ട്രാവൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ എന്താണ് ചെയ്യേണ്ടത് ?
Mail This Article
യാത്ര ചെയ്യുന്നത് നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഒരുപോലെ പ്രധാനപ്പെട്ടതാണ് ട്രാവൽ ഇൻഷുറൻസ്. വിദേശയാത്രകൾക്കുള്ള വീസ ലഭിക്കാൻ യാത്രാ ഇൻഷുറൻസ് ആവശ്യമാണ്. യാത്രയിൽ ഉണ്ടാകുന്ന അപകടങ്ങൾ, ആശുപത്രി സംബന്ധമായ പ്രതിസന്ധികൾ, പാസ്പോർട്ട് പോലെയുള്ള രേഖകളുടെ നഷ്ടപ്പെടൽ, എന്തെങ്കിലും സാഹചര്യത്തിൽ ജീവഹാനി സംഭവിക്കൽ എന്നിവയെല്ലാം ട്രാവൽ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നു. ട്രാവൽ ഇൻഷുറൻസ് എടുത്തതു കൊണ്ടു മാത്രം കാര്യമില്ല. കൃത്യ സമയത്ത് അതു ക്ലെയിം ചെയ്യാനും അറിഞ്ഞിരിക്കണം. ട്രാവൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
പോളിസിയെപ്പറ്റി ധാരണ വേണം
യാത്ര ആരംഭിക്കുന്നതിനു മുൻപ്, എടുത്തിരിക്കുന്ന യാത്രാ പോളിസിയെക്കുറിച്ച് നന്നായി മനസ്സിലാക്കുക. എന്തൊക്കെയാണ് പോളിസിയിൽ ഉൾക്കൊള്ളുന്നതെന്നും ഒഴിവാക്കിയതെന്നും പോളിസി രേഖകളിൽ പറഞ്ഞിരിക്കുന്ന ക്ലെയിം പ്രോസസ് എന്താണെന്നും മനസ്സിലാക്കുക. യാത്ര റദ്ദു ചെയ്യപ്പെടുക, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങളും ആരോഗ്യ പ്രശ്നങ്ങളും, ലഗേജ് നഷ്ടപ്പെടുക, വിമാനം വൈകുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം യാത്രാ ഇൻഷുറൻസിൽ എന്താണ് നിർദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാക്കുക.
ആവശ്യമായ രേഖകൾ കരുതുക
യാത്രാ ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യാൻ എന്തൊക്കെ രേഖകളാണ് ആവശ്യമുള്ളതെന്ന് അറിഞ്ഞിരിക്കുകയും അത് കൈയിൽ കരുതുകയും ചെയ്യണം. യൂണിവേഴ്സൽ യാത്രാപാസ്, രസീതുകൾ, ഇൻവോയിസുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, പൊലീസ് റിപ്പോർട്ടുകൾ, നിങ്ങൾ എന്താണോ ക്ലെയിം ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിനെ സാധൂകരിക്കുന്ന രേഖകൾ തുടങ്ങിയവ പോളിസി ക്ലെയിം ചെയ്യാൻ ആവശ്യമാണ്. അവ ക്രമമായി അടുക്കി വയ്ക്കുക.
പോളിസി ദാതാക്കളുമായി ബന്ധപ്പെടുക
ക്ലെയിം ചെയ്യേണ്ട ഘട്ടത്തിൽ, ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക. മിക്ക ഇൻഷുറൻസ് കമ്പനികൾക്കും ഒരു ഹെൽപ് ലൈനോ 24 മണിക്കൂറും ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി കോൺടാക്റ്റ് നമ്പറോ ഉണ്ടാകും. നിങ്ങളുടെ പോളിസി നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവർക്കു കൈമാറുക. യൂണിവേഴ്സൽ ട്രാവൽ പാസ്, സംഭവം നടന്ന സ്ഥലവും തീയതിയും, സംഭവത്തെക്കുറിച്ചുള്ള ഒരു ചെറിയ വിശദീകരണം എന്നിവ നൽകുക. അപ്പോൾ, എന്താണ് അടുത്തതായി ചെയ്യേണ്ടതെന്ന് ഇൻഷുറൻസ് കമ്പനി കൃത്യമായി അറിയിക്കും. എന്തെങ്കിലും അപേക്ഷകൾ പൂരിപ്പിക്കാനോ രേഖകൾ സമർപ്പിക്കാനോ ഉണ്ടെങ്കിൽ അതും അറിയിക്കും.
ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുക
ഓരോ കമ്പനിക്കും പോളിസി ക്ലെയിം ചെയ്യുന്നതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവരുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. ക്ലെയിം ചെയ്യുന്നതിനുള്ള ഫോം സത്യസന്ധമായി പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അപേക്ഷയ്ക്കൊപ്പം ചേർക്കുക. പിഴവുകളൊന്നും വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും ഒന്നു കൂടി പരിശോധിക്കുക. നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ ക്ലെയിം ചെയ്യുന്നതിനുള്ള അപേക്ഷയും രേഖകളും സമർപ്പിക്കുക. സമയപരിധിക്കുള്ളിൽ അപേക്ഷകൾ സമർപ്പിച്ചില്ലെങ്കിൽ അത് ക്ലെയിം നിരസിക്കുന്നതിനുള്ള കാരണമാകും.
രേഖകൾ സൂക്ഷിച്ചു വയ്ക്കുക, കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുക
ഇൻഷുറൻസ് ദാതാക്കളുമായി നടന്ന എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിച്ചു വയ്ക്കുക. യൂണിവേഴ്സൽ ട്രാവൽ പാസ്, ഇ-മെയിലുകൾ, കത്തുകൾ, ഫോൺ സംഭാഷണങ്ങളിൽ നിന്നുള്ള കുറിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചു വയ്ക്കുക. ക്ലെയിം പ്രോസസ് സമയത്ത് നിങ്ങളുമായി സംസാരിക്കുന്ന പ്രതിനിധികളുടെ പേരുകൾ, സമയം, തീയതി എന്നിവ സൂക്ഷിച്ചു വയ്ക്കുക. ക്ലെയിമുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാലോ അകാരണമായി നടപടി ക്രമങ്ങൾ വൈകുകയോ ചെയ്താൽ പോളിസി ദാതാവുമായി നിരന്തരം ബന്ധപ്പെടുകയും എന്താണ് പ്രശ്നമെന്ന് മനസ്സിലാക്കുകയും ചെയ്യണം.
രാജ്യാന്തര ട്രാവൽ ഇൻഷുറൻസ് ഫയൽ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നിരുന്നാലും വളരെ ശ്രദ്ധയോടെ വേണം ഇതിനു വേണ്ടിയുള്ള ഓരോ കാര്യങ്ങളും ചെയ്യാൻ. പോളിസിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതും എന്തെങ്കിലും സംഭവിച്ചാൽ എത്രയും പെട്ടെന്ന് പോളിസി ദാതാവിനെ ബന്ധപ്പെടുന്നതും നടപടി ക്രമങ്ങൾ കൃതൃമായി പിന്തുടരുന്നതും വഴി വലിയ ബുദ്ധിമുട്ടില്ലാതെ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കും. നിങ്ങളുടെ പോളിസിയുടെ സ്വഭാവം, സാഹചര്യങ്ങൾ സമർപ്പിക്കുന്ന രേഖകൾ എന്നിവയെ ആശ്രയിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുക. എന്തായാലും യാത്രയ്ക്ക് മുമ്പ് ഒരു നല്ല ട്രാവൽ ഇൻഷുറൻസ് പോളിസി എടുക്കുന്നത് യാത്ര കൂടുതൽ ആത്മവിശ്വാസം ഉള്ളതാക്കും.