ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് പറക്കാം, വീസയില്ലാതെ
Mail This Article
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. 2025 ലെ വസന്തകാലത്തോടെ, ഇന്ത്യക്കാര്‍ക്കുള്ള യാത്രാ മാനദണ്ഡങ്ങൾ ലഘൂകരിച്ച്, വീസയില്ലാതെ യാത്ര സാധ്യമാക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. വീസ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് റഷ്യയും ഇന്ത്യയും ജൂണിൽ കൂടിയാലോചനകൾ നടത്തിയിരുന്നു. ഇരുരാജ്യങ്ങളും ചേര്‍ന്ന് വീസ രഹിത ഗ്രൂപ്പ് ടൂറിസ്റ്റ് എക്‌സ്‌ചേഞ്ചുകൾ അവതരിപ്പിക്കാൻ പദ്ധതിയിട്ടതായി വാർത്താ ഏജൻസിയായ പിടിഐ മേയ് മാസത്തിൽ റിപ്പോർട്ട് ചെയ്തു.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമാണ് ഇന്ത്യക്കാർ കൂടുതലും റഷ്യയിലേക്ക് പോകുന്നത്. 2023 ഓഗസ്റ്റ് 1 മുതൽ, റഷ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇ വീസ നല്‍കി വരുന്നുണ്ട്. അപേക്ഷ നല്‍കി ഏകദേശം നാലു ദിവസത്തിനുള്ളില്‍ തന്നെ ഇത് ലഭ്യമാക്കുന്നുണ്ട്. 2023 ൽ, റഷ്യ ഏറ്റവും കൂടുതൽ ഇ വീസകൾ അനുവദിച്ച ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് 9,500 ഇ വീസകൾ അനുവദിച്ചു. ഇത് റഷ്യ നൽകിയ മൊത്തം ഇ–വീസകളുടെ 6 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു.
കൂടാതെ, 2024 ജനുവരിയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഏകദേശം 1700 ഇ വീസകൾ അനുവദിച്ചു. 2024 ന്റെ ആദ്യ പകുതിയിൽ 28,500 ഇന്ത്യൻ യാത്രക്കാർ റഷ്യൻ തലസ്ഥാനമായ മോസ്കോ സന്ദർശിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.5 മടങ്ങ് കൂടുതലാണ് ഇത്. നിലവിൽ, ചൈനയിൽ നിന്നും ഇറാനിൽ നിന്നുമുള്ള യാത്രക്കാർക്ക് വീസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാൻ വീസ ഫ്രീ ടൂറിസ്റ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്. വീസ രഹിത ടൂറിസ്റ്റ് പദ്ധതിയുടെ വിജയം ഇന്ത്യയിലും ആവർത്തിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ, സമ്പന്നമായ ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ഒത്തുചേര്‍ന്ന ഒരിടമാണ്. റെഡ് സ്ക്വയർ, ക്രെംലിൻ, വർണാഭമായ സെന്റ് ബേസിൽ കത്തീഡ്രൽ തുടങ്ങിയ കാഴ്ചകളുള്ള തലസ്ഥാന നഗരമായ മോസ്കോ, ലക്ഷക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു. ഹെർമിറ്റേജ് മ്യൂസിയത്തിനും സമൃദ്ധമായ വിന്റർ പാലസിനും പേരുകേട്ട സെന്റ് പീറ്റേഴ്‌സ്ബർഗ് റഷ്യയുടെ സാമ്രാജ്യത്വ ഭൂതകാലത്തിന്‍റെ സ്മരണകളുമായി നിലകൊള്ളുന്നു. സൈബീരിയയുടെ അതിവിശാലമായ സൗന്ദര്യവും അനുഭവിച്ചറിയേണ്ടതാണ്. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കൽ തടാകം, ശീതകാലത്ത് വെളുത്ത കനമാര്‍ന്ന മഞ്ഞുപാളികൾ നിറയുന്ന കാഴ്ചയ്ക്ക് പേരുകേട്ടതാണ്.
മോസ്കോയ്ക്കടുത്തുള്ള പുരാതന നഗരങ്ങള്‍ നിറഞ്ഞ ഗോൾഡൻ റിങ് പരമ്പരാഗത റഷ്യൻ വാസ്തുവിദ്യയെയും സംസ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. മേയ് മാസത്തില്‍ വസന്തത്തിന്റെ അവസാനമോ, സെപ്റ്റംബര്‍ മാസത്തിലെ ശരത്കാലത്തിന്റെ തുടക്കമോ ആണ് റഷ്യ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.