കേരളത്തിന്റെ കുടക്; മുസ്‍ലിം തെയ്യമെത്തുന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
Mail This Article
തേയിലത്തോട്ടങ്ങള്‍ അതിരിടുന്ന മലയോരങ്ങളും കോടമഞ്ഞണിഞ്ഞ താഴ്‍വരകളും കാപ്പിയും ഓറഞ്ചും വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങളുമെല്ലാമായി കാലങ്ങളായി മലയാളികളെ കൊതിപ്പിക്കുന്ന സുന്ദരിയാണ് കുടക്. നിരവധി വിനോദസഞ്ചാരികളാണ് കുടകിന്‍റെ മനോഹാരിത തേടി കർണാടകയിലേക്ക് യാത്രചെയ്യുന്നത്. നമ്മുടെ കേരളത്തിലും കുടകിനു സമാനമായ ഒരു സുന്ദരഭൂമിയുണ്ട്. കാസർകോട് ജില്ലയില്‍ പശ്ചിമഘട്ടത്തിന്‍റെ തന്നെ ഭാഗമായ മാലോം എന്ന കൊച്ചുഗ്രാമമാണത്. കുടകിന്‍റെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ, അതേ കാലാവസ്ഥയോടുകൂടിയതും പച്ചപ്പ് നിറഞ്ഞതുമായ പ്രദേശമാണിവിടം.
മലകള്‍ നിറഞ്ഞ ഇടം
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്‍റെ കിഴക്കേയറ്റത്താണ് മാലോം. കേള്‍ക്കുമ്പോള്‍ അല്‍പം വിചിത്രമായി തോന്നാവുന്ന ഒരു പേരാണ് മാലോം എന്നത്. ‘മലകളുടെ ലോകം’ എന്ന മലയാള വാക്കിൽ നിന്നാണ് 'മാലോം' എന്ന വാക്ക് വന്നത്.
ഒരു ജൈവ-ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനുള്ള എല്ലാവിധ കാര്യങ്ങളും ഇവിടെയുണ്ട്. മലകളിലൂടെയുള്ള ട്രെക്കിങ്, മൗണ്ടന്‍ ബൈക്കിങ്, മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ കാഴ്ച, വനപ്രദേശത്തു കൂടിയുള്ള സാഹസിക സഫാരി തുടങ്ങി ഇവിടം സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വിശാല സാധ്യതകളുടെ ലോകമാണ്.
പഴഞ്ചൊല്ലോളം നീളുന്ന ചരിത്രം
കിഴക്ക് കുടക് മലനിരകളും തെക്ക് കോട്ടന്‍ചേരിയും ചട്ടമലയും വടക്ക് മരുതോം മാനിയും റാണിപുരവും പടിഞ്ഞാറ് എളേരി-പുന്നകുന്ന് കുന്നുകളും അതിരിടുന്ന മാലോമിന് നൂറ്റാണ്ടുകളോളം നീളുന്ന ചരിത്രമുണ്ട്. “ഏറെ തിന്നാന്‍ മാലോത്ത് എത്തണം”, “മല കയറിയാല്‍ മാലോത്ത് എത്താം” തുടങ്ങിയ പഴഞ്ചൊല്ലുകള്‍ തന്നെ ഉദാഹരണം. നാടന്‍ അനുഷ്ഠാനകലകളും സാംസ്കാരിക പാരമ്പര്യവും കാര്‍ഷികചരിത്രവുമെല്ലാം മാലോമിന്‍റെ മണ്ണില്‍ സംഗമിക്കുന്നു.
മാലോം മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബിസി 300 കാലഘട്ടത്തിലെ ബ്രാഹ്മി ലിപികളും, എഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിലെ തൊവരി എഴുത്തു പാറയില്‍ ഉള്ളതിന് സമാനമായ ലിഖിതങ്ങള്‍ ആണിവ. 2300 വര്‍ഷം മുന്‍പുതന്നെ ഇവിടെ ഒരു സമൂഹജീവിതം ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവായി ഇതു കണക്കാക്കുന്നു.
തെയ്യങ്ങള്‍ക്കൊപ്പം ആടുന്ന മുക്രിപ്പോക്കര്‍
മതസ്പര്‍ദ്ധയുടെ കരാളസര്‍പ്പങ്ങള്‍ വിഷം ചീറ്റി, മാളങ്ങളില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കാണാന്‍ കഴിയുന്ന അപൂര്‍വകാഴ്ചകളില്‍ ഒന്നാണ് മാലോത്തെ മുക്രിപോക്കര്‍ തെയ്യം. മാലോമിലെ കൂലോം ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടുന്ന ഒരു മുസ്‍ലിം തെയ്യമാണ് മുക്രിപോക്കര്‍. മാലോം കൂലോത്തിന്‍റെ അധീനതയിലുള്ള ദേശം കാത്തിരുന്ന പോരാളിയായിരുന്നു പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് നിന്നെത്തിയ പോക്കര്‍ നീതിമാനായിരുന്നു. എന്നാല്‍ അധികംവൈകാതെ തന്നെ പോക്കര്‍ അപമൃത്യുവിനിരയായി. എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഇന്നും അറിവില്ല.
എന്നാല്‍, മരിച്ച പോക്കര്‍ മാലോം ജുമാമസ്ജിദിൽ അസർ ബാങ്ക് വിളി മുഴങ്ങുമ്പോൾ മാലോം കൂലോത്തെ തിരുമുറ്റത്ത് തെയ്യമായി എല്ലാ വര്‍ഷവും കൃത്യമായി എത്തും. ഭഗവതിത്തെയ്യത്തിനും വിഷ്ണുമൂര്‍ത്തി തെയ്യത്തിനും മണ്ഡലത്തു ചാമുണ്ഡിത്തെയ്യത്തിനും മുന്നിലെത്തി ഉറഞ്ഞാടും. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് തെയ്യമായെത്തുന്നത്.
മാലോത്തെ മറ്റു കാഴ്ചകള്‍
കോട്ടഞ്ചേരിക്കുന്നിലെ തടാകത്തിൽനിന്ന് ഉത്ഭവിച്ച് മുക്കടയിൽ കാര്യങ്കോട് പുഴയുമായി സംഗമിക്കുന്ന മനോഹരമായ പുഴയാണ് ചൈത്രവാഹിനി. കോട്ടഞ്ചേരി കുന്നിന്‍ മുകളിലെ ചെറുതടാകം ചൈത്രധാര എന്നും അറിയപ്പെടുന്നു. ചൈത്രവാഹിനി പുഴയിലെ വള്ളിക്കടവിന് സമീപമുള്ള ചെറു തുരുത്തുകൾ മാലോം റിവർ ഐലൻഡ്സ് എന്ന പേരിൽ അറിയപ്പെടുന്നു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് ഇവിടം. വിവാഹ ഫൊട്ടോഗ്രഫിക്കും ഒഴിവു സമയം ചെലവഴിക്കാനുമെല്ലാമായി നിരവധിയാളുകൾ ഇവിടെ എത്തുന്നു.
ഏകദേശം 27 കിലോമീറ്റർ അകലെ റാണിപുരം, 12 കിലോമീറ്റർ അകലെ കോട്ടഞ്ചേരി, 36 കിലോമീറ്റർ അകലെ തോണിക്കടവ്, 54 കിലോമീറ്റർ അകലെയുള്ള ബേക്കൽ കോട്ട, 43 കിലോമീറ്റർ അകലെയായി കാഞ്ഞങ്ങാട് എന്നീ ഇടങ്ങളും സന്ദര്‍ശിക്കാം. മരുതം തട്ട് ട്രെക്കിങ്ങും പ്രസിദ്ധമാണ്.
English Summary: Malom The coorg of Kerala