ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ യാത്ര. നീലഗിരിക്കുന്നുകളുടെ വശ്യഭംഗി ആസ്വദിച്ച് മേട്ടുപ്പാളയത്തുനിന്ന് ഊട്ടി വരെ പോകുന്ന നീലഗിരി മൗണ്ടന്‍ റെയില്‍വേ. ദിൽ സേ എന്ന ബോളിവുഡ് ചിത്രത്തിൽ ഷാറുഖ് ഖാൻ പാട്ടും പാടി തീവണ്ടിയുടെ മുകളിൽനിന്നു ഡാൻസ് കളിക്കുന്ന രംഗം ഓർമയില്ലേ, അതിവിടെയാണ്.

dil-se
ദിൽ സേ എന്ന ബോളിവുഡ് ചിത്രത്തിൽ ഷാറുഖ് ഖാൻ പാട്ടും പാടി തീവണ്ടിയുടെ മുകളിൽനിന്നു ഡാൻസ് കളിക്കുന്ന രംഗം.

 

16 തുരങ്കങ്ങളും 250 പാലങ്ങളും 208 സർപ്പന്റൈൻ വളവുകളും കടന്നു പോകുന്ന ട്രെയിൻ വെറും 45 കിലോമീറ്റർ താണ്ടുന്നത് അഞ്ചു മണിക്കൂറോളം എടുത്താണ്. പക്ഷേ ആ യാത്ര ഒരിക്കലും മറക്കാനാവാത്ത യാത്രാനുഭവമാണ്.ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേയായ നീലഗിരി മലയോര പാതയില്‍ പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ അനവധിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള റെയിൽ‌പാതയാണിത്. ഏറെ പ്രത്യേകതകളുള്ള നീലഗിരി മൗണ്ടൻ റെയിൽവേയെക്കുറിച്ച് കൂടുതൽ അറിയുന്തോറും അവിടേക്ക് എത്താനുള്ള നമ്മുടെ ആഗ്രഹങ്ങൾക്ക് വേഗം കൂടിക്കൊണ്ടേയിരിക്കും. 

 

സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെയിൻ‌യാത്രയാണിത്. 

1891 ആരംങിച്ച റെയിൽപാതയുടെ പണി, 17 വർഷമെടുത്താണ് പൂർത്തിയാക്കിയത്. നീലഗിരി മൗണ്ടൻ റെയിൽവേ, ബംഗാളിലെ ഡാർജിലിങ് ഹിമാലയൻ റെയിൽവേ, വടക്ക് ഹിമാചൽ പ്രദേശിലെ കൽക്ക ഷിംല റെയിൽവേ എന്നിവ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമാണ്. 

 

dil-se-ooty
ദിൽ സേ എന്ന ബോളിവുഡ് ചിത്രത്തിൽ ഷാറുഖ് ഖാൻ പാട്ടും പാടി തീവണ്ടിയുടെ മുകളിൽനിന്നു ഡാൻസ് കളിക്കുന്ന രംഗം

ട്രെയിൻ സർവീസ് ആരംഭിച്ചതിന്റെ 115-ാം വർഷമാണിത്. അങ്ങനെ നോക്കുമ്പോൾ ഊട്ടി എന്ന ചെറിയ പട്ടണം 2023 ൽ ഒരു നാഴികക്കല്ലുകൂടി താണ്ടുകയാണ്. കാരണം ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ ജോൺ സള്ളിവൻ നീലഗിരിക്കുന്നുകളിലെ ഈ മനോഹരമായ ഗ്രാമം കാണുകയും രാജ് സമ്മർ റിട്രീറ്റുകളുടെ പട്ടികയിലേക്ക് ഇതിനെ ചേർക്കുകയും ചെയ്തിട്ട് കൃത്യം 200 വർഷം ആകുന്നു. അതായത്, എൻഎംആർ അഥവാ നീലഗിരി മൗണ്ടൻ റെയിൽവേ അതിന്റെ നിലനിൽപ്പിന്റെ പകുതിയിലധികവും ഊട്ടിയുടെ പൈതൃകത്തിന്റെ ഭാഗമായി ഇഴുകിച്ചേർന്നിരിക്കുന്നു. 

 

ഈ ട്രെയിൻ സർവീസ് ലാഭകരമല്ലാത്തതിനാൽ അടച്ചുപൂട്ടാൻ പലവട്ടം ആലോചന വന്നിട്ടുണ്ട്. എന്നാൽ ഊട്ടിയുടെ വിനോദസഞ്ചാര മേഖലയുടെ അവിഭാജ്യ ഘടകമായതിനാൽ അതൊക്കെ അപ്പോൾത്തന്നെ വേണ്ടെന്നുവയ്ക്കുകയും ചെയ്തു. ഈ ട്രെയിനിൽ യാത്ര ചെയ്യാൻ മാത്രമാണ് പലരും ഇവിടെയെത്തുന്നത്, എൻഎംആർ ഇല്ലാത്ത ഊട്ടിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല.

 

നീലഗിരിയുടെ മഞ്ഞുമൂടി കിടക്കുന്ന കുന്നിൻ ചെരുവുകളും കുത്തനെയുള്ള കയറ്റങ്ങളും തേയിലത്തോട്ടങ്ങളും ചെറിയ വീടുകളും അങ്ങനെ കാഴ്ചകൾ അനവധിയാണ് തീവണ്ടി കടന്നു പോകുന്ന വഴിയിലുടനീളം. വലിയ കയറ്റങ്ങൾ കയറാൻ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ‘X’ ക്ലാസ്സിൽ പെടുന്ന എൻ‌ജിനുകളാണ് ഉപയോഗിക്കുന്നത്. 1918 – 1950 കാലഘട്ടത്തിൽ നിർമിച്ച എൻ‌ജിനുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യാം. ഇതിൽ ജനറൽ കമ്പാർട്ട്മെന്റും ഉണ്ട്. സ്റ്റേഷനിൽ നേരിട്ടുവന്ന് ടിക്കറ്റ് എടുക്കാൻ വെളുപ്പാൻകാലം തൊട്ടേ നീണ്ട ക്യൂ ആയിരിക്കും. 

 

വളരെ രസകരമായ ഒരനുഭവമാണ് മേട്ടുപ്പാളയത്തുനിന്ന് ഊട്ടി വരെയുമുള്ള ടോയ് ട്രെയിൻ യാത്ര. ചെങ്കുത്തായ കുന്നുകൾ കയറിയും പാലങ്ങളും ആർച്ചുകളും പിന്നിട്ടും വേണം യാത്ര പൂർത്തിയാക്കുവാൻ. ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ എന്നു വിളിക്കപ്പെടാനുള്ള മറ്റൊരു കാരണം, വഴിയിൽ നിരവധി സ്റ്റേഷനുകളിൽ ഇത് നിർത്തുന്നുണ്ടെന്നതാണ്, എന്നാൽ വേഗം കുറവായതിനാൽ യാത്രക്കാർക്ക് നീലഗിരി കുന്നുകളുടെയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും ഭംഗി പൂർണമായി മനസ്സിലാക്കാനും കഴിയും. എല്ലാം ആസ്വദിക്കാം, പക്ഷേ ഷാറുഖ് ഖാൻ ചെയ്തതുപോലെ തീവണ്ടിയുടെ മുകളിൽ കയറി നിന്ന് ഡാൻസ് ചെയ്യാൻ മാത്രം പറ്റില്ല, അതു നിരോധിച്ചിട്ടുണ്ട്.

 

Content Summary : The Ooty toy train, also known as the Nilgiri Mountain Railway, is a UNESCO World Heritage Site.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com