കാടിന് നടുവിലെ നാട്; 'വടക്കനാട്', വയനാട്ടില്‍ ഇങ്ങനെയൊരിടമോ?

Mail This Article
നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട ഗ്രാമം. പകല്‍പോലും വന്യമൃഗങ്ങള്‍ കറങ്ങി നടക്കുന്ന സ്ഥലം. കാടിന്റെ വന്യമായ പച്ചപ്പും ഗ്രാമത്തിന്റെ വശ്യമായ ഹരിതാഭയും ചേരുന്നിടമാണ് വടക്കനാട് ഗ്രാമം. വയനാട് ബത്തേരിയില്‍നിന്ന് അധികം ദൂരമില്ല ഈ ഗ്രാമത്തിലേക്ക്. സെന്റ് മേരീസ് കോളജ് വഴിയോ ഓടപ്പള്ളം വഴിയോ വടക്കാനാടേക്ക് പോകാം. ഏതു വഴി പോയാലും കാടു കടന്നു മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. സെന്റ് മേരീസ് കോളജ് വഴി അല്‍പദൂരം പോയിക്കഴിഞ്ഞാല്‍ സില്‍വര്‍ ഓക്ക് കാടാണ്. നല്ല ഉയരമുള്ള മരങ്ങള്‍ നിരയായി നില്‍ക്കുന്നു. പുള്ളിമാനുകളുടെ വിഹാരകേന്ദ്രം കൂടിയാണിവിടം. കൂട്ടമായി മാനുകള്‍ മേയുന്നതു കാണാം. വളവുകളും കയറ്റവുമുള്ള റോഡിലൂടെ വാഹനം വരുമ്പോള്‍ അരികിലെ കുന്നിന്‍ മുകളില്‍നിന്ന്, വലിയ കൊമ്പുള്ള മാനുകള്‍ തല ഉയര്‍ത്തിപ്പിടിച്ചു നോക്കും. രാവിലെയോ വൈകിട്ടോ പോയാലാണ് മാനുകളെ ധാരാളം കാണാന്‍ സാധിക്കുന്നത്. ഉച്ചയാകുന്നതോടെ മാനുകള്‍ ഉള്‍ക്കാട്ടിലേക്ക് പോകും. റോഡരികില്‍ കുറച്ചു താഴെയായി മരങ്ങള്‍ക്കിടയില്‍ ഒരു കുളമുണ്ട്. കടുവയും പുലിയുമടക്കം വെള്ളം കുടിക്കാന്‍ ഇവിടെ എത്താറുണ്ട്. കുളക്കരയിലെ ചെളിമണ്ണില്‍ നിരവധി വന്യമൃഗങ്ങളുടെ കാല്‍പാടുകള്‍ കാണാം.
ആദിവാസികളും കൃഷിക്കാരുമാണ് ഗ്രാമവാസികള്‍. കാടുകടന്നെത്തിയാല്‍ ചെറിയൊരു അങ്ങാടിയാണ്. റേഷന്‍ കടയും പലചരക്ക് കടയും കള്ളുഷാപ്പുമെല്ലാമുള്ള അങ്ങാടി. പിന്നെയും മുന്നോട്ടുപോയാല്‍ വിശാലമായ പാടശേഖരമാണ്. ഞാറുനടുന്ന സമയമായതിനാല്‍ പാടമെല്ലാം പച്ചപ്പണിഞ്ഞു നില്‍ക്കുന്നു. പല കണ്ടങ്ങളിലും ഞാറു പറിച്ചു വച്ചു. ചിലയിടത്ത് നാട്ടിപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. തൊഴിലാളികളേറെയും ആദിവാസി സ്ത്രീകളാണ്. യാതൊരു ഉറപ്പുമില്ലാതെയാണ് ഇവിടെ കൃഷിക്കാര്‍ കൃഷിയിറക്കുന്നത്. ഏതു നിമിഷവും ആനയും മാനും പന്നിയും ഇറങ്ങി കൃഷി നശിപ്പിക്കാം. വന്യമൃഗങ്ങള്‍ കാടിറങ്ങാതിരിക്കാന്‍ കമ്പിവേലിയും കിടങ്ങുകളുമെല്ലാം നിര്‍മിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തകര്‍ത്താണ് ആനയും പന്നിയും എത്തുന്നത്. ഒരു വര്‍ഷത്തെ അധ്വാനമെല്ലാം ഇല്ലാതാകാന്‍ ഒറ്റ രാത്രി മതി. ഇങ്ങനെയൊക്കെയാണങ്കിലും കൃഷി ചെയ്യുക എന്നല്ലാതെ മറ്റു യാതൊരു മാര്‍ഗവും ഇവരുടെ മുന്‍പിലില്ല. ഏറുമാടം കെട്ടി രാത്രി മുഴുവന്‍ കാവലിരുന്നാണ് കൃഷി സംരക്ഷിക്കുന്നത്. എങ്കിലും കണ്ണുതെറ്റുന്ന ചില രാത്രികളില്‍ വന്യമൃഗങ്ങള്‍ എല്ലാം നശിപ്പിക്കും.

പ്രധാനമായും മൂന്നു വഴിയിലൂടെയാണ് വടക്കനാടേക്ക് എത്തുക. ബത്തേരി സെന്റ് മേരീസ് കോളജ് വഴിയും മൂലങ്കാവ് വഴിയും. മറ്റൊരു വഴി ബത്തേരി -പുല്‍പള്ളി റൂട്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. ഗ്രാമത്തിന്റെ വടക്കുവശത്തെ കാട് കടന്നാല്‍ കര്‍ണാടകയായി. കാട്ടുവഴിയല്ലാതെ കര്‍ണാടകത്തിലേക്ക് ഇതിലെ റോഡൊന്നുമില്ല. ബത്തേരിയില്‍നിന്നു വല്ലപ്പോഴും മാത്രം ഇതുവഴി ബസ് സര്‍വീസ് ഉണ്ടായിരുന്നു. കോവിഡ് വ്യാപിച്ചതോടെ അതും നിലച്ചു. രാത്രിയായാല്‍ ആളുകള്‍ ഇതുവഴി യാത്ര പരമാവധി ഒഴിവാക്കും. കടുവയും ആനയുമെല്ലാം റോഡരികില്‍ തന്നെ കാണും. ഗ്രാമത്തിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ കടുവയെ ഇവിടെനിന്നു പിടികൂടിയിരുന്നു. വടക്കനാട് കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെട്ട സ്ഥിരം ശല്യക്കാരനായ ആനയുമുണ്ടായിരുന്നു. അതുകൊണ്ട് ആളുകള്‍ ശ്രദ്ധിച്ചാണ് രാത്രിയില്‍ യാത്ര ചെയ്യുന്നത്.

ചുറ്റും കാടായതിനാല്‍ എപ്പോഴും നല്ല കാറ്റും തണുപ്പുമാണ്. നട്ടുച്ചയ്ക്ക് മാത്രമാണ് അല്‍പം ചൂടുകൂടുന്നത്. കാടിറങ്ങി വരുന്ന തണുത്ത കാറ്റ് വയല്‍പരപ്പിലെത്തിയാല്‍പിന്നെ ചേറുമണവും പേറിയാണ് സഞ്ചാരം. ഞാറിന്‍ തുമ്പുകളെ ചുഴറ്റി കാറ്റ് പിന്നെയും എങ്ങോട്ടോ പാഞ്ഞു പോകും. പശുവും ആടും പോത്തുമെല്ലാം പാടത്തും പറമ്പിലുമായി മേഞ്ഞു നടക്കുന്നു. വയലോരത്തെ കുളത്തിന്‍ വക്കത്ത് താറാവുകള്‍ വെയില്‍ കായുന്നു. മണ്ണിന്റെ മണവും നന്‍മയും പേറി ജീവിക്കുന്നവരുടെ നാടാണിത്. കൃഷി വന്‍ നഷ്ടമായപ്പോള്‍ നഗരത്തില്‍ ജോലി തേടി പോയവര്‍ നിരവധിയാണ്. എന്നാല്‍ സ്വന്തം നാട്ടിലേക്ക് ഇടയ്‌ക്കെങ്കിലും വരാതിരിക്കാന്‍ ഇവര്‍ക്കാകില്ല. അത്രമേല്‍ സുന്ദരവും ശാന്തവുമായ ഗ്രാമത്തെ വിട്ടുകളയാന്‍ ആരും ആഗ്രഹിക്കില്ല. ശുദ്ധവായു ശ്വസിച്ച് ശാന്തമായി കഴിയാന്‍ സാധിക്കുന്ന സ്ഥലമാണ് വടക്കനാട്. പരിസരത്ത് ചില സ്വകാര്യ റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ തിരക്കുകളില്‍നിന്നു ശാന്തത തേടി ഇവിടേക്കെത്തുന്നവര്‍ വര്‍ധിക്കുകയാണ്.
ചിത്രങ്ങൾ:അരുണ്‍ വർഗീസ്
English Summary: Vadakkanad Wayanad Travel Experience