നൂറ്റാണ്ടിനു ശേഷം സൂസന് മാപ്പു നൽകി യുഎസ്; ട്രംപിന്റെ നിർണായക നീക്കം
Mail This Article
അമേരിക്കൻ ഭരണഘടനയുടെ 19–ാം ഭേദഗതിയുടെ നൂറാം വാർഷികം പ്രമാണിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാപ്പു കൊടുത്ത വനിതയുടെ ജീവിതവും പ്രവർത്തികളും വീണ്ടും ചർച്ചയാകുന്നു. സ്ത്രീകൾക്കും വോട്ട് ചെയ്യാൻ അവകാശം അനുവദിക്കുന്നതായിരുന്നു 19–ാം ഭേദഗതി. സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളായായിരുന്ന സൂസൻ ബി ആന്റണിക്കാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിലൂടെ ട്രംപ് മാപ്പ് കൊടുത്തത്. പുരുഷൻമാർക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്നതിനെ എതിർക്കുകയും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയും ചെയ്തതിന്റെ പേരിൽ 1872–ൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു സൂസൻ. 100 ഡോളർ പിഴയും ചുമത്തി.
അടുത്തു വരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ ജോ ബൈഡനെയാണ് അനുകൂലിക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ തന്ത്രപരമായ നീക്കം. ദക്ഷിണേഷ്യൻ വംശജയും വനിതയുമായ കമല ഹാരിസാണ് ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. 19–ാം നൂറ്റാണ്ടിലാണ് സൂസൻ എന്ന വിമോചന പോരാളി ജീവിച്ചിരുന്നത്. 1920 ൽ സ്ത്രീകൾക്കും വോട്ടവകാശം ലഭിക്കാൻ കാരണമായത് സൂസന്റെ കൂടി പോരാട്ടങ്ങളാണ്. 19–ാം ഭരണഘടനാ ഭേദഗതിയെ സൂസൻ ബി ആന്തണി ഭേദഗതി എന്നും വിളിക്കാറുണ്ട്.
1820 ൽ ജനിച്ച സൂസൻ അടിമത്വ സമ്പ്രദായത്തിനെതിരെയും തന്റെ ശബ്ദം ഉയർത്തിയിട്ടുണ്ട്. 17–ാം വയസ്സുമുതൽ അവർ അടിമത്വത്തിനെതിരെ പോരാടി. അടിമത്വ വിരുദ്ധ പ്രസ്ഥാനവും സ്ത്രീ വിമോചന സമരവും തോളോടുതോൾ ചേർന്നാണ് നടന്നിരുന്നത്. ഉടമസ്ഥാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യകാലത്ത് പുരുഷൻമാർക്ക് വോട്ടവകാശം നൽകിയിരുന്നത്. വെള്ളക്കാരല്ലാത്ത ഭൂരിപക്ഷം പേർക്കും വോട്ടവകാശം ഇല്ലായിരുന്നു. സ്ത്രീകളിൽ ഒരാൾക്കുപോലും വോട്ടു ചെയ്യാൻ അവകാശവും ഉണ്ടായിരുന്നില്ല. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനുശേഷം 14–ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് ജനിച്ചു വളർന്ന എല്ലാ പൗരൻമാർക്കും പൗരത്വം നൽകാൻ നടപടിയായി. അതോടെ വോട്ട് ചെയ്യാൻ അർഹതയുള്ളവരുടെ എണ്ണവും കൂടി. കറുത്തവർക്കും വോട്ട് ചെയ്യാൻ അവകാശം ലഭിച്ചതോടെ സ്ത്രീകളിൽനിന്നും സമ്മർദ്ദം ഉയർന്നു. എന്നാൽ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും സ്ത്രീ വോട്ടവകാശത്തിന് എതിരായിരുന്നു.
1872 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിയമം ലംഘിച്ച് സൂസൻ ന്യൂയോർക്ക് സംസ്ഥാനത്തെ റോച്ചസ്റ്ററിൽ വോട്ട് ചെയ്തു. സൂസൻ അറസ്റ്റ് ചെയ്യപ്പെട്ടു. ശിക്ഷയും വിധിച്ചു. എന്നാൽ ശിക്ഷയായ 100 ഡോളർ പിഴ അടയ്ക്കാൻ സൂസൻ വിസമ്മതിച്ചു. അധികാരികൾ കേസ് മുന്നോട്ടുകൊണ്ടുപോയതുമില്ല.
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ സ്വാതന്ത്ര്യം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നു പറയുമ്പോൾ തന്നെ സ്ത്രീകളെ വോട്ടവകാശത്തിൽനിന്ന് വിലക്കുന്നത് പൂർണമായും തെറ്റാണെന്ന് സൂസൻ അവർക്കു ലഭിച്ച വേദികളിലെല്ലാം ആവർത്തിച്ചുകൊണ്ടിരുന്നു. ക്രമേണ സംസ്ഥാനങ്ങൾ ഒന്നൊന്നായി സ്ത്രീകൾക്ക് വോട്ടവകാശം അനുവദിക്കാൻ തുടങ്ങി. 1906 ൽ സൂസൻ എന്ന ഉരുക്കുവനിതയുടെ ശബ്ദം നിലച്ചു. 14 വർഷം കൂടി കഴിഞ്ഞാണ് അമേരിക്ക ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിക്കുന്നത്. 1979 ൽ അമേരിക്കൻ ഡോളറിൽ സൂസന്റെ മുഖം മുദ്ര ചെയ്യപ്പെട്ടു. ഡോളറിൽ മുഖം ആലേഖനം ചെയ്യപ്പെട്ട ആദ്യ ആമേരിക്കൻ വനിതയും സൂസൻ തന്നെ.
English Summary: Explained: Who was Susan B Anthony, the American suffragist Trump has pardoned after 148 years?