സൈക്കിൾ ഓടിക്കുന്നതിനിടയിൽ സ്കിപ്പിങ്; യുവതിയുടെ കഴിവു കൊള്ളാം, പക്ഷേ അഭ്യാസം അപകടം
Mail This Article
'അയ്യോ, അയാൾ ഇപ്പോ വീഴും' എന്നു തോന്നിക്കുന്ന, ഭയപ്പെടുത്തുന്ന ചില വിഡിയോകൾ കണ്ടിട്ടില്ലേ. അപകടകരമായ രീതിയിലോ ശ്രദ്ധയില്ലാതെയോ ഉള്ള പ്രവൃത്തികൾ കാണുമ്പോഴാണ് പലപ്പോഴും അത്തരത്തിലൊരു തോന്നൽ കാണികളിൽ ഉണ്ടാകുന്നത്. സൈക്കിള്‍ ചവിട്ടുന്നതിനിടയിൽ സ്കിപ്പിങ് ചെയ്യുന്നതുകണ്ടാലും ആരുമൊന്ന് അമ്പരന്നു പോകും. പണ്ട് ഒരു കളിയായി കണ്ടിരുന്ന സ്കിപ്പിങ് അഥവാ വള്ളിച്ചാട്ടം ഇപ്പോൾ വർക്ക്ഔട്ടിന്റെ ഭാഗമായാണ് പലർക്കും പരിചിതം. എന്നാല്‍ ശ്രദ്ധയില്ലാതെ ചെയ്താൽ അതും അപകടമാകാം. അങ്ങനെയുള്ളപ്പോഴാണ് റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടയിൽ സ്കിപ്പിങ് ചെയ്യാമെന്ന് ഒരു പെൺകുട്ടി തീരുമാനിക്കുന്നത്. വീഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായമാണ് കാണാൻ കഴിയുന്നത്.
ഭോപ്പാലിലെ ബുഷ്‌റ എന്ന ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയാണ് സൈക്കിൾ ഓടിക്കുന്നതിനിടയിൽ അഭ്യാസം കാണിച്ചത്. പരമ്പരാഗത വസ്ത്രവും ആഭരണങ്ങളും അണിഞ്ഞായിരുന്നു വിഡിയോ ചെയ്തത്. ഇതിനു മുൻപും പലപ്പോഴായി സൈക്കിളിലിരുന്ന് നൃത്തം ചെയ്യുന്നതും, തലയിൽ കുടവുമായി കൈവിട്ട് സൈക്കിളോടിക്കുന്നതുമെല്ലാം ബുഷ്‌റ പങ്കുവച്ചിരുന്നു. എന്നാൽ ഇത് കൂടുതൽ അപകടമാണെന്നിരിക്കെയാണ് സോഷ്യൽമീഡിയയിൽ ആശംസയെക്കാൾ ആക്ഷേപമുയർന്നത്. ഇപ്പോൾ കാണാൻ നല്ല രസമുണ്ടെന്നും വീണാൽ ഈ ഭംഗി ഉണ്ടാവില്ലെന്നും അർഥമാക്കിയുള്ള കമന്റുകളാണ് പലരും എഴുതുന്നത്. ഇതിനു മുൻപ് ഇതേ പ്രകടനം കാഴ്ചവെയ്ക്കവേ സ്കിപ്പിങ് റോപ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞത് വലിയ ചർച്ചകൾക്കു കാരണമായിരുന്നു.
വാഹനത്തിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രക്കാരും ഒരുപാട് ശ്രദ്ധിക്കണമെന്നും ഇത്തരത്തിലെ കഴിവുകൾ പ്രകടിപ്പിക്കുന്നത് ആളൊഴിഞ്ഞ ഇടങ്ങളിലാണെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും മുൻപ് പോസ്റ്റ് ചെയ്ത വിഡിയോയിൽ പലരും കമന്റ് ചെയ്തിരുന്നു