ഗോള്‍ഡന്‍ വീസയാണോ ഗോള്‍ഡന്‍ പാസ്പോർട്ടാണോ നല്ലത്
Mail This Article
ഗോള്‍ഡന്‍ വീസ ലഭിച്ച പ്രമുഖരുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അറുപതിലേറെ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കാനും താമസിക്കാനും നിക്ഷേപം നടത്താനുമൊക്കെ ഗോള്‍ഡന്‍ വീസയിലൂടെയും ഗോള്‍ഡന്‍ പാസ്പോര്‍ട്ടിലൂടെയും അവസരം നല്‍കുന്നുണ്ട്. എന്താണ് ഗോള്‍ഡന്‍ വീസ? എന്താണ് ഗോള്‍ഡന്‍ പാസ്പോര്‍ട്ട്? ഇവതമ്മിലുള്ള വ്യത്യാസങ്ങളും നല്കുന്ന സൗകര്യങ്ങളും എന്തൊക്കെയാണ്?
ഗോള്‍ഡന്‍ വീസ
റെസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്മെന്റ്(RBI) പദ്ധതിയുടെ മറ്റൊരു പേരാണ് ഗോള്‍ഡന്‍ വീസ. തങ്ങളുടെ രാജ്യത്ത് വലിയ നിക്ഷേപം നടത്തുന്ന വിദേശികള്‍ക്കു താല്‍ക്കാലിക താമസ അനുമതി നല്കുന്ന സംവിധാനമാണിത്. ചുരുക്കം ചില രാജ്യങ്ങള്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി താല്ക്കാലികമായ താമസ അനുമതി സ്ഥിരമാക്കാറുമുണ്ട്. സാധാരണ ഗതിയില്‍ ഗോള്‍ഡന്‍ വീസ ലഭിക്കുന്നവര്‍ക്കു നിശ്ചിത കാലയളവില്‍ ആ രാജ്യത്തു താമസിക്കാനുള്ള അനുമതിയും ജോലി ചെയ്യാനുള്ള അനുമതിയുമാണ് ലഭിക്കുന്നത്. ഗോള്‍ഡന്‍ വീസ ലഭിക്കാന്‍ താമസത്തിനും നിക്ഷേപത്തിനും കുറഞ്ഞ പരിധി വയ്ക്കാറുമുണ്ട്. ഇത് രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. മാനദണ്ഡങ്ങള്‍ പലതാണെങ്കിലും ഗോള്‍ഡന്‍ വീസ ലഭിക്കുന്നതിനുള്ള ചില പൊതു മാനദണ്ഡങ്ങള്‍ നോക്കാം.
- 18 വയസ് തികഞ്ഞിരിക്കണം.
- നിയമപരമായി സ്രോതസുള്ള പണം നിശ്ചിത അളവിലെങ്കിലും നിക്ഷേപിക്കണം.
- നിശ്ചിത കാലയളവ് നിക്ഷേപം പൂര്‍ത്തിയാക്കിയിരിക്കണം.
- ക്രിമിനല്‍ പശ്ചാത്തലം പാടില്ല.
- മികച്ച ആരോഗ്യസ്ഥിതിയുണ്ടാവണം.
ഗോള്‍ഡന്‍ പാസ്പോര്‍ട്ട്
സിറ്റിസന്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്മെന്റ്(CBI) എന്നാണ് ഗോള്‍ഡന്‍ പാസ്പോര്‍ട്ട് അറിയപ്പെടുന്നത്. നിശ്ചിതകാലം താമസിക്കണമെന്ന നിബന്ധനയില്ലാതെ തന്നെ രാജ്യങ്ങള്‍ വിദേശികള്‍ക്ക് നല്കുന്ന പൗരത്വവും പാസ്പോര്ട്ടുമാണിത്. ഗോള്‍ഡന്‍ പാസ്പോര്‍ട്ട് കൈവശമുള്ള വിദേശികള്‍ക്കു സ്വദേശികളുടേതിനു സമാനമായ പരിഗണന പലവിഷയങ്ങളിലും ലഭിക്കും. വ്യത്യസ്ത രാജ്യങ്ങള്‍ക്കു വ്യത്യസ്ത നിബന്ധനകളാണെങ്കിലും ഗോള്‍ഡന്‍ പാസ്പോര്‍ട്ടിനു വേണ്ട പൊതുവായ ചില നിബന്ധനകള്‍ നോക്കാം.
- 18 വയസ് പൂര്‍ത്തിയാവണം.
- നിരോധിത രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാവരുത്.
- നിയമപരമായ സാമ്പത്തിക നിക്ഷേപം നിശ്ചിത അളവില്‍ നടത്തിയിരിക്കണം.
- ക്രിമിനല്‍ പശ്ചാത്തലം പാടില്ല.
- മികച്ച ആരോഗ്യസ്ഥിതിയുണ്ടാവണം.
ഗോള്‍ഡന്‍ വീസ V/S ഗോള്‍ഡന്‍ പാസ്പോര്‍ട്ട്
ഓസ്ട്രിയ, സെന്റ് കിറ്റ്സ്, നെവിസ് തുടങ്ങി ഗോള്‍ഡന്‍ പാസ്പോര്‍ട്ട് അനുവദിക്കുന്ന രാജ്യങ്ങള്‍ നിശ്ചിത കാലത്തേക്ക് താമസിക്കണമെന്ന നിബന്ധന ഇല്ലാതെയാണ് ഇത് നല്‍കുന്നത്. അതേസമയം ഗോള്‍ഡന്‍ വീസ അനുവദിക്കുന്ന രാജ്യങ്ങള്‍ താല്‍ക്കാലിക താമസ അനുമതിയാണ് നല്‍കുന്നത്. നിശ്ചിതകാലം സമയം ഗോള്‍ഡന്‍ വീസയില്‍ താമസിക്കുന്നവര്‍ക്ക് ചില രാജ്യങ്ങള്‍ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കാറുണ്ട്.
ഇരട്ട പൗരത്വം അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇത്തരം രാജ്യങ്ങളില്‍ പലതിലും ഗോള്‍ഡന്‍ വീസയിലാണ് ഗോള്‍ഡന്‍ പാസ്പോര്‍ട്ടിനേക്കാളും ആകര്‍ഷിക്കുന്ന സൗകര്യങ്ങളുണ്ടാവുക. ഗോള്‍ഡന്‍ വീസയോ പാസ്പോര്‍ട്ടോ അനുവദിക്കുന്ന രാജ്യത്തിന്റെ പോസ്പോര്ട്ടിന് അനുമതിയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിക്കാനും സൗകര്യങ്ങള്‍ ആസ്വദിക്കാനും ഇതു ലഭിക്കുന്നവര്‍ക്കു സാധിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുക ഗോള്‍ഡന്‍ പാസ്പോര്‍ട്ട് വഴിയാണെന്ന് ഹെന്‍ലെ പാസ്പോര്‍ട്ട് ഇന്‍ഡക്സ് ചൂണ്ടിക്കാണിക്കുന്നു.
അനുവദിക്കുന്ന രാഷ്ട്രത്തിലെ പൗരന്മാരുടേതിനു സമാനമായ സൗകര്യങ്ങളാണ് ഗോള്‍ഡന്‍ പാസ്പോര്‍ട്ട് വഴി ലഭിക്കുക. അതേസമയം ഗോള്‍ഡന്‍ വീസയിലൂടെ സന്ദര്‍ശകര്‍ക്കുള്ള ആനുകൂല്യങ്ങളാണുണ്ടാവുക. ഗോള്‍ഡന്‍ വീസ ലഭിക്കുന്നവര്‍ക്ക് ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും അനുമതിയുണ്ട്. ഗോള്‍ഡന്‍ പാസ്പോര്‍ട്ടാണെങ്കില്‍ ആ രാജ്യത്തെ നികുതി അടക്കാനുള്ള അനുമതി ലഭിക്കും. ഇതുവഴി രാജ്യത്തെ പൗരന്മാര്ക്കു ലഭിക്കുന്ന ആരോഗ്യ രംഗത്തെ അടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതാണ് വ്യത്യാസം.