നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞിറങ്ങുന്ന 'കൊല്ലംകാരുടെ ഊട്ടി'!
Mail This Article
സമൂഹമാധ്യമത്തിലൂടെ വൈറലായതോടെ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ഒട്ടേറെ ഇടങ്ങളുണ്ട്. അക്കൂട്ടത്തില്‍പ്പെട്ടതാണ് കൊല്ലം ജില്ലക്കാരുടെ ഊട്ടി എന്നും മിനി മൂന്നാര്‍ എന്നുമെല്ലാം അറിയപ്പെടുന്ന പിനാക്കിള്‍ വ്യൂ പോയിന്‍റ്.
കരവാളൂര്‍ പഞ്ചായത്തിലെ ചേറ്റുകുഴിയിലാണ് ഈ മനോഹരമായ സ്ഥലം ഉള്ളത്. സമുദ്രനിരപ്പിൽ നിന്നു എണ്ണൂറ് അടിയിലേറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടുത്തെ സൂര്യോദയവും അസ്തമയക്കാഴ്ചയും അതിസുന്ദരമാണ്. തണുപ്പുകാലത്തും മണ്‍സൂണ്‍ കാലത്തുമെല്ലാം നട്ടുച്ചയ്ക്ക് പോലും മഞ്ഞിന്‍റെ കമ്പളം പുതച്ച പ്രകൃതിയെ കണ്‍നിറയെ കാണാം. ഇവിടെ നിന്നാൽ വിളക്കുപാറയിലെ പാങ്ങുപ്പാറ, ഉറുകുന്നിലെ പാണ്ഡവൻ പാറ തുടങ്ങിയ പ്രദേശങ്ങളും കാണാം.
മലയോര ഹൈവേയിലെ വലിയ കുരുവിക്കോണം- വെഞ്ചേമ്പ്- തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും മധ്യഭാഗത്തായി ഏക്കറുകളോളം പരന്നുകിടക്കുന്ന റബ്ബര്‍ എസ്റ്റേറ്റിന് മധ്യഭാഗത്തായാണ് ഈ അതിശയിപ്പിക്കുന്ന കാഴ്ച. റബ്ബര്‍ മരങ്ങളാല്‍ ചുറ്റപ്പെട്ടിരുന്ന ഈ പ്രദേശത്ത്, പുതിയ ചെടികള്‍ നടാനായി മരങ്ങളെല്ലാം മുറിച്ചപ്പോഴാണ് ഇവിടുത്തെ മനോഹാരിത ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. കണ്ണെത്താദൂരം പരന്നുകിടക്കുന്ന സഹ്യപര്‍വതനിരകളില്‍ കോടമഞ്ഞിറങ്ങുന്ന കാഴ്ച അവിസ്മരണീയമാണ്. മുന്‍പ് ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന 'പിനാക്കിള്‍' എന്ന എന്‍ജിനീയറിങ് കോളേജിന്‍റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്.
കൊല്ലത്തെ തെന്മല, പുനലൂർ തൂക്കുപാലം, ചടയമംഗലം ജഡായുപ്പാറ, പിനാക്കിൾ വ്യൂ പോയിന്റ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് സഞ്ചാരികൾ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവിടം ടൂറിസം മേഖല ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. തെരുവു വിളക്കുകളും ശുചി മുറികളും പാർക്കിങ് സംവിധാനവും വിശ്രമ കേന്ദ്രവുമൊന്നും നിലവില്‍ ഇവിടെയില്ല. എന്നാല്‍പ്പോലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവില്ല.
എങ്ങനെ എത്താം?
കൊല്ലം, കോട്ടയം ഭാഗത്തുനിന്ന് കൊട്ടാരക്കര എത്തി അവിടെ നിന്നും ചെങ്ങമനാട്, ചിരട്ടകോണം, തലച്ചിറ, വെഞ്ചേമ്പ് വഴി എത്താം. അഞ്ചൽ പുനലൂർ റൂട്ടിൽ കുരുവികോണം അരിപ്ലാച്ചി വഴിയും, മാവിള, അരിപ്ലാച്ചി വഴി എത്താം. കരവാളൂരിൽ നിന്നു കുഞ്ഞാണ്ടി മുക്ക് റോഡിൽ സഞ്ചരിച്ച് വേലാംകോണം വഴി എത്താം. പുനലൂരിൽ നിന്നും അടുക്കള മൂല വഴി മാത്രയിലൂടെ വേഞ്ചേമ്പിൽ എത്തി അവിടെ നിന്നു പിനാക്കിള്‍ പോയിന്‍റിലേക്കെത്താം.
English Summary: Pinnacle View Point in Kollam