മഴയും മഞ്ഞും മുട്ടിയുരുമ്മി കഥ പറയുന്ന റോസ്മല

Mail This Article
കഴിഞ്ഞ കൊല്ലത്തേതു പോലെ ഇക്കുറിയും വേനലവധിക്കാലം കോവിഡ് കൊണ്ടുപോയി. വീടിന്‍റെ തൊട്ടു പുറത്തേക്ക് പോലും ഇറങ്ങാനാവുന്നില്ല, പിന്നെയല്ലേ അവധിക്കാല യാത്ര. സഞ്ചാരികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന പ്രകൃതിരമണീയമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഇക്കുറിയും നിരാശ മാത്രം.
ഒന്ന് രണ്ടു വേനല്‍മഴ കഴിഞ്ഞാല്‍ പച്ചപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേറ്റിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ആര്യങ്കാവ് റോസ്മല. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തില്‍, ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണിത്.
ബ്രിട്ടീഷ് ഭരണകാലത്ത് ഈ പ്രദേശം തേയിലത്തോട്ടമായിരുന്നു. തുടർന്ന് ഈ പ്രദേശം പുനലൂർ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി. 1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഭൂമി സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കു വിതരണം ചെയ്തു. ഒരേക്കർവീതം 472പേർക്കു അന്നു ഭൂമി വിതരണം ചെയ്തു. 1984ൽ തുടങ്ങിയ ഒരു ലോവർ പ്രൈമറി സ്കൂൾ റോസ്മലയിലുണ്ട്. ഇന്ന് ഇവിടേക്ക് നിരവധി സഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

ആര്യങ്കാവിൽനിന്ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ 12 കിലോമീറ്റർ ഓഫ് റോഡ് യാത്ര ചെയ്തു വേണം റോസ്മലയില്‍ എത്താൻ. ഓഫ്റോഡ് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു യാത്രയായിരിക്കും ഇത് എന്നതില്‍ സംശയമില്ല. കടുവ, ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങള്‍ ധാരാളമുള്ള പാതയിലൂടെയാണ് റോസ്മലയിലേക്കുള്ള യാത്ര. വനപാതയുടെ വശത്തുള്ള നീര്‍ച്ചാലില്‍ ആനകള്‍ എത്തുന്നത് പതിവാണ്. അതിനാല്‍ ഡ്രൈവിങ് ഏറെ ശ്രദ്ധയോടെയാവണം. വഴികളില്‍ ഇടക്കിടെ ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും കാണാം. യാത്രക്കിടെ പലപ്പോഴും ഇത്തരം അരുവികള്‍ മുറിച്ചു കടക്കണം.
തെന്മല-പരപ്പാർ അണക്കെട്ട് വരുന്നതിനു മുമ്പ് കുളത്തുപ്പുഴയിൽ നിന്നായിരുന്നു റോസ്മലയിലേക്കുള്ള റോഡ് യാത്ര ആരംഭിച്ചിരുന്നത്. അണക്കെട്ട് വന്നതോടെ റോഡ് ഈ വെള്ളത്തിലായി. പിന്നെ ആര്യങ്കാവിലേക്കുള്ള നടപ്പാതയായിരുന്നു ഏക ആശ്രയം. 1993 ൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്താനാണ് കാട്ടിനുള്ളിലൂടെ ഇന്നു കാണുന്ന വഴി വെട്ടിയത്. പക്ഷേ വനനിയമം കർക്കശമായതു കൊണ്ട് ആ വഴി കോൺക്രീറ്റ് ചെയ്യാതെ കല്ലും ചെളിയുമൊക്കെയായി തുടരുന്നു.
സ്വന്തം വാഹനത്തിലല്ല യാത്രയെങ്കില്‍, രാവിലെയും വൈകിട്ടുമുള്ള കെഎസ്ആർടിസി ഓർഡിനറി സർവീസ് ഒഴിച്ചാൽ പിന്നെ റോസ്മലയിലേക്ക് പോകാൻ ജീപ്പിനെ ആശ്രയിക്കണം. റോസ്മല വ്യൂപോയിന്‍റിന് ഒരു കിലോമീറ്റര്‍ മുന്നേ വരെ വാഹനങ്ങള്‍ പോകും. ഇവിടെ നിന്നും നടന്നു വേണം മുകളിലേക്ക് എത്താന്‍. ഇടക്ക് വനം വകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടറും ഇക്കോ ഷോപ്പും ഉണ്ട്.
വ്യൂപോയിന്‍റില്‍ നിന്നും നോക്കുമ്പോള്‍ പരപ്പാര്‍ ഡാമിനുള്ളില്‍ റോസാപ്പൂക്കള്‍ ഇതള്‍ കൊഴിഞ്ഞു വീണപോലെ കാണുന്ന ചെറിയ പച്ചതുരുത്തുകള്‍ കാണാം. ഈ ആകൃതി കാരണമാണ് റോസ്മലയ്ക്ക് ആ പേര് വന്നതെന്ന് ഒരു കഥയുണ്ട്. ഇവിടെ എസ്റ്റേറ്റ് സ്ഥാപിച്ച ബ്രിട്ടീഷ് പ്ളാന്‍ററുടെ ഭാര്യ റോസ്ലിന്‍റെ പേരില്‍നിന്നാണ് ഇത് റോസ്മലയായതെന്നും മറ്റൊരു കൂട്ടര്‍. ഒരു പഴയ ഒരു റേഡിയോ സ്റ്റേഷനും ഇവിടെയുണ്ട്. സ്റ്റേഷന്‍റെ ടവറിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.
റോസ്മല യാത്രയില്‍ സഞ്ചാരികള്‍ വനനിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. കാട്ടുപ്രദേശത്ത് കൂടി അമിതവേഗത്തില്‍ വാഹനം ഓടിക്കാന്‍ പാടില്ല. യാത്രയ്ക്കിടെ വനമേഖലയില്‍ ഇറങ്ങരുത്. കാട്ടില്‍ തീവീഴുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതാണ്. വന്യമൃഗങ്ങളെ കണ്ടാല്‍ അടുത്തേക്ക് ചെല്ലുകയോ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയോ പാടില്ല. മൊബൈല്‍ റേഞ്ച് ലഭിക്കാത്ത പ്രദേശമായതിനാല്‍ യാത്രയുടെ തുടക്കത്തില്‍ത്തന്നെ വേണ്ട മുന്‍കരുതല്‍ എടുക്കണം.
English Summary: Rosemala - A Scenic Offbeat Place in Kollam