ADVERTISEMENT

പഠനം കഴിഞ്ഞു, ഒരു ജോലി നേടാനുള്ള എല്ലാ അക്കാദമിക് യോഗ്യതയുമുണ്ട്. പക്ഷേ എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കുക? എന്തൊക്കെയാണ് അതിനു വേണ്ടത്? റെസ്യുമെയാണ് അതിന്റെ അടിസ്ഥാനമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ പലർക്കുമറിയില്ല എങ്ങനെയാണ് ഒരു റെസ്യുമെ തയാറാക്കുന്നതെന്ന്. സ്വന്തം വിവരങ്ങൾ കൃത്യമായി നൽകാത്തതിന്റെ പേരിൽ ജോലി ലഭിക്കാത്ത എത്രയോ പേരുണ്ട്. അപ്പോഴുള്ള ചോദ്യം, എങ്ങനെയാണ് ഈ റെസ്യുമെ തയാറാക്കുക എന്നതാണ്. പലരും സ്വയം ചെയ്യുമ്പോൾ അതിലുണ്ടാകുന്ന പാകപ്പിഴകൾ മനസ്സിലാക്കാനെളുപ്പമല്ല. ഒരു റെസ്യുമെ പ്ലാനർ കൂടെയുണ്ടെങ്കിലോ? ആവശ്യമുള്ളവരെ സഹായിക്കുക എന്നതിനൊപ്പം സ്വന്തമായി ഒരു വരുമാനം കൂടിയാണ് രേണു ഷേണായിക്ക് റെസ്യുമെ മേക്കോവർ സ്പെഷലിസ്റ്റ് എന്ന ജോലി. മാസം നാൽപത്തിനായിരത്തിലധികം രൂപ ഇതുവഴി രേണു സമ്പാദിക്കുന്നു. രേണു സംസാരിക്കുന്നു:

റെസ്യൂമേയ്ക്കു വേണം ഒരു മേക്കോവർ!

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ കരിക്കുലം വിറ്റെയോ (സിവി) റെസ്യുമെയോ എത്ര പ്രധാനമാണെന്ന് നമുക്കറിയാം. നമ്മളെ കാണുന്നതിനു മുമ്പുതന്നെ, നമ്മളെക്കുറിച്ചു സംസാരിക്കും അവ. പണ്ടൊക്കെ പഠിച്ച കോഴ്സും മാർക്കും കോളജിന്റെ പേരും അച്ഛന്റെ പേരും മേൽവിലാസവും ജാതിയും മതവുമൊക്കെ എഴുതുമ്പോൾ, ജോലി വിവരങ്ങൾ വെറും രണ്ടോ മൂന്നോ വാചകങ്ങളിൽ ഒതുക്കിയിരുന്നു. അല്ലെങ്കിൽ അഞ്ചോ ആറോ പേജിൽ വലിച്ചു വാരി എഴുതിയിട്ടുണ്ടാകും. കുറേ എഴുതിയാൽ, നല്ല അനുഭവസമ്പത്തുള്ള ആളാണെന്നു കരുതും എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ചിലപ്പോൾ ഒരു ഒഴിവിലേക്കു വരുന്നത് നൂറിലേറെ റെസ്യുമെ ആയിരിക്കും. ഇത് മുഴുവൻ ഇരുന്നു വായിക്കാനുള്ള മാനസികാവസ്ഥ റിക്രൂട്ട്മെന്റ് നടത്തുന്ന ആളുകൾക്ക് ഉണ്ടാകണമെന്നില്ല. ആകർഷകമായ ഒരു റെസ്യൂമെയിൽ കണ്ണുടക്കിയാൽ അതിനായിരിക്കും മുൻഗണന. അപ്പോൾ റെസ്യൂമെ ആകർഷകമാക്കണം എന്നത് നിർബന്ധമാണ്. അതിനൊരു മേക്കോവർ ആവശ്യം തന്നെയാണ്  

renu-3

അനുഭവമുള്ളതുകൊണ്ടാണ്

റിക്രൂട്ട്മെന്റിൽ ജോലി ചെയ്തിരുന്നപ്പോൾ ശരിക്കും കഷ്ടപ്പെട്ടിട്ടുള്ളതാണ്. റെസ്യൂമെയിൽ ഇന്റർവ്യൂവർ എന്തൊക്കെയാണ് നോക്കുന്നത് എന്നൊക്കെ അന്നാണ് മനസ്സിലായത്. അതനുസരിച്ച് റെസ്യുമെ ചെയ്യണം എന്നും മനസ്സിലായി. മിതമായ വാക്കുകളിൽ , ATS /SEO , കീവേഡ്സ് ഒക്കെ ചേർത്തിട്ടാണ് ആണ് റെസ്യുമെ ചെയ്യുന്നത്. നമ്മൾ ആ അനുഭവ സമ്പത്ത് ചേർത്തു വച്ചാണ് ഇത് തയാറാക്കുന്നത്.

ഇതൊരു പ്രഫഷൻ ആക്കിക്കൂടേ?

ഞാൻ ഒരു എൻജിനീയറാണ്, എംബിഎയുമുണ്ട്. വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ടായിട്ടും, ഫ്രീലാൻസർ ആകാനായിരുന്നു തീരുമാനം. 2011 ൽ ആണ് ഫ്രീലാൻസിങ് തുടങ്ങിയത്. സോഷ്യൽ മീഡിയ മാർക്കറ്റിങ് ആയിരുന്നു വർഷങ്ങളോളം ചെയ്തത്. മക്കളുടെ പഠനത്തിന്റെയും വീട്ടുജോലികളുടെയുമൊക്കെ തിരക്കിനിടയിലും സ്വന്തം സ്വപ്നങ്ങൾ നെഞ്ചോടു ചേർത്തുവച്ച് ചില ചെറിയ പ്രോജക്ടുകൾ ഏറ്റെടുത്തു. യാദൃച്ഛികമായി, നീതു എന്ന സുഹൃത്തിനു സഹായം എന്ന രീതിയിലാണ് ഒരു റെസ്യുമെ ചെയ്തു കൊടുത്തത്. അതായിരുന്നു തുടക്കം. പേയ്‌മെന്റ് എത്രയാണെന്ന് നീതു ചോദിച്ചപ്പോൾ, എത്ര പറയണം എന്നു പോലും അറിയില്ല. ആ റെസ്യുമെ ഇഷ്ടപ്പെട്ടതിനാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ റെസ്യുമെ കൂടി ചെയ്തു തരാമോ എന്നു നീതു ചോദിച്ചു, കൂട്ടത്തിൽ ഒരു ഡയലോഗും– ‘നിനക്ക് ഇതൊരു പ്രഫഷൻ ആക്കിക്കൂടേ, എല്ലാർക്കും പറ്റില്ലല്ലോ ഇത്ര ഭംഗിയായി റെസ്യുമെ ചെയ്തെടുക്കാൻ’.

അവിടെനിന്ന് തുടങ്ങിയ യാത്രയാണ്. പിന്നീട് ഇതുവരെ എച്ച്ആർ, മാർക്കറ്റിങ്, അഡ്മിൻ, ടീച്ചർ, ഡോക്ടർ, ഫിസിയോതെറാപിസ്റ്റ്, ഫിറ്റ്നസ് ട്രെയ്നർ, എൻജിനീയർ, ബ്യൂട്ടീഷ്യൻ, ഐടി പ്രഫഷനൽ, വക്കീൽ, പരസ്യ ഏജൻസികൾ, സിനിമകളിലെ സൗണ്ട് എൻജിനീയർ അങ്ങനെ പല മേഖലകളിൽ ഉള്ള നൂറോളം റെസ്യുമെ ചെയ്തു കഴിഞ്ഞു. ഇതിൽ, 20 വർഷത്തോളം രാജ്യത്തെ സേവിച്ച ആർമി ഉദ്യോഗസ്ഥർക്ക് റെസ്യുമെ ചെയ്തു കൊടുക്കാനുള്ള ഭാഗ്യം ഉണ്ടായത് അഭിമാനത്തോടെ ഓർക്കുന്നു.

സ്വന്തം തൊഴിൽ എന്ന സ്വപ്നം

സ്വന്തം തൊഴിൽ എന്നത് ഒരു വലിയ സ്വപ്നം ആയിരുന്നു, പക്ഷേ എന്ത്, എങ്ങനെ എന്ന് ഉറപ്പില്ലായിരുന്നു. നമുക്കു പറ്റിയ ജോലി കിട്ടിയില്ല എന്ന നഷ്ടബോധത്തോടെ ജീവിക്കുന്ന ഒരുപാടു പേരുണ്ട്. ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ അതോടെ മനസ്സു മടുക്കാതെ നമ്മുടെ പാഷനെ പ്രഫഷനാക്കാനായാൽ അവിടെയാണ് വിജയം.

വർഷങ്ങളായി സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിൽ ഫ്രീലാൻസർ ആയി ജോലി ചെയ്ത ഞാൻ യാദൃച്ഛികമായിട്ടാണ് ഒരു സംരംഭക എന്ന നിലയിലേക്ക്  മാറിയത്. കൂടെ നിന്ന ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്. ആദ്യം കളിയാക്കിയവർ ഇപ്പോൾ കുശലം ചോദിച്ചു വരുന്നു. നിനക്കു പറ്റും എന്ന രണ്ടു വാക്കുകളുടെ ശക്തി വളരെ വലുതാണ്. എന്ത്, എങ്ങനെ എന്ന് ആലോചിച്ചിരുന്ന എന്റെ മുന്നിൽ ഇന്ന് ഒരു ലക്ഷ്യമുണ്ട്. അവിടെയെത്തുക എന്നതു മാത്രമാണ് ഇന്നു മനസ്സിൽ ഉള്ളത്. ആദ്യമൊക്കെ വരുമാനം കുറവായിരുന്നു. കോൺഫിഡൻസ് ഇല്ലാത്തതു കൊണ്ടുതന്നെ ഫീസ് പറയാൻ മടിയായിരുന്നു. പക്ഷേ ‘നീ ചെയ്യുന്ന ജോലിക്ക് നീ വില ഇട്ടില്ലെങ്കിൽ അതിനു മറ്റാരെങ്കിലും വിലയിടും, ഒരുപക്ഷേ അത് വളരെ വളരെ കുറവായിരിക്കും’ എന്ന ഒരു സുഹൃത്തിന്റെ വാക്കുകൾ ആണ് പ്രചോദനം. ഇന്ന് മാസം നാൽപതിനായിരം രൂപയോളം വരുമാനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്.

സ്‌ത്രീസ്വപ്നങ്ങൾക്ക് പരിധിയുണ്ടോ?

ആരാണു സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത്? എന്ന ചോദ്യം പലരുടെയും ഉറക്കം കെടുത്തിയതാണ്. പല കാരണങ്ങൾ കൊണ്ട് ജോലി എന്ന സ്വപ്നം മാറ്റി വയ്ക്കേണ്ടി വന്ന ഒരുപാട് സ്ത്രീകളുണ്ട് നമുക്കുചുറ്റും. സ്വന്തം വരുമാനം കണ്ടെത്താൻ പലരും അവരവർക്കു പറ്റുന്ന തൊഴിലുകൾ ചെയ്യുന്നു. അധികമാരും  കൈവയ്ക്കാത്ത മേഖയാണ് സിവി /റെസ്യുമെ മേക്കോവർ. ഇങ്ങനെ ഒരു പ്രഫഷൻ ഉണ്ടെന്നു പോലും അറിയില്ലായിരുന്നു. ചില റിക്രൂട്ട്മെന്റ് കമ്പനിക്കാർ ഇതും ചെയ്തു കൊടുക്കുന്നുണ്ട് എന്നു പിന്നീട് മനസ്സിലായി. ‌നമ്മുടെ താൽപര്യങ്ങളും കഴിവുമൊക്കെ മനസ്സിലാക്കി അതൊരു ജോലിയാക്കി മാറ്റുമ്പോൾ അതിന് ഇരട്ടി മധുരം ആണ്. ഇത് ഞാൻ കണ്ടെത്തിയ, എനിക്ക് പറ്റിയ ഒരു ജോലി മാത്രമാണ്. ഇത്തരത്തിൽ ഇനിയും കണ്ടെത്താൻ സാധ്യതയുള്ള ഒരുപാട് ജോലികളുണ്ടാകും. കൊറോണക്കാലത്താണ് ഞാനീ ജോലിയുടെ സാധ്യത കണ്ടെത്തിയതും തുടങ്ങിയതും. ഇനിയും സ്ത്രീകൾ മുന്നോട്ടു വരണം, പല ജോലിസാധ്യതകളും അവരെ കാത്തിരിക്കുന്നുണ്ട്.

renu-2

വീട്ടമ്മയുടെ ജോലികൾ

വീട്ടിൽ ഇരുന്നുതന്നെ ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമല്ല. പല തരം പ്രശ്നങ്ങൾ ഉണ്ടാവും. ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അടുപ്പിൽ അരി ഇടാനും പച്ചക്കറികൾ അരിഞ്ഞു വയ്ക്കാനും ഉണങ്ങിയ തുണി മടക്കാനും വീട് അടിച്ചു വാരാനും കുറച്ചു നേരം ടിവി കണ്ടിരിക്കാനും ഒക്കെ തോന്നും, പക്ഷേ ഇതൊക്കെ മറികടന്ന്, 100 ശതമാനം നമ്മുടെ മനസ്സ് ജോലിയിൽ അർപ്പിച്ചാൽ വിജയം ഉറപ്പാണ്. ആദ്യം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഭർത്താവിനെ ഓഫിസിലേക്കും മക്കളെ സ്കൂളിലും പറഞ്ഞു വിട്ട ശേഷം ലാപ്ടോപ്പുമായി ഇരുന്നു ജോലി തുടങ്ങും. പിന്നെ മക്കൾ വരുന്നതു വരെ ഒരേ ഇരിപ്പാണ്. ഇടയ്ക്ക് എപ്പോഴെങ്കിലും ഭക്ഷണം കഴിക്കും. സ്വപ്നത്തിലേക്കുള്ള യാത്ര ഒരിക്കലും അത്ര എളുപ്പമാകില്ല, പക്ഷേ അവിടെയെത്തുക എന്നതു തന്നെയാകണം നമ്മുടെ ലക്ഷ്യം. എനിക്ക് ഒന്നിനും കഴിയില്ല എന്നതിൽനിന്ന്, എനിക്കു മാത്രമേ ഇതിനു കഴിയൂ എന്നു മനസ്സിനോട് പറഞ്ഞു തുടങ്ങുമ്പോൾ നമ്മൾ വിജയിച്ചു തുടങ്ങും.

നിന്നെക്കൊണ്ട് എന്തിനു കൊള്ളാം എന്നു കേൾക്കേണ്ടി വരുന്ന സ്ത്രീകൾ കുറവല്ല, അതൊരു മോട്ടിവേഷൻ ആയിട്ട് എടുത്തു കാണിച്ചു കൊടുക്കുക നമ്മളെ എന്തിനു കൊള്ളാം എന്ന്. ചിത്രരചന, എംബ്രോയിഡറി, തുന്നൽ, കലാപരമായ ജോലികൾ, കണ്ടന്റ് റൈറ്റിങ്, ഗാർഡനിങ് അങ്ങനെ എന്തുമാവാം. ഫിനാൻഷ്യൽ ഫ്രീഡം എല്ലാ സ്ത്രീകളുടെയും അവകാശമാണ്. ഒരു ജോലിയും വരുമാനവും സ്ത്രീകൾക്കും അത്യാവശ്യമാണ്. സ്വന്തം ആവശ്യങ്ങൾക്ക് മറ്റാരെയും അധികം ആശ്രയിക്കാതിരിക്കാൻ കഴിയണം. നമ്മളെ കണ്ടാണ് നമ്മുടെ മക്കൾ വളരുന്നത്. നന്നായി പഠിച്ചു, നല്ല ജോലി വേണ്ടേ എന്ന് മക്കളോട് ചോദിക്കുമ്പോൾ, വേണ്ട ‘എനിക്ക് അമ്മയെപ്പോലെ വെറുതെ ഇരുന്നാൽ മതി’ എന്നു കേൾക്കേണ്ടി വന്ന അമ്മയെ എനിക്ക് നേരിട്ടറിയാം.

നിനക്ക് എന്താണ് ഈ വീട്ടിൽ ഇത്ര പണി എന്ന സ്ഥിരം ചോദ്യത്തിന് ഉത്തരമാവട്ടെ നമ്മുടെ ഓരോ ചെറിയ ഉദ്യമവും. കൂടുതൽ പേർ തങ്ങളുടെ കഴിവുകളും ബലവും ഇഷ്ടങ്ങളും മനസ്സിലാക്കി മുന്നോട്ടു വരണം, കാരണം നമ്മളെ നമ്മൾ അറിഞ്ഞില്ലെങ്കിൽ, മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആര്...?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com