ADVERTISEMENT

വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട് എല്ലാവരും സാധാരണ കേൾക്കുന്ന രണ്ട് ചടങ്ങുകളാണ് ഗണപതി ഹോമവും ഭഗവതിസേവയും. സന്ധ്യയ്ക്ക് ശേഷം ഹിന്ദു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന പ്രീതികരമായ സ്വാതിക പൂജയാണ് ഭഗവതിസേവ. ഇതിൽ വൈകുന്നേരം നടത്തുന്ന ഭഗവതി പൂജയിൽ ദുർഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്.

Read also : അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

അരിപ്പൊടി, മഞ്ഞൾപ്പൊടി തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തതിനുശേഷം ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തി കൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഇങ്ങനെ വരയ്ക്കുന്ന കളത്തിനെ പത്മം എന്നാണ് പറയുന്നത്. ദുർഗാ മന്ത്രം, വേദാന്തർഗതമായ ദേവി സൂക്തം, ദേവി മാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം എന്നിങ്ങനെയുള്ള മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിച്ച ശേഷം ലളിത സഹസ്രനാമം ജപിച്ച് അർച്ചന ചെയ്താണ് പൂജ അവസാനിപ്പിക്കുന്നത്. മന്ത്രം എന്ന് പറയുമ്പോൾ ശാന്തിദുർഗ്ഗ മന്ത്രത്തിനോടൊപ്പം ഓരോ കാര്യത്തിനായി ഓരോ മന്ത്രങ്ങൾ ഉപയോഗിച്ച് ദേവിയെ പൂജിക്കുന്ന പതിവുമുണ്ട്. ഉദാഹരണത്തിന് മംഗല്യ സിദ്ധിക്കായി സ്വയംവര മന്ത്രവും സർവകാര്യ വിജയത്തിനായി ജയദുർഗ്ഗ മന്ത്രവും ഭയത്തിൽ നിന്നുള്ള മോചനത്തിനായി വനദുർഗ്ഗ മന്ത്രവും വശ്യത്തിനായി ആശ്വാരൂഢ മന്ത്രവും ബാധപ്രവേശ ശമനത്തിനായി ആഗ്നേയതൃഷ്ടുപ്പും ഇങ്ങനെ പ്രത്യേകം ഉപയോഗിക്കുന്ന മന്ത്രങ്ങളാണ്.

താമരപ്പൂവ് നിർബന്ധമാണ്. ചുവന്ന പുഷ്പങ്ങൾ ആണ് മറ്റു പൂക്കളായി വേണ്ടത് എത്രയും കൂടുതൽ പൂവുണ്ടോ അത്രയും നന്ന്. ഇതിനോടൊപ്പം പഞ്ചോപചാര പൂജ ചെയ്ത് നിവേദ്യവും വെക്കണം. (ചന്ദനം, തീർഥം, പുഷ്പം, ഗന്ധം, ദീപം എന്നിവയുടെ കൃത്യമായ സമർപ്പണം ആണ് പഞ്ചോപചാര പൂജ)

ഭഗവതിസേവ ലളിതമായും വിപുലമായും നടത്താറുണ്ട്. വിപുലമായി നടത്തുമ്പോൾ അത് മൂന്നുനേരത്തെ പൂജയാണ്. അതിനെ തൃക്കാല പൂജ എന്നറിയപ്പെടുന്നു. ദുരിത മോചനത്തിനായാണ് ത്രികാലപൂജയായി ഭഗവതിസേവ നടത്താറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ശാന്തിദുർഗ്ഗ മന്ത്രം പ്രത്യേക ഉപയോഗിക്കുന്നു. നിവേദ്യം മൂന്ന് നേരം വ്യത്യസ്തവുമാണ്. രാവിലെ മഞ്ഞപ്പൊങ്കലും ഉച്ചയ്ക്ക് പാൽപ്പായസവും വൈകിട്ട് കടുംപായസവുമാണ് നിവേദ്യങ്ങൾ.

സാധാരണയായി വൈകിട്ട് ഒരു നേരം മാത്രം കടുംപായസം നേദിച്ച് ലളിതമായ പൂജയാണ് നടത്താറുള്ളത്. പക്ഷേ ദോഷങ്ങളുടെ കാഠിന്യമനുസരിച്ച് 3,7,12 തുടങ്ങിയ ദിവസങ്ങളിൽ അടുപ്പിച്ച് നടത്തുന്നതും പതിവാണ്. മാസംതോറും അവരവരുടെ ജന്മനക്ഷത്ര ദിവസം പതിവായി ഇത് നടത്തുന്നത് ഏറെ നല്ലതാണെന്ന് കരുതപ്പെടുന്നു. പൗർണമി ദിവസം ഭഗവതിസേവ വീട്ടിൽ നടത്തുന്നത് ദേവിപ്രീതിക്ക് ഏറ്റവും ശ്രേഷ്ഠമായാണ് വിശ്വസിക്കുന്നത്. 

 

(ലേഖകന്റെ ഫോൺ :

സുനിൽ വല്ലത്ത്

9447415140)

Content Summary: Importance of Bhagavathy Seva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com