ADVERTISEMENT

ലോകമൊന്നാകെ പ്രണയം ആഘോഷിക്കുന്ന മാസങ്ങളില്‍ ഒന്നാണ് ഫെബ്രുവരി. പ്രിയപ്പെട്ട ആളിനൊപ്പം ഇക്കുറി വാലന്‍റൈൻസ് ഡേ ആഘോഷിക്കാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട. ജാപ്പനീസ് വിശ്വാസമനുസരിച്ച്, നന്നായി പ്രാര്‍ത്ഥിച്ചാല്‍ എത്ര നടക്കില്ലെന്നു കരുതിയ പ്രണയവും പൂത്തു തളിര്‍ക്കും. പുരാതന നഗരമായ ഇസുമോയില്‍ ഇതിനായി ഒരു ക്ഷേത്രമുണ്ട്. പ്രിയപ്പെട്ട ആളുകളെ സ്വന്തമാക്കാനായി, വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്നു. 

ഇസുമോ തൈഷ; ജപ്പാനിലെ രണ്ടാമത്തെ പ്രധാന ക്ഷേത്രം

ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണ് ഇസുമോ തൈഷ(Izumo Taisha), ജപ്പാന്‍ നഗരത്തോളം പഴക്കമുണ്ട് ഇതിന്. എഡി 700 കളുടെ തുടക്കത്തിൽ തന്നെ ഇത് നിലവിലുണ്ടായിരുന്നു എന്ന് രാജ്യത്തിന്‍റെ ഏറ്റവും പഴയ ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. ജപ്പാനിലെ പ്രിഫെക്ചറുകളിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ളതും 2023 ൽ ഏറ്റവും കുറവ് ആളുകള്‍ സന്ദർശിച്ച ഇടവുമായ ഷിമാനെയിൽ, ജപ്പാൻ കടലിനോട് ചേർന്ന് കിടക്കുന്ന ഇസുമോ നഗരത്തിലാണ് ഈ ക്ഷേത്രം ഉള്ളത്. 

സൂര്യദേവത അമതേരാസുവിന് സമർപ്പിച്ചിരിക്കുന്ന ഐസ് ഗ്രാൻഡ് ക്ഷേത്ര(Ise Shrine)ത്തിന്‌ ശേഷം, ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ക്ഷേത്രമാണ് ഇസുമോ തൈഷ.

പ്രണയത്തിന്‍റെ ദേവന്‍

ഇസുമോ തൈഷയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാന ദേവൻ 'കാമി' അഥവാ 'ഒകുനിനുഷി നോ ഒകാമി'(Okuninushi no Okami)ആണ്. സൃഷ്ടി പുരാണങ്ങൾ അനുസരിച്ച്, ഒകുനിനുഷി, ജപ്പാൻ എന്ന ദേശത്തിന്‍റെ സ്രഷ്ടാവും ഇസുമോയുടെ ഭരണാധികാരിയുമായിരുന്നു. പ്രണയമുള്‍പ്പെടെയുള്ള നല്ല ബന്ധങ്ങളുടെയും, വിവാഹത്തിന്‍റെയും ദേവതയായും അദ്ദേഹം അറിയപ്പെടുന്നു. ഇവിടെ സന്ദര്‍ശകര്‍ നാലു തവണ കൈകൊട്ടി പ്രാര്‍ഥിക്കുന്നു, രണ്ടു തവണ തങ്ങള്‍ക്ക് വേണ്ടിയും അടുത്ത രണ്ടു തവണ തങ്ങള്‍ ആഗ്രഹിച്ച പങ്കാളികൾക്കായും.

Japanese Hadaka Matsuri, naked festival. Image Credit :petesphotography/istockphoto
Japanese Hadaka Matsuri, naked festival. Image Credit :petesphotography/istockphoto

ദൈവങ്ങളുടെ സമ്മേളനം

ഒരു രാജ്യത്തെ എല്ലാ ദൈവങ്ങളും ഒരിടത്ത് സമ്മേളിച്ചാല്‍ എങ്ങനെയിരിക്കും? ജപ്പാനില്‍ അങ്ങനെയൊരു സമയമുണ്ട്. എല്ലാ വർഷവും, നവംബറിൽ വരുന്ന പത്താം ചാന്ദ്ര മാസത്തിലെ 10 മുതൽ 17 വരെയുള്ള തീയതികളില്‍ ദേശമെമ്പാടുമുള്ള ഷിന്റോ ദേവതകളും അനുഗ്രഹം ചൊരിയുന്ന ആത്മാക്കളും ഇസുമോ തൈഷയിൽ ഒത്തുകൂടുന്നു എന്നാണ് വിശ്വാസം. വരും വർഷത്തിൽ മനുഷ്യ ബന്ധങ്ങളുടെ വിധി തീരുമാനിക്കാനാണ് അവര്‍ വരുന്നതെന്ന് കരുതപ്പെടുന്നു. അതിനാല്‍, പത്താം ചാന്ദ്ര മാസം ഇസുമോയിൽ 'കമിയാരിസുക്കി' (Kamiarizuki) അഥവാ 'ദേവതകളുള്ള മാസം' എന്നറിയപ്പെടുന്നു. മറ്റെല്ലാ പ്രദേശത്തും, 'കന്നാസുക്കി' (Kannazuki)അഥവാ 'ദൈവങ്ങളില്ലാത്ത മാസം' എന്നും അറിയപ്പെടുന്നു. പാരമ്പര്യമനുസരിച്ച്, ഈ കാലയളവിൽ ഇസുമോ തൈഷ ക്ഷേത്രത്തിൽ കമിയാരി(Kamiari) ഉത്സവം നടക്കുന്നു. അതുകൊണ്ട് ഇസുമോ തൈഷ ജപ്പാനിലെ 'പവർ സ്പോട്ടു'കളിൽ ഒന്നായി അറിയപ്പെടുന്നു.

ദേവന്മാരുടെ ഏഴ് ദിവസത്തെ ഒത്തുചേരൽ മനോഹരമായ കാഴ്ചയാണ്. ഇക്കൊല്ലം, നവംബർ 11-17 തീയതികളിലാണ് ഈ ഉത്സവം അരങ്ങേറുക. ഇനാസ-നോ-ഹാമയിലെ കടൽത്തീരത്ത് ദൈവങ്ങളെ ഇസുമോയിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങോടെയാണ് ഇത് ആരംഭിക്കുന്നത്. സൂര്യാസ്തമയത്തിനു തൊട്ടുപിന്നാലെ തീ കത്തിക്കുകയും ദേവാലയ പുരോഹിതന്മാർ, പൊതുജനങ്ങളുടെ കാഴ്ചയിൽ നിന്ന് വെളുത്ത ഷീറ്റുകൾ കൊണ്ട് മറച്ച്, കാമിയെ ഇസുമോ തൈഷയിലേക്ക് കൊണ്ടുപോകുകയും,  ചെയ്യുന്നു. അപ്പോള്‍ നടക്കുന്ന വിരുന്നുകളില്‍ മദ്യവും ഭക്ഷണവുമെല്ലാം സുലഭമായിരിക്കും. ദൈവങ്ങള്‍ ഇവയെല്ലാം ആസ്വദിക്കുന്നു എന്നാണ് വിശ്വാസം. 

ക്ഷേത്രത്തിന്‍റെ ഘടന

കടകളും റസ്റ്ററന്റുകളും നിറഞ്ഞ ഒരു ഷോപ്പിങ് സ്ട്രീറ്റിൽ നിന്നുമാണ് ദേവാലയത്തിലേക്കുള്ള പ്രധാന പ്രവേശനം ആരംഭിക്കുന്നത്. ഒരു ഭീമന്‍ ടോറി(Torii ) ഗേറ്റ് കടന്നുവേണം ഉള്ളിലേക്ക് ചെല്ലാന്‍. ഷിന്റോ ദേവാലയങ്ങളുടെ പ്രവേശന കവാടത്തില്‍ കാണുന്ന പരമ്പരാഗത ജാപ്പനീസ് ഗേറ്റ് ആണ് ടോറി എന്നറിയപ്പെടുന്നത്. ലൗകികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തുന്ന ഇത്തരം കവാടങ്ങള്‍ ദൈവങ്ങളെ സ്വാഗതം ചെയ്യാനായി നിർമിക്കപ്പെട്ടവയാണ്.

ടോറി ഗേറ്റ് കടന്ന് മുന്നോട്ടു പോകുമ്പോള്‍, പൈന്‍ മരങ്ങളുടെ നിരയാല്‍ വിഭജിക്കപ്പെട്ട മൂന്നു പാതകള്‍ മുന്നില്‍ തെളിയും. ഇവയില്‍ മധ്യത്തിലുള്ള പാത ദേവന്മാർക്കായി നീക്കിവച്ചിരിക്കുന്നതിനാല്‍, സന്ദർശകർ ഇതിലൂടെ നടക്കുന്നത് ഒഴിവാക്കണം. പൈൻ മരങ്ങൾ കടന്ന് ഒടുവിൽ ഒരു വെങ്കല ടോറി ഗേറ്റിലെത്തും. ഇതാണ് പ്രധാന ആരാധനാലയത്തിലേക്കുള്ള പ്രവേശന കവാടം.

കയറി വരുമ്പോള്‍ തന്നെ 'ഷിമെനവ' (shimenawa)  എന്നറിയപ്പെടുന്ന ഭീമന്‍  വൈക്കോൽ കയർ തൂക്കിയിട്ടിരിക്കുന്നത് കാണാം. ഇതാണ് ആരാധനാ ഹാൾ അഥവാ 'ഹൈഡൻ' (Haiden). ഒരു ദേവതയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുകയും ദൈവിക സ്ഥലത്തെ നശ്വരമായ ലോകത്തിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്ന ഒന്നാണ് ഷിമെനവ. മറ്റ് ആരാധനാലയങ്ങളിലും ഇത് കാണപ്പെടുന്നുണ്ടെങ്കിലും ഇത്രയും വലിയ ഷിമെനവ ഇസുമോ മേഖലയുടെ സവിശേഷതയാണ്. 

Wakayama, Japan. Image Credit: bluesky85/Istock
Wakayama, Japan. Image Credit: bluesky85/Istock

ആരാധനാ ഹാളിന് പിന്നിൽ 24 മീറ്റർ ഉയരമുള്ള മെയിൻ ഹാൾ അഥവാ 'ഹോണ്ടൻ' (Honden) ഉണ്ട്, ഇത് ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ ആരാധനാലയ കെട്ടിടമാണ്. പൂർണ്ണമായും ജാപ്പനീസ് വാസ്തുവിദ്യാ ശൈലിയില്‍, 1744 ൽ നിര്‍മിച്ച ഈ കെട്ടിടത്തിന് ഭീമന്‍ തൂണുകളുണ്ട്.

Nikko National Park/Japan. Image Credit : Juergen Sack/istockphoto
Nikko National Park/Japan. Image Credit : Juergen Sack/istockphoto

പ്രധാന ഹാളും മറ്റ് ചെറിയ ആരാധനാലയ കെട്ടിടങ്ങളും രണ്ട് സെറ്റ് വേലികളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സാധാരണ സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയാത്ത ശ്രീകോവിലുകളുണ്ട് ഇവിടെ, എന്നിരുന്നാലും, പുറത്തെ വേലിക്ക് ചുറ്റും നടക്കാനും അതിനു ചുറ്റുമുള്ള നിരവധി ആരാധനാലയങ്ങൾ കാണാനും കഴിയും. അവയിൽ പ്രധാന ആരാധനാലയത്തിന്‍റെ ഇരുവശത്തുമായി മരം കൊണ്ട് നിർമിച്ച നീളമുള്ള രണ്ടു കെട്ടിടങ്ങളുണ്ട്, ഇതിനെ 'ജുകുഷ'(Jukusha) എന്നു വിളിക്കുന്നു, എല്ലാ ദേവന്മാരും ഒത്തുകൂടുന്ന സമയത്ത് അവരുടെ താമസസ്ഥലമാണ് ഇത്.

Image Credit : franckreporter/istockphoto
Image Credit : franckreporter/istockphoto

ദേവാലയ മൈതാനത്തിന്‍റെ തെക്കുകിഴക്കേ മൂലയിൽ ഒരു നിധി ഹാൾ(Treasure Hall)ഉണ്ട് , അതിൽ പെയിന്റിങ്ങുകൾ, രേഖകൾ, ആഡംബരപൂർവം അലങ്കരിച്ച പാത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. അതേപോലെ, മൈതാനത്തിന് തൊട്ടുകിഴക്കായി പുരാതന ഇസുമോയിലെ ഷിമാനെ മ്യൂസിയം(Shimane Museum of Ancient Izumo) സ്ഥിതിചെയ്യുന്നു, അവിടെ സന്ദർശകർക്ക് ദേവാലയത്തെക്കുറിച്ചും ഇസുമോ മേഖലയെക്കുറിച്ചും കൂടുതലറിയാൻ കഴിയും.

japan-trip4
മൗണ്ട് ഫുജി

പ്രണയികള്‍ മാത്രമല്ല

ഇസുമോ സന്ദർശിക്കുന്ന എല്ലാവരും പ്രണയം തേടിയെത്തുന്നവരല്ല. ഇസുമോ നഗരത്തിലെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി, പ്രണയത്തിനും മറ്റു നല്ല ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് തയാറാക്കിയ പ്ലാനുകളുടെ ഭാഗമായി ക്ഷേത്രവും ചുറ്റുമുള്ള മറ്റു കാഴ്ചകളും ഈയടുത്ത കാലത്തായി കൂടുതല്‍ ജനപ്രീതിയാർജിച്ചു. 2023 ൽ ഏഴ് ദശലക്ഷത്തിലധികം ആളുകൾ ഈ ദേവാലയം സന്ദർശിച്ചതായി ഇസുമോ സിറ്റി പറയുന്നു, അതിൽ വിവാഹിതരായ ഏകദേശം 350 ദമ്പതികൾ ഉൾപ്പെടുന്നു.

ജപ്പാനിലെ വിവാഹ നിരക്കുകൾ കുത്തനെ ഇടിയുന്നതിനാല്‍, ഈ ക്ഷേത്രം കേന്ദ്രമാക്കി സര്‍ക്കാര്‍ തന്നെ വിവിധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആളുകളെ വിവാഹത്തിലേക്ക് ആകർഷിക്കാനും നഗരത്തിലെ ജനനനിരക്ക് കുറയുന്നത് തടയാനും വേണ്ടി ടോക്കിയോ സർക്കാർ 'ടോക്കിയോ എൻമുസുബി' എന്ന പേരില്‍ ഒരു മാച്ച് മേക്കിങ് ആപ്പ് പുറത്തിറക്കിയിരുന്നു. 

എങ്ങനെ എത്താം?

ഇസുമോ തൈഷ ദേവാലയം എല്ലാദിവസവും ഇരുപത്തിനാലു മണിക്കൂറും സഞ്ചാരികള്‍ക്കായി തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്. ട്രഷര്‍ ഹാള്‍ സന്ദര്‍ശിക്കാന്‍ 300 യെൻ കൊടുക്കണം. രാവിലെ എട്ടര മുതല്‍ വൈകീട്ട് നാലര വരെയേ ട്രഷര്‍ ഹാളിലേക്ക് പ്രവേശനം ഉള്ളൂ.

ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്, ഇസുമോ എൻമുസുബി വിമാനത്താവളമാണ്. ട്രെയിന്‍ വഴിയും ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാനാവും. മാറ്റ്‌സുവിൽ നിന്ന്, ഇച്ചിബാറ്റ റെയിൽവേ വഴി ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. അവസാന സ്റ്റേഷനായ ഇസുമോ തൈഷ-മേ സ്റ്റേഷനിൽ നിന്ന് അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് ക്ഷേത്രം.

English Summary:

Discover Izumo Taisha, Japan's second most important shrine, a powerful spot where eight lakh gods gather annually. Learn about its history, the God of Love, and plan your visit to this captivating location.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com