'ലോകത്തിലെ ഗംഭീര സ്ഥലങ്ങളുടെ' പട്ടികയിലെത്തിയ ഇന്ത്യൻ ഹോട്ടലുകൾ

Mail This Article
സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട 'ലോകത്തിലെ ഗംഭീര സ്ഥലങ്ങളുടെ' 2025ലെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്. തികച്ചും സവിശേഷമായ അനുഭവം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കാന്‍ കഴിവുള്ളവയാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ടൈം മാഗസിന് പ്രതിനിധികളില്‍ നിന്നും വായനക്കാരില്‍ നിന്നും മാത്രമല്ല പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയിരിക്കുന്നത്. ആഡംബര ഹോട്ടലുകളും കപ്പലുകളും, മ്യൂസിയങ്ങളും പാര്‍ക്കുകളുമെല്ലാം അടങ്ങിയിട്ടുള്ള ടൈം മാഗസിന് പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടു ഹോട്ടലുകളും ഇടം നേടിയിട്ടുണ്ട്.
റാഫിള്‍സ് ജയ്പൂരും ഒബ്റോയ് വിന്ധ്യാവിലാസ് വൈല്‍ഡ് ലൈഫ് റിസോര്‍ട്ടുമാണ് ഇന്ത്യയില്‍ നിന്നും താമസിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ ടൈം മാഗസിന് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ആരംഭിച്ച പാപാസ് എന്ന റസ്റ്ററന്റ് സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ടൈം മാഗസിന് പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
∙ റാഫിള്‍സ് ജയ്പൂര്‍
ജയ്പൂരിലെ കുകാസ് നഗരത്തിലെ കൊട്ടാര സമാനമായ ഹോട്ടലാണ് റാഫിള്‍സ് ജയ്പൂര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച ഈ ഹോട്ടലിനെ 'ഡിസൈന്‍ മാസ്റ്റര്‍പീസ്' എന്നാണ് ടൈം മാഗസിന് വിശേഷിപ്പിച്ചിരിക്കുന്നത്. ശില്പികള് കൊത്തിയെടുത്ത മാര്‍ബിളുകളും മുഗള്‍ ശൈലിയിലുള്ള നിര്‍മാണവും ജാളികളുടെ വൈവിധ്യവും ചില്ലുകളിലും മാര്ബിളിലുമായുള്ള രാജസ്ഥാനിലെ പരമ്പരാഗത കൊത്തുപണി തിക്രിയുമെല്ലാം റാഫിള്സില് സന്ദര്‍ശകര്‍ക്ക് പുതു അനുഭവമാവും. പരമ്പരാഗത സവിശേഷതകള്‍ക്കൊപ്പം നീന്തല്‍ കുളങ്ങളും ഇലക്ട്രോണിക് കര്‍ട്ടനുകളും നെസ്പ്രെസോ മെഷാനുകളുമെല്ലാം ആധുനിക സൗകര്യങ്ങള്‍ ആസ്വദിക്കാനും സന്ദര്‍ശകരെ സഹായിക്കും. റൂഫ് ടോപ്പില്‍ ആരവല്ലി മലനിരകള്‍ക്ക് അഭിമുഖമായുള്ള ഇന്‍ഫിനിറ്റി പൂളും സവിശേഷതയാണ്.

∙ഒബ്റോയ് വിന്ധ്യാവിലാസ് വൈല്‍ഡ്ലൈഫ് റിസോര്‍ട്ട്
മധ്യപ്രദേശിലെ ഭാര്ഗവഗ്രഹ് ദേശീയ പാര്‍ക്കിനോടു ചേര്‍ന്നാണ് 21 ഏക്കറില്‍ ഒബ്റോയ് വിന്ധ്യാവിലാസ് വൈല്‍ഡ്ലൈഫ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബംഗാള്‍ കടുവയെ അതിന്റെ തനത് ആവാസ വ്യവസ്ഥയില്‍ കാണാന്‍ സഹായിക്കുന്ന സഫാരികളുടെ പേരില്‍ പ്രസിദ്ധമാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രം. കാടിന്റെ വന്യതയെ ആധുനിക സൗകര്യങ്ങളുടേയും സുരക്ഷയുടേയും നടുവില്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒബ്റോയ് വിന്ധ്യാവിലാസ് വൈല്‍ഡ്ലൈഫ് റിസോര്‍ട്ട് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് തുടക്കത്തിലാണ് ഈ ആഡംബര റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. സ്വന്തം പൂന്തോട്ടങ്ങളുള്ള 19 എസി ടെന്റുകളും രണ്ട് പ്രൈവറ്റ് പൂള് വില്ലകളുമാണ് ഇവിടെയുള്ളത്. സ്പാ, ലൈബ്രറി, നീന്തല്‍ കുളങ്ങള്‍, ഫിറ്റ്നസ് സെന്റര്‍, മനോഹരമായ പൂന്തോട്ടങ്ങള്‍, തടാകം, നടവഴികള്‍, പ്രാദേശിക വിഭവങ്ങള്‍ അടക്കം വിളമ്പുന്ന ഓപണ്‍ എയര്‍ റസ്റ്ററന്റ് എന്നിവയെല്ലാം ഒബ്റോയ് വിന്ധ്യാവിലാസ് വൈല്‍ഡ്ലൈഫ് റിസോര്‍ട്ടിനെ സവിശേഷമാക്കുന്നുവെന്നാണ് ടൈം മാസഗിന് കുറിച്ചിരിക്കുന്നത്.
∙പാപാസ്
രണ്ട് ഹോട്ടലുകള്‍ക്ക് പുറമേ ഒരു റസ്റ്ററന്റും ഇന്ത്യയില്‍ നിന്നും ടൈം മാഗസിന് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ ആരംഭിച്ച പാപാസാണ് ഈ റസ്റ്ററന്റ്. സെലിബ്രിറ്റി ഷെഫ് ഹുസൈന് ഷഹ്സാദും ഹംഗര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുമാണ് പാപാസിന് പിന്നിലുള്ളത്. ദ ബോംബെ കാന്റീന്, ഒ പെഡ്രോ, ബോംബെ സ്വീറ്റ് ഷോപ്പ്, വെറോനിക്കാസ് എന്നിവയെല്ലാം ഹംഗര്‍ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിനു കീഴിലുള്ളവയാണ്. ബാന്ദ്ര വെസ്റ്റില്‍ വെറോണിക്കാസ് സാന്ഡ്വിച്ച് ഷോപ്പിനു മുകളിലാണ് പാപാസിന്റെ സ്ഥാനം.
2024ലും രണ്ട് ഇന്ത്യന്‍ റസ്റ്ററന്റുകള്‍ ടൈം മാഗസിന്റെ ലോകത്തിലെ ഗംഭീര സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ഹൈദരാബാദിലെ ചോക്ളേറ്റ് ഫാക്ടറിയായ മനം ചോക്ളേറ്റും കസൗളിയിലെ നാര് റസ്റ്ററന്റുമായിരുന്നു അത്.