മസിനഗുഡി മാത്രമാകേണ്ട മനസ്സിൽ; ഗ്യാപ് റോഡ് വഴി മൂന്നാറിലേക്കും പോകാം
Mail This Article
‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര’...കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇതാണു ട്രെൻഡിങ്, റീൽസായും ട്രോളായും ഈ വഴി വൈറൽ, എന്നാൽ ‘വേറെ ലെവൽ’ യാത്രാനുഭവം സമ്മാനിക്കുന്ന ഇടുക്കിയിലെ പാതകളും അറിയണ്ടേ? പ്രകൃതിഭംഗി ആവോളം ആസ്വദിച്ച്, യാത്ര ചെയ്യാവുന്ന ഇടുക്കിയിലെ ചില റോഡുകൾ ഇതാ...ഇതുവഴിയുള്ള യാത്രകൾ, വഴിയിലെ കാഴ്ചകൾ...ഇതും വല്ലാത്തൊരു അനുഭവം ആയിരിക്കും, ഉറപ്പ്...
ഗ്യാപ് റോഡ് വഴി മൂന്നാറിലേക്ക്
തുടക്കം മുതൽ ഒടുക്കം വരെ അവസാനിക്കാത്ത മനോഹര കാഴ്ചകളാണു കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റർ റോഡിലുള്ളത്. മൂന്നാറിൽനിന്നു യാത്ര ആരംഭിച്ചാൽ സിഗ്നൽ പോയിന്റാണ് ആദ്യത്തെ ദൃശ്യവിസ്മയം. തേയില മലകൾക്കിടയിലൂടെയുള്ള വഴിയിലൂടെ ലാക്കാട് എത്തിയാൽ സഞ്ചാരികൾ ഫോട്ടോയെടുക്കാൻ വാഹനം നിർത്തുന്ന വ്യൂ പോയിന്റ് കാണാം. പിന്നീടെത്തുന്നത് കാഴ്ചകൾക്കു ഗ്യാപ് ഇല്ലാത്ത ഗ്യാപ് റോഡിലാണ്.മുട്ടുകാട് പാടശേഖരവും ഹൈറേഞ്ചിലെ ഒട്ടുമിക്ക കുടിയേറ്റ, കാർഷിക ഗ്രാമങ്ങളും ഇവിടെ നിന്നാൽ കാണാം. ഗ്യാപ് റോഡ് കഴിഞ്ഞാലുടൻ പെരിയകനാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച് യാത്ര തുടരാം. പെരിയകനാലിനും പൂപ്പാറയ്ക്കും ഇടയിലാണ് ആനയിറങ്കൽ ജലാശയവും ജലാശയത്തിന്റെ ചുറ്റുമുള്ള വനമേഖലയും. പൂപ്പാറ പിന്നിട്ടാൽ പിന്നെയും കുറച്ചു ഭാഗം കൂടി തേയിലക്കുന്നുകളുടെ സൗന്ദര്യം നുകരാൻ കഴിയും. ഏലത്തോട്ടങ്ങൾ പിന്നിട്ട് തോണ്ടിമലയിൽ എത്തിയാൽ അവിടെയും ആനയിറങ്കൽ ജലാശയത്തിന്റെ വിദൂരദൃശ്യം കാണാൻ കഴിയുന്ന ഒന്നിലധികം വ്യൂപോയിന്റുകൾ ഉണ്ട്.
∙ മാങ്കുളം വഴി മൂന്നാറിലേക്ക്
സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട റോഡായി മാറുകയാണു മാങ്കുളം– ലക്ഷ്മി– മൂന്നാർ. മാങ്കുളത്തുനിന്നു 25 കിലോമീറ്റർ ദൂരമാണ് ഇതുവഴി മൂന്നാറിലേക്കുള്ളത്. വിരിപാറ വെള്ളച്ചാട്ടം, ലക്ഷ്മിക്ക് സമീപമുള്ള വ്യൂ പോയിന്റ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. എന്നാൽ, റോഡ് തകർന്നു കിടക്കുന്നതു സഞ്ചാരികളുടെയും യാത്രക്കാരുടെയും ദുരിതം വർധിക്കാൻ കാരണമായിട്ടുണ്ട്.
∙ മറയൂർ വഴി ചിന്നാറിലേക്ക്മറയൂർ മുതൽ
ചിന്നാർ അതിർത്തി വരെ 16 കിലോമീറ്റർ. അതു കഴിഞ്ഞാൽ 10 കിലോമീറ്റർ തമിഴ്നാടിന്റെ ആനമല കടുവ സങ്കേതം. ഈ അന്തർസംസ്ഥാനപാതയിലൂടെ സഞ്ചരിക്കുമ്പോൾ കാഴ്ചകൾ ഒട്ടേറെ. ഇരുവശവും മരങ്ങളും വ്യത്യസ്തമായ പൂക്കളും തുടങ്ങി സിംഹവാലൻ കുരങ്ങ്, കാട്ടാനക്കൂട്ടം, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാൻകൂട്ടം എന്നിങ്ങനെ നീളുന്നു കാഴ്ചകൾ. പാമ്പാർ പുഴയുടെ ഭംഗിയും ആസ്വദിക്കാം. നക്ഷത്ര ആമകളുടെ ആവാസ വ്യവസ്ഥയുള്ള സ്ഥലം കൂടിയാണു ചിന്നാർ വന്യജീവി സങ്കേതം.
∙ ഉപ്പുതറ വഴി
വാഗമണ്ണിലേക്ക്കട്ടപ്പനയിൽനിന്നു വാഗമണ്ണിലേക്ക് പോകുന്ന സഞ്ചാരികൾക്ക് ഏലപ്പാറ കൂടാതെ യാത്ര ചെയ്യാൻ സുന്ദരമായ ഒരു വഴിയുണ്ട്. കട്ടപ്പനയിൽ നിന്നു ഉപ്പുതറ– വളകോട്-പുളിങ്കട്ട വഴി വാഗമണ്ണിലേക്കുള്ള യാത്ര അതിമനോഹരമാണ്. മാത്രമല്ല, കുറഞ്ഞ സമയത്തിൽ വാഗമണ്ണിലെത്തുകയും ചെയ്യാം.യാത്രയിലുടനീളം വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന വഴിയാണിത്. ഏലത്തോട്ടങ്ങളും പാറക്കൂട്ടങ്ങളും പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളുമൊക്കെ ഈ വഴിയിലെ കാഴ്ചകളാണ്. പലയിടത്തും മനോഹരമായ വ്യൂ പോയിന്റുകളുമുണ്ട്. ബൈക്ക് യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന ഈ വഴിയിലെ യാത്രയ്ക്ക് സഞ്ചാരികൾക്കിടയിൽ പ്രിയമേറുന്നു.
∙ കാഞ്ഞാർ–പുള്ളിക്കാനം വഴിവാഗമണ്ണിലേക്ക്
പതിവ് വാഗമൺ യാത്രകളിൽ നിന്നു വേറിട്ട അനുഭവമാണ് കാഞ്ഞാർ–പുള്ളിക്കാനം–വാഗമൺ റോഡിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത്. തേയിലത്തോട്ടങ്ങളും ചെറിയ അരുവികളും മൊട്ടക്കുന്നുകളുമൊക്കെ ഈ പാതയിലെ ആകർഷക കാഴ്ചകളാണ്.വഴി ചെറുതും വളവുകൾ നിറഞ്ഞതുമാണെങ്കിലും മിനിറ്റുകൾക്കുള്ളിൽ മാഞ്ഞും തെളിഞ്ഞും കളിക്കുന്ന മഞ്ഞും പച്ചപ്പുൽമേടുകളും ഈ റൂട്ടിനെ ഇടുക്കിയുടെ മികച്ച വിനോദസഞ്ചാര റോഡ് ആക്കി മാറ്റുന്നു. അങ്ങോട്ടുപോകുമ്പോൾ വലതുവശത്ത് ഇല്ലിക്കൽക്കല്ലിന്റെ വിദൂരദൃശ്യം കിട്ടും. ലക്ഷ്യസ്ഥാനമെത്തുമ്പോൾ വാഗമണ്ണിന്റെ മൊട്ടക്കുന്നുകളും മനം കുളിർപ്പിക്കാനുണ്ട്.