കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം, ഇനിയും തുറക്കാത്ത നിലവറ; പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന പെരുമ
Mail This Article
ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളുടെ പട്ടികയെടുത്താല്‍ അതിലുണ്ടാകും നമ്മുടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഇനിയും പൂര്‍ണമായും അളന്നു തിട്ടപ്പെടുത്താത്ത സമ്പത്താണ് പത്മനാഭന്റെ നിലവറയിലുള്ളത്. തുറക്കാനാവാത്ത നിലവറയും കണ്ണഞ്ചിപ്പിക്കുന്ന രത്‌നങ്ങളും സ്വര്‍ണവും നിരവധി ദുരൂഹ കഥകളുമെല്ലാം ചേര്‍ന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന പെരുമ. ദിനംപ്രതി നിരവധിപേരാണ് പത്മനാഭന്റെ മണ്ണിലേക്ക് എത്തിച്ചേരുന്നത്.
എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന പത്മനാഭസ്വാമി ക്ഷേത്രം ഇന്ത്യയിലെ 108 മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ്. അനന്തശയനത്തിലുളള മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. വിഷ്ണുഭക്തനായ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ക്ഷേത്രത്തില്‍ വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവൃത്തികളും നിര്‍മാണങ്ങളും നടന്നത്. കൊല്ലവര്‍ഷം 861ലെ തീപിടുത്തത്തിന് ശേഷമായിരുന്നു ഇത്. ക്ഷേത്രഗോപുരത്തിന്റെ അഞ്ച് നിലകളുടെ പണികളാണ് അന്ന് നടന്നത്. പിന്നീട് ആറ്, ഏഴ് നിലകള്‍ ധർമരാജാവിന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്.
പിടിച്ചെടുത്ത രാജ്യങ്ങളും സമ്പത്തും ശ്രീ പത്മനാഭന് സമര്‍പ്പിച്ച തൃപ്പടിദാനം നടന്നതും മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ്. ഇതോടെ വലിയ തോതിലുള്ള സമ്പത്തിന്റെ സൂക്ഷിപ്പുകാരായി ക്ഷേത്രം മാറുകയും ചെയ്തു. 1965 ലാണ് അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ശ്രീ പത്മനാഭ സ്വാമി ട്രസ്റ്റ് സ്ഥാപിക്കുന്നത്. ഇപ്പോഴും രാജകുടുംത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് തന്നെയാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നത്.
അനന്തശായിയായ മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. തമിഴ് ശൈലിയിൽ നിർമിച്ച, ഏഴു നിലകളോടുകൂടിയ, ശിൽപചാതുരിയുള്ള കിഴക്കേഗോപുരം ക്ഷേത്രത്തിന്റെ മാത്രമല്ല തിരുവനന്തപുരം നഗരത്തിന്റെതന്നെ മുഖമുദ്രയാണ്.
ക്ഷേത്രഗോപുരത്തിൽ കരിങ്കല്ലിൽ തീർത്ത ശില്പങ്ങളും ക്ഷേത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകൾ ശീവേലിപ്പുരയും ഒറ്റക്കൽമണ്ഡപവുമാണ്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയതെന്നത് വിസ്മയിപ്പിക്കുന്ന ചരിത്രമാണ്.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം
ക്ഷേത്രത്തിലെ പല വസ്തുക്കളും മോഷ്ടിക്കപ്പെടുന്നെന്ന ആരോപണവുമായി 2007ല്‍ പത്മനാഭന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ശ്രീ പത്മനാഭ ക്ഷേത്രവിഷയം കോടതി കയറുന്നത്. ഇതേ തുടര്‍ന്നുണ്ടായ വ്യവഹാരങ്ങളുടെ പരമ്പരക്കൊടുവിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് തിട്ടപ്പെടുത്തണമെന്ന് 2011ല്‍ നിര്‍ണായകമായ സുപ്രീംകോടതി ഉത്തരവു വരുന്നത്.
ഒന്നര നൂറ്റാണ്ടിലേറെ തുറന്നിട്ടില്ലെന്നു കരുതപ്പെടുന്ന നിലവറകളില്‍ നിന്നും അമൂല്യ രത്‌നങ്ങളും സ്വര്‍ണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് നിലവറകളിലായാണ് പത്‌നാഭസ്വാമി ക്ഷേത്രത്തിന്റെ സമ്പത്തുള്ളത്. അതില്‍ അഞ്ചു നിലവറകള്‍ തുറന്നു പരിശോധിക്കാനായി. സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍, ആഭരണങ്ങള്‍, രത്‌നങ്ങള്‍, സ്വര്‍ണ കിരീടങ്ങള്‍ എന്നിവയെല്ലാം ഈ നിലവറകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലോകത്തു തന്നെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിലപിടിപ്പുള്ള സ്വര്‍ണ, രത്‌ന ശേഖരമാണ് ഈ നിലവറകളിലെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഇതിന്റെ പൂര്‍ണവും കൃത്യവുമായ മൂല്യം ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
അഞ്ച് നിലവറകളുടേയും പൂട്ടുകളും മറ്റും വളരെ ബുദ്ധിമുട്ടിയാണ് തുറന്നത്. ഇതില്‍ എ നിലവറയിലായിരുന്നു ഏറ്റവും കൂടുതല്‍ സമ്പത്ത്. നാല് അടി ഉയരവും മൂന്നടി വീതിയുമുള്ള മഹാവിഷ്ണുവിന്റെ സ്വര്‍ണ പ്രതിമ, 18 അടി നീളമുള്ള സ്വര്‍ണനാണയങ്ങള്‍ കോര്‍ത്ത മാല, റോമന്‍ കാലത്തേയും മധ്യകാലത്തേയും സ്വര്‍ണനാണയങ്ങള്‍ എന്നിവയും ഇവിടെനിന്നു കണ്ടെത്തിയ അമൂല്യ വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
എല്ലാ കാലത്തും ബി നിലവറ തുറക്കുന്നതിന് തിരുവിതാംകൂര്‍ രാജകുടുംബം വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ബി നിലവറ തുറക്കുന്നത് ആചാര ലംഘനമാണെന്നാണ് രാജകുടുംബം എന്നും അവകാശപ്പെട്ടിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജകുടുംബം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 2011 ജൂലൈ ഒന്നിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.
ബി നിലവറയുടെ കനപ്പെട്ട വാതിലുകള്‍ക്കും പൂട്ടുകള്‍ക്കും ഉള്ളില്‍ എന്താണുള്ളതെന്ന് ഇന്നും പുറംലോകത്തിന് ഊഹങ്ങള്‍മാത്രമേയുള്ളൂ. ബി നിലവറക്ക് പാമ്പുകളും വവ്വാലുകളും അമാനുഷ ശക്തികളും കാവലുണ്ടെന്ന കഥകള്‍ വരെ പ്രചരിച്ചിരുന്നു. നൂറ്റാണ്ടുകളുടെ കാലപ്പഴക്കവും പുറംലോകം കാണാത്ത സമ്പത്തുമൊക്കെ ചേര്‍ന്ന് കഥകള്‍ക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ചില ക്ഷേത്രം അധികാരികള്‍ ചേര്‍ന്ന് ഒരിക്കല്‍ ബി നിലവറ തുറക്കാന്‍ ശ്രമിച്ചുവെന്ന കഥയും പ്രചാരത്തിലുണ്ട്. ബി നിലവറ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് തിരയടിക്കുന്ന ശബ്ദം കേട്ടുവെന്നും ഇതോടെ ഭയന്ന ഇവര്‍ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവനുമായി ഓടിയെന്നുമാണ് കഥ. ചേര, പാണ്ഡ്യ, പല്ലവ, ചോള രാജവംശങ്ങളുടേയും തിരുവിതാംകൂര്‍ രാജവംശത്തിന്റേയും കാലത്തുള്ള സംഭാവനകളും പല കാലത്ത് രാജവംശങ്ങള്‍ പിടിച്ചെടുത്ത സമ്പത്തും സാധാരണ ജനങ്ങളുടെ സമ്പാദ്യവും സംഭാവനയുമെല്ലാം ചേര്‍ന്നതാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്ര സമ്പത്ത്. ഇപ്പോഴും ആ അമൂല്യ സമ്പത്ത് ആറു നിലവറകളില്‍ തന്നെ പുറത്തെടുക്കാനാവാത്ത വിധം കുരുക്കില്‍ പെട്ടു കഴിയുകയും ചെയ്യുന്നു.
English Summary: Padmanabhaswamy Temple Treasure, Mystery Behind The Richest Temple in Kerala