ലോകത്തിൽ ഏറ്റവും കൂടുതല്‍ യാത്രകള്‍ക്കായി പണം ചെലവാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

Mail This Article
കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലെ വിനോദസഞ്ചാര വ്യവസായം അതിവേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ട്. 2030 ആവുമ്പോഴേക്കും ഇന്ത്യന്‍ സഞ്ചാരികള്‍ പ്രതിവര്‍ഷം 410 ബില്യണ്‍ ഡോളര്‍ (ഏകദേശം 34.13 ലക്ഷം കോടി രൂപ) ചെലവിടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ യാത്രകള്‍ക്കായി പണം ചെലവാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കെത്തും. കോവിഡിന് മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് 173 % വളര്‍ച്ചയാണിത്. 2019ല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ 150 ബില്യണ്‍ ഡോളറാണ് യാത്രകള്‍ക്കായി ചെലവിട്ടിരുന്നത്. ബുക്കിങ് ഡോട്ട് കോമും മക്കിന്‍സേ ആന്റ് കമ്പനിയും ചേര്‍ന്ന് തയാറാക്കിയ ഹൗ ഇന്ത്യ ട്രാവല്‍സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2019 – ലെ വിനോദസഞ്ചാര രംഗത്തെ ചെലവിന്റെ 78 ശതമാനത്തിലേക്ക് 2022ല്‍ തന്നെ ഇന്ത്യ എത്തിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇന്ത്യയുടെ ഈ തിരിച്ചുവരവ്. ഏഷ്യയുടെ മൊത്തത്തിലുള്ള കാര്യമെടുത്താല്‍ 52 ശതമാനമാണ് വിനോദ സഞ്ചാര രംഗം തിരിച്ചു വന്നിട്ടുള്ളത്. ഇന്ത്യന്‍ സഞ്ചാരികളുടെ ചെലവിടല്‍ 2019 ലെ 2.3 ബില്യണ്‍ ഡോളര്‍ 2030 ആവുമ്പോഴേക്കും 5 ബില്യണ്‍ ആയി ഉയരുന്നത് ടൂറിസം മേഖലക്കു തന്നെ വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
മറ്റു രാജ്യങ്ങളിലെ പൗരന്മാരെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇന്ത്യക്കാര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രകള്‍ പ്ലാന്‍ ചെയ്യാനായി ജപ്പാന്‍കാര്‍ 57 ദിവസവും അമേരിക്കക്കാര്‍ 63 ദിവസവും ശരാശരി എടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ശരാശരി 29 ദിവസം മതി. ഇന്ത്യന്‍ യാത്രികര്‍ക്ക് ഭക്ഷണം വളരെ പ്രധാനമാണ്. 80 ശതമാനത്തിലേറെ പേരും നല്ല ഭക്ഷണം ലഭിക്കുന്ന ഇടം കൂടി നോക്കിയാണ് താമസത്തിനായുള്ള മുന്‍കൂര്‍ ബുക്കിങുകള്‍ നടത്തുന്നത്. ഹോസ്റ്റല്‍, ക്യാംപ്സൈറ്റുകള്, വെക്കേഷന് റെന്റല്‍സ് എന്നിങ്ങനെ വ്യത്യസ്തമായ താമസസ്ഥലങ്ങളും യാത്രികര്‍ പരിഗണിക്കുന്നുണ്ട്.
യാത്രക്കായി അത്ര പ്രസിദ്ധമല്ലാത്ത കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പതിവും ഇന്ത്യന്‍ യാത്രികരില്‍ ആരംഭിച്ചിട്ടുണ്ടെന്നും ബുക്കിംങ് ഡോട്ട് കോമിലെ വിവരങ്ങള്‍ പറയുന്നു. വാരാണസി, ഗുരുഗ്രാം, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലേക്കുള്ള ബുക്കിങുകളാണ് അതിവേഗത്തില്‍ ഉയരുന്നത്. കാലങ്ങളായുള്ള യാത്രികരുടെ ഇഷ്ട സ്ഥലങ്ങളായ മണാലിയും ഷിംലയും ജനകീയ സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. അതുപോല അത്ര പ്രസിദ്ധമല്ലാത്ത പഞ്ച്ഗനി, മടിക്കേരി, മൗണ്ട് അബു എന്നിവയും ഇന്ത്യന്‍ യാത്രികരുടെ ഹിറ്റ്ചാര്ട്ടിലുണ്ട്. വിദേശരാജ്യങ്ങളില്‍ വിയറ്റ്നാമും ഇന്തോനേഷ്യയും നേപ്പാളുമാണ് മുന്നിലുള്ളത്.
ഇന്ത്യന്‍ യാത്രികരുടെ പ്രധാനപ്പെട്ട യാത്രക്കുള്ള പ്രചോദനം ടിവി ഷോകളും സിനിമകളുമാണ്(54%). യാതൊരു സ്വാധീനവുമില്ലാതെ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത് ആകെ 2 ശതമാനം പേര് മാത്രമാണ്. യുട്യൂബും(91%) ഇന്‍സ്റ്റഗ്രാമുമാണ്(85%) സോഷ്യല്‍മീഡിയ വഴിയുള്ള യാത്രാ പ്രചോദനങ്ങളില്‍ മുന്നിലുള്ളത്. 'ആവേശവും താല്പര്യവും ആത്സവിശ്വാസവുമുള്ളവരാണ് ഇന്ത്യന്‍ സഞ്ചാരികള്‍. ഇന്ത്യന്‍ യാത്രികര്‍ക്കു വേണ്ട ആകര്‍ഷകവും സുസ്ഥിരവുമായ ഭൗതിക സാഹചര്യങ്ങളൊരുക്കുകയാണ് ഇനി വേണ്ടത്. ഏറ്റവും മികച്ചത് വരാനിരിക്കുന്നേയുള്ളൂ' ബുക്കിങ് ഡോട്ട് കോമിന്റെ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ കണ്ട്രി മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.