കാട്ടിലെ ഗുഹയും ഉറവയും; ഒരു ദിവസം കൊണ്ട് പോയിവരാൻ കൊച്ചിക്ക് അടുത്ത് 3 കലക്കന്‍ സ്ഥലങ്ങൾ
Mail This Article
എറണാകുളം ജില്ലയ്ക്കരികെ, അതിമനോഹരമായ ഒട്ടേറെ ഹില്‍സ്റ്റേഷനുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമെല്ലാമുണ്ട്. വീക്കെന്‍ഡില്‍ യാത്ര പോയി ചില്‍ ചെയ്യാന്‍ മൂന്നാറുണ്ട്, സ്വര്‍ഗീയമായ ആകാശപ്പൊയ്ക പോലെ ഗാംഭീര്യമാര്‍ന്ന അതിരപ്പള്ളി വെള്ളച്ചാട്ടമുണ്ട്, കോടമഞ്ഞിന്‍റെ കുളിരാര്‍ന്ന പുലരികളിലേക്ക് മിഴിതുറക്കുന്ന വാഗമണ്ണുണ്ട്, ഹൗസ് ബോട്ടും കായല്‍ സവാരിയും കുട്ടനാടിന്‍റെ മീന്‍രുചികളുമെല്ലാം നിറഞ്ഞ ആലപ്പുഴയുണ്ട്... കൂടാതെ, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ബോള്‍ഗാട്ടി തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ വേറെയുമുണ്ട്.
ഇവയില്‍ ഓരോ സ്ഥലവും പോയി കണ്ടുവരാന്‍ തന്നെ ഒരു മുഴുവന്‍ ദിവസം വേണം. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്ക്, പിറവം ഭാഗത്തായി, ഒരേ ദിവസം തന്നെ സന്ദര്‍ശിക്കാവുന്ന മൂന്നു മനോഹര ഇടങ്ങള്‍ ഇതാ...
കൂരുമല
എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിലാണ് കൂരുമല സ്ഥിതിചെയ്യുന്നത്. എല്ലാവരും എപ്പോഴും പോകാറുള്ള സ്ഥലങ്ങള്‍ ഒക്കെ ഒന്ന് മാറ്റിപ്പിടിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് ബെസ്റ്റാണ് ഈ മലമ്പ്രദേശം. മണ്‍സൂണിലും മഞ്ഞുകാലത്തും കോടയിറങ്ങുന്ന ഈ സുന്ദരഭൂമിയിലേക്ക് ഈയിടെയാണ് സഞ്ചാരികള്‍ എത്തിത്തുടങ്ങുന്നത്. പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും സൂര്യനെ കാണാന്‍ എത്തുന്ന ആളുകള്‍ ഒട്ടനവധിയാണ്.
ഇവിടേക്ക് എത്താന്‍ എറണാകുളത്ത് നിന്നുള്ളവര്‍ പിറവം വഴി ഇലഞ്ഞിയിലെത്തണം. കോട്ടയം റൂട്ടിലൂടെ എത്തുന്നവര്‍ക്ക് കുറവലങ്ങാട് വഴി ഇലഞ്ഞി എത്താം. ഇലഞ്ഞിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൂരുമലയുടെ താഴ്വാരത്തിലേക്കെത്താം.
അരീക്കല്‍ വെള്ളച്ചാട്ടം
മഴക്കാലമാകുമ്പോള്‍ ഏറ്റവും മനോഹരമാകുന്ന കേരളത്തിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് പിറവത്തിനടുത്തുള്ള അരീക്കല്‍. അല്‍പ്പം അണ്ടര്‍റേറ്റഡാണെങ്കിലും ഈയിടെയായി വാരാന്ത്യങ്ങളില്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അധികം ആഴമില്ലാത്തതിനാല്‍ കൊച്ചുകുട്ടികളെയും മറ്റും കൂട്ടി വരുന്ന ആളുകള്‍ക്കും പേടിക്കേണ്ടതില്ല. അടുത്തുള്ള മണ്ഡലം മലയില്‍ നിന്നും നാവോളിമറ്റം, പിറമാടം ഭാഗങ്ങളില്‍ നിന്നും വരുന്ന വരുന്ന വെള്ളം, വെറും എഴുപതടി ഉയരെ നിന്നും മൂന്നു തട്ടുകളില്‍ തട്ടിത്തെറിച്ചാണ് താഴെയെത്തുന്നത്. വെള്ളച്ചാട്ടം ദൂരെ നിന്നും കാണാന്‍ വ്യൂപോയിന്‍റും ഉണ്ട്.
എറണാകുളത്ത് നിന്നും വരുന്നവര്‍ക്ക്, എറണാകുളം-കൂത്താട്ടുകുളം റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കുരിശിന് സമീപത്തു നിന്ന് തിരിഞ്ഞ് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരീക്കലിലെത്താം.
കൊച്ചരീക്കല്‍
കാടിനുള്ളിലെ ഗുഹയും ഉറവയും കുളവുമെല്ലാം ചേർന്ന് അതിമനോഹരമായ ഒരു പ്രദേശമാണ് കൊച്ചരീക്കല്‍. പിറവം ടൗണിൽ നിന്നും 12 കിലോമീറ്റർ ദൂരെ പിറമാടം എന്ന സ്ഥലത്താണ് ഇത്. എറണാകുളത്ത് നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താല്‍ ഇവിടെ എത്താം.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന അതിപുരാതന ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത. രണ്ടു ഗുഹകളാണ് ഇവിടെയുള്ളത്. അതിൽ ആദ്യം കാണുന്ന ഗുഹയിൽ നിന്നു ഒരു തെളിനീരുറവ ഉത്ഭവിക്കുന്നു. ആ ഉറവയിലെ ജലം അരുവിയായി താഴേയ്ക്ക് ഒഴുകി തൊട്ടടുത്ത കുളത്തിൽ നിറയും. കുടിയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളമാണ് ഈ ഉറവയിലേത്.
തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ ഗുഹയും. ആദ്യത്തേതിൽ നിന്നു വ്യത്യസ്തമായി ഈ ഗുഹ അത്യാവശ്യം വലുപ്പം കൂടിയതാണ്. ഇതിന് മുകളിലായിട്ടാണ് സന്ദര്‍ശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഗുഹയ്ക്കുള്ളിലേക്ക് പടര്‍ന്നുകയറുന്ന പുരാതനമായ ഒരു മരത്തിന്‍റെ വേരുകള്‍ കാണാം, ഇതില്‍ ചവിട്ടിയാണ് ഗുഹയ്ക്കുള്ളിലേക്ക്കയറുന്നത്. ഏകദേശം ഒരാൾ പൊക്കത്തിൽ വീതിയുള്ള ഗുഹയ്ക്കുള്ളിൽ 40 പേർക്ക് വരെ അനായാസമായി നില്‍ക്കാം. എറണാകുളത്ത് നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. പിറവം ടൗണിൽ നിന്നും രാമമംഗലം വഴി പിറമാടത്തെത്താം.
English Summary: Top one Day Destinations from Kochi