കാൻസറിനോടു പൊരുതി ബിസിനസ് തുടങ്ങി; സ്ത്രീകൾ പറയാൻ മടിക്കുന്ന കാര്യത്തിനു വേണ്ടി
Mail This Article
രോഗവുമായി മല്ലിട്ട് ജീവിതം നിലനിര്‍ത്തുന്നതിനൊപ്പം ലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവും ഏറ്റെടുത്തതുകൊണ്ടാണ് സൂസന് സിനാത്ര എന്ന യുവതി ശ്രദ്ധേയയാകുന്നത്. സാധാരണ ആരും കടന്നുചെല്ലാന്‍ മടിക്കുന്ന മേഖലയിലേക്കായിരുന്നു സൂസന്റെ യാത്ര. ആ വഴിയില്‍ത്തന്നെ രോഗം അവരുടെ യാത്ര മുടക്കാന്‍ എത്തുകയും ചെയ്തു. എന്നിട്ടും സൂസന് തളരാതെ പോരാടുകയാണ്. തന്റെ ജീവനേക്കാളേറെ മറ്റുള്ളവരുടെ ആരോഗ്യത്തിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി.
സ്വകാര്യഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വസ്ഥതകള്‍ ഒട്ടേറെയാണ്. അണുബാധകള്‍ മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ വരെ. ഇതിനൊരു പരിഹാരമായി സ്ത്രീകള്‍ക്കു ധരിക്കാവുന്ന പ്രത്യേകതരം നാപ്കിനുകള്‍ ഡിസൈന്‍ ചെയ്ത് ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ അംഗീകാരം നേടിയ വ്യക്തിയാണ് സൂസന് സിനാത്ര. 'പ്രൈവറ്റ് പാക്സ്' എന്നാണ് സ്ത്രീകള്‍ക്ക് അനുയോജ്യമായ നാപ്കിനുകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന് സിനാത്ര കൊടുത്തിരിക്കുന്ന പേര്. ഓണ്‍ലൈന്‍ വഴി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 പേരില്‍ എത്താനും സിനാത്രയുടെ സ്ഥാപനത്തിനു കഴിഞ്ഞു.
പദ്ധതി വിജയമായതോടെ ഒരുലക്ഷം പേരില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്താനാണ് സിനാത്ര ലക്ഷ്യമിടുന്നത്. പ്രകൃതിക്കു ദോഷകരമാകാത്ത, വീണ്ടും ഉപയോഗിക്കാനാവുന്ന പ്രത്യേകതരം നാപ്കിനുകളാണ് സിനാത്രയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്. ചൊറിച്ചിലും വരള്‍ച്ചയും ഉള്‍പ്പെടെ സ്വകാര്യഭാഗവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്ത്രീകള്‍ക്ക് മീറ്റിങ്ങുകളില്‍ പങ്കെടുക്കാനും യോഗ പരിശീലനം നടത്താനുമെല്ലാം സഹായിക്കുന്നവയാണ് പ്രൈവറ്റ് പാക്സ് ഡിസൈന്‍ ചെയ്ത പ്രത്യേകതരം ഉല്പന്നങ്ങള്.
വിദേശരാജ്യങ്ങളിലുള്‍പ്പെടെ സ്ത്രീകള്‍ തങ്ങളുടെ ‘ രഹസ്യരോഗങ്ങള്‍’ പുറത്തുപറയാന്‍ മടികാണിക്കുന്നതാണ് അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമെന്നാണ് സിനാത്ര പറയുന്നത്. കറുത്ത വര്‍ഗക്കാര്‍ക്കിടയിലും മറ്റും ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലുമാണ്. താനും നിശ്ശബ്ദയായിരുന്നാല്‍ പ്രശ്നത്തിന് ഒരിക്കലും പരിഹാരം കാണാനാവില്ല എന്ന ചിന്തയില്‍നിന്നാണ് സിനാത്ര മുന്നിട്ടിറങ്ങിയതും പ്രൈവറ്റ് പാക്സിനു തുടക്കം കുറിക്കുന്നതും.
പക്ഷേ, ഇതേ യാത്രയില്‍തന്നെയാണ് രോഗം സിനാത്രയെ പിടിമുറുക്കിയതും. 2017 ല്‍ സ്ഥാപനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അസാധാരണായ ക്ഷീണം തോന്നുന്നത്. ക്ഷീണം മാറാതെ നിന്നതോടെ അവര്‍ ഒരു ഡോക്ടറിനെ സമീപിച്ചു. ഡോക്ടറില്‍നിന്ന് ആരും കേള്‍ക്കാനിഷ്ടപ്പെടാത്ത മൂന്നു വാക്കുകള്‍ അവര്‍ക്കു കേള്‍ക്കേണ്ടിവന്നു. ‘ നിങ്ങള്‍ കാന്‍സര്‍ ബാധിതയാണ്’. ബ്രെസ്റ്റ് കാന്‍സര്‍ ബാധിച്ചിട്ടും സിനാത്ര തന്റെ യാത്ര നിര്‍ത്തിയില്ല. പൂര്‍വാധികം ശക്തിയോടെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള തെറാപ്യൂട്ടിക് ശക്തിയുള്ള നാപ്കിനുകളുടെ ഉല്പാദനവുമായി മുന്നോട്ടുപോകുകതന്നെ ചെയ്തു.
രോഗവും മരുന്നുകളും ശസ്ത്രക്രിയകളുമൊക്കെ തളര്‍ത്തിയപ്പോള്‍ സിനാത്രയ്ക്ക് ആശ്വാസം സ്വയം സിഡെന്‍ ചെയ്ത ഉല്പന്നങ്ങളായിരുന്നു. സ്ത്രീകളില്‍ 75 ശതമാനം പേരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വകാര്യഭാഗങ്ങളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. ചൊറിച്ചിലും വേദനയും മുതല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന വേദന വരെ. ഇത് ഒരു യാഥാര്‍ഥ്യമാണെങ്കിലും ആരും തുറന്നുപറയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യില്ലെന്നതാണ് പ്രശ്നം വഷളാക്കുന്നത്. ഇപ്പോള്‍ ക്രൗഡ് ഫണ്ടിങ് നടത്തുന്ന സൈറ്റ് വഴിമാത്രമാണ് പ്രൈവറ്റ് പാര്‍ട്സ് ഉല്പന്നങ്ങള് ജനങ്ങളിലെത്തുന്നത്. പിന്നീട് സ്വന്തം സൈറ്റിലൂടെ വില്പന വ്യാപകമാക്കാനാണ് സിനാത്രയുടെ ലക്ഷ്യം.