ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്ത് യുവതി, ആത്മഹത്യാശ്രമമാണോ എന്ന് കമന്റുകൾ
Mail This Article
റോഡിലിറങ്ങിയാൽ പല തരത്തിലെ വാഹനങ്ങളും പല രീതീയിലെ ആളുകളെയും കാണാം. എന്നാൽ തിരക്കേറിയ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് ലാപ്ടോപ്പ് ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടാൽ ആരായാലും ഒന്ന് അമ്പരന്നു പോകും. അല്ലേ? അത്തരത്തിലൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ കണ്ടത്.
ബൈക്ക് ഓടിക്കുന്ന യുവാവിനു പുറകിലിരുന്ന് ലാപ്ടോപ്പിൽ കാര്യമായി പണിയെടുക്കുകയാണ് ഒരു യുവതി. ബൈക്ക് ഓടിക്കുന്ന യുവാവിനു മാത്രമാണ് ഹെൽമറ്റ് ഉള്ളത്, പുറകിലിക്കുന്ന വ്യക്തിയും ഹെൽമറ്റ് ധരിക്കണമെന്ന നിയമമിരിക്കെ തീർത്തും അശ്രദ്ധമായ യാത്രയാണ് ഇവരുടേതെന്ന് സോഷ്യൽമീഡിയയിൽ അഭിപ്രായങ്ങളുയർന്നു. ബെംഗളൂരുവിൽ മാത്രം കാണാനാകുന്ന കാഴ്ച എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോ വൈറലായതോടെ പല തരത്തിലെ കമന്റുകളാണ് വരുന്നത്. ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണോ എന്നാണ് പലരുടെയും ചോദ്യം.
കൃത്യ സമയത്ത് ജോലി തീർക്കാനുള്ള ശ്രമത്തിലായിരിക്കാം യുവതി എന്നാണ് പലരും അനുമാനിക്കുന്നത്. അതുകൊണ്ടാവാം സ്വന്തം സുരക്ഷയെപ്പറ്റി ഒന്നും ചിന്തിക്കാതെയുള്ള ഈ പെടാപ്പാട് എന്നാണ് കമന്റുകൾ. എന്തുതന്നെ കാരണമായാലും ഇത് അംഗീകരിക്കാനാവില്ലെന്നാണ് ആളുകൾ പറയുന്നത്.
ട്രാഫിക് ബ്ലോക്കിന്റയും അപകടങ്ങളുടെയും പേരിൽ പ്രശസ്തമാണ് ഈ നഗരം. എന്നാൽ ജനങ്ങൾക്ക് അൽപ്പം പോലും ശ്രദ്ധയില്ലെന്നും അപകടങ്ങൾ വിളിച്ചുവരുത്തുകയാണെന്നും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോയ്ക്കു താഴെ അഭിപ്രായങ്ങളുണ്ട്.
ജീവനക്കാരെ ഇത്തരത്തിൽ കഷ്ടപ്പെടുത്തുന്ന കമ്പനികളും ഇവിടെ പ്രശ്നക്കാരാണെന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. അവർ ജീവനക്കാരെ ചൂഷണം ചെയ്യുകയാണെന്നും തൊഴിലിടത്തിനു പുറത്തു പോയാലും ജോലി ചെയ്യേണ്ടി വരുന്നത് വളരെ കഷ്ടമാണെന്നും പലരും പറഞ്ഞു.