യാത്രയും ജോലിയും ഒരുമിച്ച്!; ലോകത്തുണ്ട് 3 കോടി ‘ഡിജിറ്റൽ നാടോടികൾ’, സൂപ്പറാണ് നൊമാഡ് വീസ

Mail This Article
യാത്ര ചെയ്യുമ്പോള്‍ ജോലി ചെയ്യാനാവില്ല. അപ്പോള്‍ വരുമാനം കുറയുകയും ചെയ്യും. യാത്രയും ജോലിയും ഒരുമിച്ചു ചെയ്യാനായാലോ... അങ്ങനെയൊരു സാധ്യതയെ യാഥാര്‍ഥ്യമാക്കിയവരാണ് ഡിജിറ്റല്‍ നൊമാഡുകള്‍ അഥവാ ഡിജിറ്റല്‍ കാലത്തെ നാടോടികള്‍. ഇഷ്ടമുള്ള രാജ്യത്ത് കറങ്ങി നടക്കുകയും കൂടെ ലാപ്ടോപും ഇന്റര്‍നെറ്റും ഉപയോഗിച്ച് ജോലി ചെയ്ത് വരുമാനമുണ്ടാക്കുകയും ചെയ്യുന്നവര്‍. ലോകത്താകെ മൂന്നു കോടിയിലേറെ ഡിജിറ്റല്‍ നാടോടികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്കുവേണ്ടി സവിശേഷമായ വീസകള്‍ പല രാജ്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ നൊമാഡ് വീസ സ്വന്തമാക്കണമെങ്കില്‍ നിശ്ചിത വരുമാനത്തിന് തെളിവ് കാണിക്കാനും സാധിക്കണം.
2025 ല്‍ യൂറോപ്യന്‍ രാജ്യമായ സ്പെയിന് ഡിജിറ്റല്‍ നൊമാഡ് വീസയ്ക്ക് കാണിക്കേണ്ട വരുമാനത്തിന്റെ പരിധി ഉയര്‍ത്തിയിരുന്നു. സ്പെയിനിലെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട നടപടിയായിരുന്നു അത്. സ്പെയിനിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 4.4 ശതമാനം വര്‍ധിപ്പിക്കാനും സര്‍ക്കാരും ട്രേഡ് യൂണിയനുകളും ധാരണയായിരുന്നു. ഇതോടെ സ്പെയിനിലെ കുറഞ്ഞ വരുമാനം പ്രതിമാസം 50 യൂറോ വര്‍ധിച്ച് 1,184 യൂറോയിലേക്കെത്തിയിരുന്നു. പ്രതിവര്‍ഷം 14 തവണ വേതനം നല്കുന്ന സ്പെയിനിലെ വാര്‍ഷിക കുറഞ്ഞ വരുമാനം 16,576 യൂറോ ആയി ഉയരുകയും ചെയ്തു.
ഈ കുറഞ്ഞ വേതനം പ്രതിമാസ കാലയളവിലേക്കു കണക്കുകൂട്ടുമ്പോള്‍ 1,381.33 യൂറോയാണ് വരിക. ഡിജിറ്റല്‍ നൊമാഡ് വീസക്കായി ഈ കുറഞ്ഞ വേതനത്തിന്റെ ഇരട്ടിയെങ്കിലും വരുമാനമുണ്ടെന്ന് കാണിക്കേണ്ടി വരും. അതായത് പ്രതിമാസം 2,762 യൂറോ(ഏകദേശം 2.46 ലക്ഷം രൂപ) പ്രതിമാസ വേതനമുള്ളവര്‍ക്ക് മാത്രമേ ഈ വര്‍ഷം മുതല്‍ സ്പെയിനിലെ ഡിജിറ്റല്‍ നൊമാഡ് വിസക്ക് യോഗ്യതയുണ്ടാവൂ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100 യൂറോ കൂടുതല്‍. അപ്പോഴും സ്പെയിനിലാണ് ഏറ്റവും ഉയര്‍ന്ന തുക വരുമാനമായി ഡിജിറ്റല്‍ നൊമാഡ് വീസക്കായി കാണിക്കേണ്ടി വരികയെന്നു കരുതരുത്.

യൂറോപ്പിലെ തന്നെ ഏറ്റവും ഉയര്‍ന്ന വരുമാനം കാണിക്കേണ്ട ഡിജിറ്റല്‍ നൊമാഡ് വീസ ഐസ്ലാന്ഡിന്റേതാണ്. 7,075 യൂറോയാണ്(ഏകദേശം 6.32 ലക്ഷം രൂപ) ഐസ്ലാന്‍ഡിലേക്കു വരുന്ന ഡിജിറ്റല്‍ നൊമാഡുകള്‍ പ്രതിമാസ വരുമാനമായി കാണിക്കേണ്ടത്. ഫ്രീലാന്സര്മാരായോ വിദേശ കമ്പനികളുടെ ജീവനക്കാരായോ ഈ വീസക്ക് അപേക്ഷിക്കാം. ആറു മാസമാണ് വീസ കാലാവധി. ഈ സമയം ഐസ്ലന്ഡില് നികുതി നല്കുന്ന പൗരന്മാരായി ഡിജിറ്റല്‍ നൊമാഡുകളെ കണക്കാക്കുകയും ചെയ്യും.

ഡിജിറ്റല്‍ നൊമാഡ് വീസയുടെ ചെലവില്‍ രണ്ടാം സ്ഥാനം എസ്തോണിയക്കാണ്. പ്രതിമാസം 4,500 യൂറോ(ഏകദേശം നാലു ലക്ഷം രൂപ) വരുമാനം എസ്തോണിയുടെ ഡിജിറ്റല്‍ നൊമാഡ് വീസക്കായി കാണിക്കണം. ഒരു വര്‍ഷം വരെയാണ് വീസ അനുവദിക്കുക. ആറുമാസത്തിലേറെ കാലം താമസിച്ചാല്‍ സാധാരണ പൗരന്മാരെ പോലെ നികുതിയും നല്‍കേണ്ടി വരും.

റൊമാനിയ 3,950 യൂറോയും ഫിന്‍ലാന്‍ഡ് 1,220 യൂറോയും മോണ്ടിനെഗ്രോ 1,400 യൂറോയുമാണ് ഡിജിറ്റല്‍ നൊമാഡ് വീസക്കായി അപേക്ഷിക്കാന്‍ പ്രതിമാസ വരുമാനം കാണിക്കേണ്ടത്. അല്‍ബേനിയയില്‍ ഒരു വര്‍ഷം വരെ താമസിച്ചു ജോലി ചെയ്യാന്‍ വിദേശികള്‍ക്ക് അനുമതിയുണ്ട്. 2022 തുടക്കത്തില്‍ സവിശേഷ അനുമതിയെന്ന നിലയിലാണ് ഈ സംവിധാനം അല്‍ബേനിയ ആരംഭിച്ചത്. അഞ്ചു തവണ വരെ ഈ പെര്‍മിറ്റ് പുതുക്കാനുമാവും. പ്രതിവര്‍ഷം 9,800 യൂറോ(ഏകദേശം 8.75 ലക്ഷം രൂപ) വരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇതിനായി ഹാജരാക്കേണ്ടതുണ്ട്.