ADVERTISEMENT

വീട്ടുജോലികൾ നോക്കിയും ബാക്കി സമയം പശുക്കളെ വളർത്തിയും കഴിഞ്ഞിരുന്ന ഒരു സാധാരണ കുടുംബനാഥയായിരുന്നു കണ്ണൂർ കണ്ണപുരം ചൂണ്ടയിലെ ജാനകിയമ്മ. കേരളത്തിലെ ലക്ഷക്കണക്കിന് വീട്ടമ്മമാരിൽ ഒരാൾ. പക്ഷേ ഇപ്പോൾ ജാനകിയമ്മ അവരെപ്പോലെയല്ല. കണ്ണൂരിലെ ഈ കുഗ്രാമത്തിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടിട്ടില്ലാത്ത ജാനകിയമ്മയെ ആയിരക്കണക്കിന് ആളുകൾക്ക് അറിയാം.

പത്രത്തിലും ന്യൂസ് ചാനലുകളിലുമൊക്കെ ഇടയ്ക്കിടയക്ക് കാണാറുള്ള മുങ്ങിമരണത്തെക്കുറിച്ച് വായിക്കുമ്പോൾ തന്റെ നെഞ്ച് പിടയ്ക്കുമായിരുന്നു എന്നാണ് ജാനകിയമ്മ പറയുന്നത്. നീന്തലറിയാതെ ആഴക്കയങ്ങളിലേക്ക് എന്നേക്കുമായി മുങ്ങിപ്പോകുന്ന കുട്ടികളും ചെറുപ്പക്കാരുമൊക്കെ മനസിന്റെ സ്വസ്ഥത കെടുത്തി. തട്ടേക്കാട് ബോട്ട് ദുരന്തം പോലുള്ളവ കണ്ടപ്പോൾ നീന്തലറിയാത്ത സ്വന്തം പേരക്കുട്ടികളെക്കുറിച്ചോർത്ത് ആധി ഇരട്ടിച്ചു. അങ്ങനെയാണ് ജാനകിയമ്മ പേരക്കുട്ടിയുമായി നാട്ടിലെ കാടുപിടിച്ചുകിടന്നിരുന്ന പൂവൻക്കുളത്തിലേക്കു പോയത്. ചെറുമകളെ നീന്തൽ പഠിപ്പിക്കണം. പേടിച്ചുമാറി നിന്ന പേരക്കുട്ടി ദിവസങ്ങൾക്കുള്ളിൽ പതിയെ നീന്തിത്തുടങ്ങിയപ്പോൾ ആ കാഴ്ച്ച കണ്ടുനിന്നവർക്കും തോന്നി, അവരുടെ കുട്ടികളെയും നീന്തൽ പഠിപ്പിക്കണമെന്ന്. ‘ജാനക്യേച്ചേയി..ങ്ങടെ കുട്ടീനെക്കുടി പഠിപ്പിക്ക്വോ..’ എന്ന് ചോദിച്ചവരോടൊക്കെ അവർ സമ്മതമറിയിച്ചു. അങ്ങനെ പതിനൊന്ന് വർഷം മുമ്പ് പൂവൻക്കുളത്തിലേക്കിറങ്ങിയ ജാനകിയമ്മ ഇന്നും അവിടെത്തന്നെയുണ്ട്.  

janaki-amma-swimming
കുട്ടികളെ നിന്തൽ പഠിപ്പിക്കുന്ന ജാനകിഅമ്മ

അയൽവാസികളുടെയും പരിചയക്കാരുടെയും കുട്ടികൾ ജാനകിയമ്മയുടെ കൈകളിൽ കിടന്ന് അസലായി നീന്താൻ പഠിച്ചു. കുട്ടികൾക്കൊപ്പം നാട്ടിലെ സ്ത്രീകളും ആ കുളക്കരയിലേക്ക് എത്തിത്തുടങ്ങി. വീട്ട് ജോലികളൊക്കെ തീർത്ത് രാവിലെ പതിനൊന്ന് മണിയാകുമ്പോൾ സ്ത്രീകളെത്തും. വൈകിട്ട് നാല് മുതൽ രണ്ട് മണിക്കൂർ കുട്ടികളും. അങ്ങനെ അഞ്ച് വയസ് മുതൾ അറുപത് വയസുവരെയുള്ള  ആയിരത്തിലധികം ആളുകളെ ജാനകിയമ്മ നീന്താൻ പഠിപ്പിച്ചു. ഒറ്റക്കേൾവിയിൽ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും ഒരു ഗ്രാമം മുഴുവൻ ജാനകിയമ്മയുടെ ഈ സത്കൃത്യത്തിന് സാക്ഷ്യം പറയും. സ്വന്തം ഗ്രാമത്തിൽ നിന്ന് മാത്രമല്ല അയൽഗ്രാമങ്ങളിൽ നിന്ന് പോലും ആളുകൾ ഇപ്പോൾ ജാനകിയമ്മയ്ക്ക് ശിഷ്യപ്പെടാനെത്തിക്കൊണ്ടിരിക്കുകയാണ്.

ക്ഷീരകർഷക എന്ന നിലയിൽ മൃഗാശുപത്രിയിലും സൊസൈറ്റിയിലുമൊക്കെ തനിക്ക് പതിവായി പോകേണ്ടതുണ്ടെന്നും ആ യാത്രയിലാണ് മിക്കവരും നീന്തൽ പഠിക്കാൻ സഹായം ചോദിക്കുന്നതെന്നും ഈ അമ്മ പറയുന്നു. നാട്ടിലെ മൃഗഡോക്ടറുടെ മകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ടായിരുന്നു. ജാനകിയമ്മയെ അറിയുന്ന മൃഗഡോക്ടർ അവരെപ്പറ്റി മകളോടു പറഞ്ഞപ്പോൾ തനിക്കും നീന്തൽ പഠിക്കണമെന്നായി മകൾ. അങ്ങനെ ആ മെഡിക്കൽവിദ്യാർത്ഥിനിയും കൂട്ടുകാരികളും ചൂണ്ടയിലെത്തി. ജാനകിയമ്മയ്ക്കൊപ്പം പൂവൻക്കുളവും എല്ലാവരെയും കൈനീട്ടി സ്വീകരിച്ചു.

സുഹൃത്തുക്കൾക്കൊപ്പം കടൽക്കരയിൽ പോയപ്പോൾ നീന്തലറിയാതെ കരയിൽ ഒറ്റയ്ക്കിരിക്കേണ്ടിവന്ന സങ്കടം പറഞ്ഞ സഹോദരനോട് താൻ ജോലി ചെയ്യുന്ന നാട്ടിലെ ജാനകിചേച്ചിയെക്കുറിച്ച് മൃഗാശുപത്രിയിലെ കമ്പോണ്ടറും പറഞ്ഞുകൊടുത്തു. അങ്ങനെ കടലും തോടും പുഴകളും കുളങ്ങളും ആവോളമുണ്ടായിരിന്നിട്ടും ആലപ്പുഴയിൽ നിന്ന് ആ ചെറുപ്പക്കാരനും കൂട്ടുകാരും നീന്തലിന്റെ എബിസിഡി പഠിക്കാൻ ജാനകിയമ്മയെത്തേടിയെത്തി. മിക്കവരും ഒരാഴ്ച്ച കൊണ്ട് നീന്തിത്തുടങ്ങും. ചിലർക്ക് മൂന്നോ നാലോ ദിവസം മതി. ഇതൊക്കെ  തനിക്ക് അത്രമാത്രം സന്തോഷവും അഭിമാനവും സംതൃപ്തിയും നൽകുന്നതാണെന്ന് ജാനകിയമ്മ ആവേശത്തോടെ പറയുന്നു. താനൊന്നും ചെയ്യുന്നില്ല സപ്പോർട്ട് കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.  

janaki-swimming-class
കുട്ടികളെ നിന്തൽ പഠിപ്പിക്കുന്ന ജാനകിഅമ്മ

ജാനകിയമ്മയ്ക്ക് കരുത്ത് സ്വന്തം കുടുംബമാണ്. അതിനൊപ്പം  നാട്ടുകാരോടും പരിചയക്കാരോടുമൊക്കെ ഈ അമ്മ നന്ദിപറയുന്നു. കുടുംബത്തിൽ നിന്ന് ആരും നിരുത്സാഹപ്പെടുത്തിയില്ല, ഭർത്താവ് പി.വി.കൃഷ്ണനും മകളും സൈനികനായ മരുമകനും ഒരുപോലെ പിന്തുണച്ചു. ‘ഈ വയസിൽ ജാനകിയമ്മേ നിങ്ങൾക്കിതിന്റെ ആവശ്യം വല്ലതുമുണ്ടോ..’ എന്ന് നാട്ടുകാരും വിമർശിച്ചില്ല. പോരാത്തതിന് വെള്ളം കാണുമ്പോൾ പേടിച്ചുനിന്നിരുന്നവർ ആഴങ്ങളിലേക്ക് ഊളിയിട്ട് മുങ്ങിനിവരുന്ന കാഴ്ച്ച നൽകുന്ന ആനന്ദം വേറെ. അങ്ങനെ ജാനകിയമ്മ അധികമാരുമറിയാത്ത തന്റെ ജീവിതയാത്രയ്ക്ക് പുതിയൊരു മാനം നൽകി. കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം നീന്തിനടന്ന പരിചയമേ തനിക്കുള്ളു എന്ന് ജാനകിയമ്മ പറയുന്നു. പത്ത് വരെ പഠിച്ചിട്ടുണ്ട്, പഠിക്കുന്ന സമയത്ത് സ്പോർട്സ് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാകാം നീന്തലിനെ പ്രൊഫഷണലാക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ ജാനകിയമ്മ ലോംഗ്ജമ്പിനെ കൂട്ടുപിടിക്കുന്നത്.  

വെറുതേ നീന്തൽ പഠിച്ച് അക്കരയിക്കരെ പോയിവന്ന് അവസാനിക്കുന്നതല്ല ജാനകിയമ്മയുടെ നീന്തൽക്ലാസ്. പലതരത്തിലുള്ള ഡൈവിംഗുകളും അഭ്യാസങ്ങളും അവർ പഠിതാക്കൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. കരയിൽ നിന്നു വെള്ളത്തിലേക്ക് ആഞ്ഞുകുതിക്കുമ്പോൾ ലോംഗ്ജമ്പിലെ തിയറിയാണ് വിവരിക്കുന്നത്. വരയിൽ നിന്ന് എത്രത്തോളം ശക്തിയായി കുതിക്കുന്നോ അത്രത്തോളം ദൂരത്തെത്താം. അതുപോലെതന്നെ കരയിൽ നിന്ന് കുതിക്കുമ്പോൾ അവസാനം ചവിട്ടേണ്ടുന്ന കല്ലിൽ നിന്ന് എത്രമാത്രം ശക്തിയെടുക്കുന്നോ അതിന് അനുസൃതമായി കൂടുതൽ ആഴങ്ങളിലേക്ക് പോകാമെന്ന് ബോധ്യപ്പെടുത്തി നീന്തലിനെ അവർ തീർത്തും പ്രൊഫഷണലാക്കുകയാണ്. അവിടെയാണ് ജാനകിയമ്മയുടെ ദൗത്യം പൂർണമാകുന്നത്. കൺമുന്നിൽ ഒരാൾ മുങ്ങിത്താഴുന്നത് കാണേണ്ടിവന്നാൽ ഒട്ടും സംശയിക്കാതെ ഏത് കുളമായാലും പുഴയായാലും ആഴങ്ങളിലേക്കു കുതിച്ച് ആ ജീവനെ തിരികെപിടിക്കാനുള്ള പരിശീലനമാണിത്. ഒപ്പം പ്രായോഗികമാക്കേണ്ട ചില കാര്യങ്ങൾ കൂടി അവർ വിവരിക്കുന്നു. ‘ഒരിക്കലും മുങ്ങിത്താഴുന്നവന് പിടി കൊടുക്കരുത്. മരണവെപ്രാളത്തിൽ അവർ നമ്മളെയും മുക്കിക്കളയും. പകരം മുടിയിലോ തുണിയിലോ പിടിച്ച് വലിച്ച് വേണം അവരെ മുകളിലേക്ക് കൊണ്ടുവരേണ്ടത്. അഥവാ പിടിച്ചാൽ തന്നെ അത് തട്ടിമാറ്റാനും അറിയണം’.

കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന ജാനകി അമ്മ
കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന ജാനകി അമ്മ

ജാനകിയമ്മ പഠിപ്പിക്കുന്നത് സ്വിമ്മിംഗ്പൂളിലെ നീന്തൽ അല്ലെന്ന് സാരം. അഞ്ച് കാശ് നീന്തൽപഠിപ്പിക്കുന്ന വകയിൽ തനിക്ക് ഫീസായി വേണ്ടെന്നും ഈ അമ്മ ഉറപ്പിച്ച് പറയുന്നു. ഇത് കാശിന് വേണ്ടിയുള്ളതല്ല, ഒരു മനുഷ്യജീവി എന്ന നിലയിൽ സഹജീവികളോടുള്ള ഉത്തരവാദിത്തമാണിത്. കാശ് വാങ്ങി പ്രൊഫഷനാക്കി മുന്നോട്ട് കൊണ്ടുപോകാനല്ല പതിനൊന്ന് വർഷം മുമ്പ് പൂവൻകുളത്തിന്റെ പടികളിറങ്ങിയത്. ആവോളം ആദരവും പുരസ്കാരങ്ങളും ജാനകിയമ്മയെ തേടിയെത്തുന്നുണ്ട്. അതൊക്കെ ധാരാളമെന്നും തന്നെത്തേടി ആളുകൾ വരുന്നില്ലേ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ദൂരെ ഏതോ നാടുകളിൽ നിന്ന് നിങ്ങളൊക്കെ വിളിക്കുന്നില്ലേ അതിൽപ്പരം എന്താണ്  വേണ്ടതെന്നുമാണ് അവരുടെ ചോദ്യം.  

ഗ്രാമത്തിലെ സ്ത്രീകളെ മുഴുവൻ നീന്തൽ പഠിപ്പിച്ച സ്ത്രീ എന്ന നിലയിലാണ് ജാനകിയമ്മയെ കേൾക്കുന്നത്. പക്ഷേ നല്ല കുടുംബിനി, മൃഗസ്നേഹി, പരിസ്ഥിതി പ്രവർത്തക, മനുഷ്യസ്നേഹി എന്നിങ്ങനെ പലവിധത്തിലാണ് ഈ അമ്മയെ മനസിലാക്കേണ്ടത്. എല്ലാ തിരക്കുകൾക്കിടയിലും രണ്ട് പശുക്കളെ ഇപ്പോഴും പോറ്റിവളർത്തുന്നുണ്ട്. കാട്പിടിച്ച് ആളുകൾ ഇറങ്ങാൻ മടിക്കുന്ന നിലയിൽ കിടന്നിരുന്ന പൂവൻക്കുളം ഇപ്പോൾ  നല്ല ഒരു ജലസ്രോതസാണ്.  കുട്ടികൾ നീന്താൻ പഠിക്കട്ടെ എന്ന ജാനകിയമ്മയുടെ ചിന്തയിൽ നിന്ന് പരിസ്ഥിതി സംരക്ഷണം കൂടിയാണ് യാഥാർത്ഥ്യമായത്. വരൾച്ചയൊന്നും ഈ കുളത്തെ ബാധിക്കാറില്ല. പൂവൻക്കുളത്തിലെ വെള്ളം മലിനമാകാതിരിക്കാൻ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. സോപ്പ് ഇവിടെ അനുവദനീയമല്ല. ഒപ്പം മാസമുറക്കാലത്ത് സ്ത്രീകൾക്ക് ഈ കുളത്തിലക്ക് പ്രവേശനമില്ല. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇപ്പോൾ പൂവൻക്കുളം എല്ലാവരുടേതുമാണ്.

വീട്ടുജോലിയും പശുക്കളെ വളർത്തലും നീന്തൽ പഠിപ്പിക്കലുമായി എപ്പോഴും തിരക്കിലാണ് ജാനകിയമ്മ. ഒരു മിനിട്ട് പോലും വെറുതെയിരിക്കാൻ സമയമില്ല. ഇപ്പോൾ 32 കുട്ടികളും 12 സ്ത്രീകളും പഠിക്കാനുണ്ട്. രാവിലെയും വൈകുന്നേരവുമായി രണ്ട് സമയത്താണ് ക്ലാസ്. ദിവസവും നാല് മണിക്കൂർ വെള്ളത്തിൽ കഴിയണം. ഒരു ചാറ്റമഴ നനഞ്ഞാൽ പനിക്കുമെന്ന് പേടിക്കുന്ന, നീർക്കെട്ട് പേടിച്ച് തല കഴുകാൻ മടിക്കുന്ന പുതിയ തലമുറയുടെ മുന്നിലാണ് ഒരു ദശാബ്ദത്തിലേറെയായി ഒരു സ്ത്രീ വെള്ളത്തിൽ കഴിയുന്നത്. ഒരു ജലദോഷം പോലും തനിക്ക് വരാറില്ലെന്നും സ്ഥിരമായ നീന്തൽകാരണം ജീവിതശൈലി രോഗങ്ങളൊന്നും സ്പർശിച്ചിട്ട് പോലുമില്ലെന്നും ജാനകിമ്മ അഭിമാനത്തോടെ പറയുന്നു.

janaki-amma-swimming
കുട്ടികളെ നിന്തൽ പഠിപ്പിക്കുന്ന ജാനകിഅമ്മ

ജാനകിയമ്മ നീന്തൽ പഠിപ്പിക്കാൻ തുടങ്ങുന്നതിന് മുമ്പ് ആ നാട്ടിലെ ചെറുപ്പക്കാർക്കും കുട്ടികൾക്കും നീന്തലറിയില്ലായിരുന്നു. പക്ഷേ ജാനകിയമ്മയെപ്പോലെ നീന്തലറിയുന്നവർ ഒട്ടും കുറവുമായിരുന്നില്ല. മുന്നോട്ട് വരാൻ തോന്നിയത് ഈ അമ്മയ്ക്ക് മാത്രമായിരുന്നു. പത്ത് വർഷം കൊണ്ട് അവർ ആ നാടിനെ മാറ്റി. ഇന്ന് നീന്തലറിയാത്ത ആരും അവിടെയില്ല. അത് മാത്രമല്ല കണ്ണപുരം ചൂണ്ട എന്ന ഗ്രാമവും പൂവൻക്കുളവും ഇപ്പോൾ കേരളത്തിന് പരിചിതവുമാണ്. ഇന്നോളം കാണാത്ത ആരുടെയൊക്കെയോ മരണത്തിൽ നൊന്ത് ഇനിയിങ്ങനെ കേൾക്കല്ലേ എന്ന് പ്രാർത്ഥിച്ച് ഏറ്റെടുത്ത ഒരു സാമൂഹികനന്മ. ആരെങ്കിലും അത് അറിയണമെന്നോ അഭിനന്ദിക്കണമോ എന്ന് അന്നും ഇന്നും ജാനകിയമ്മ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും തേടിവന്നാൽ നിറയെ സന്തോഷം. വയസ് അറുപത്തിനാലാകുന്നു. പറ്റുന്ന കാലത്തോളം ഇത് തുടരും. നീന്തലറിയാത്ത തലമുറകളാണ് ഇനി വരുന്നത്. അവരെ പഠിപ്പിക്കാൻ താനുണ്ടാകില്ല. പക്ഷേ പഠിപ്പിച്ച് വിട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്, അവരെ മറക്കരുതെന്ന്.

ചെയ്യുന്ന പ്രവൃത്തിയുടെ വ്യാപ്തിയും മൂല്യവും വിലയിരുത്തിയല്ല ജാനകിയമ്മ അതേറ്റെടുത്തത്. നൻമയുള്ള ഒരു മനസിന്റെ പ്രകാശമാണ് അവരുടെ പ്രവൃത്തി. നല്ല ഒരു മനുഷ്യനാകാൻ നല്ല മനസ് മാത്രം മതി എന്ന വലിയ തിരിച്ചറിവ് കൂടിയാണിത്. പേരിനും പ്രശസ്തിക്കുമായി മനുഷ്യൻ എന്തെല്ലാം കാട്ടിക്കൂട്ടുന്നു. പക്ഷേ അതൊക്കെ കാട്ടിക്കൂട്ടലുകൾ മാത്രമായി അവശേഷിക്കും. അവിടെയാണ്  ജാനകിയമ്മയെപ്പോലുള്ള യഥാർത്ഥമനുഷ്യരുടെ ജീവിതത്തിന് ഇത്രമാത്രം തിളക്കമേറുന്നത്.

English Summary:

Janaki Amma, a house wife in kerala give swimming lessons to people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com