍റെ പഴമ പേറി, കായല്‍ക്കരയില്‍ പ്രൌഢഗംഭീരമായി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കൊട്ടാരം ഇന്നൊരു സ്വകാര്യ റിസോര്‍ട്ടാണ്. സിജിഎച്ച് എര്‍ത്തിനു കീഴിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ നിന്നും ബോട്ടിലാണ് ഇവിടേക്ക് എത്തുന്നത്.

ഹണിമൂണ്‍ ആഘോഷിക്കുന്ന യുവമിഥുനങ്ങള്‍ക്ക് ഇതിനേക്കാള്‍ യോജിച്ച മറ്റൊരിടമില്ല. കുഞ്ഞോളങ്ങളും കാറ്റും കളി പറയുന്ന കായല്‍ക്കരയില്‍ പ്രിയപ്പെട്ട ആളോടൊപ്പം റൊമാന്റിക് നിമിഷങ്ങള്‍ പങ്കിടാം. അതിമനോഹരമായ കേരള വാസ്തുശൈലിയില്‍ നിര്‍മിച്ച കൊട്ടാരത്തില്‍ രാജാവും രാജ്ഞിയുമായി കൈകോര്‍ത്തു നടക്കാം. കേരളത്തിന്‍റെ അടുക്കളപ്പഴമയുടെ രഹസ്യക്കൂട്ടുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിശിഷ്ടഭോജ്യങ്ങള്‍ വാഴയിലയില്‍ വിളമ്പി കഴിച്ച് ആസ്വദിക്കാം. കായലില്‍ നിന്ന് ഫ്രഷായി പിടിച്ച മീനാണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. കായല്‍ക്കരയില്‍ തന്നെ സജ്ജീകരിച്ച വരാന്തയിലോ പൂന്തോട്ടത്തിലോ ഇരുന്ന് ഭക്ഷണം കഴിക്കാം. ഏതു സമയത്തും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാനായി അതിഥികള്‍ക്കൊപ്പം ഒരു സ്വകാര്യ ഷെഫും ഉണ്ടാകും.

താമസക്കാര്‍ക്ക് പൂര്‍ണമായ സ്വകാര്യത ഉറപ്പുനല്‍കുന്ന രീതിയിലാണ് കൊട്ടാരത്തിലെ സൗകര്യങ്ങള്‍. താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും ഒന്നാം നിലയിൽ അറ്റാച്ചുചെയ്ത ഒരു സ്വീകരണമുറിയുമുണ്ട്. പുരാതനമായ ഫർണിച്ചറുകളും കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ചതാണ് ഓരോ മുക്കും മൂലയും. സിമന്റ്-ടൈൽ വിരിച്ച പഴയ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഏതോ ഗൃഹാതുരത്വം വന്നു പൊതിയും. മസാജുകൾ, സ്വകാര്യ സാംസ്കാരിക ഷോകൾ, ബാക്ക് വാട്ടർ ക്രൂസുകൾ എന്നിവയും ഇവിടുത്തെ താമസത്തിൽ ഉൾപ്പെടുന്നു.

കോവിഡ് നിയന്ത്രണ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് റിസോര്‍ട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. ഉച്ചക്ക് രണ്ടു മണി ആണ് ചെക്കിന്‍ സമയം, അടുത്ത ദിവസം പതിനൊന്നു മണിക്കാണ് ചെക്കൌട്ട് ചെയ്യേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോറോണ രൂക്ഷമായി പടരുന്നതിനാൽ കൊട്ടാരം താൽക്കാലികമായി അടച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങള്‍ക്കായി https://www.cghearth.com/chittoor-kottaram/contact എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
English Summary: Stay in Chittoor Palace, Kochi