വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം
Mail This Article
വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു മണ്ഡലകാലം. ശബരിമല വ്രതം പൊതുവെ മണ്ഡലവ്രതം എന്നാണ് അറിയപ്പെടുന്നത്. 41 ദിവസത്തെയാണ് ഒരു മണ്ഡലം എന്നു വിളിക്കുക ശബരിമല തീർഥാടനം വ്രതശുദ്ധിയോടെ വേണം അനുഷ്ഠിക്കാൻ. മനസ്സും ശരീരവും ഒരുപോലെ ശുദ്ധമായിരിക്കണം. മത്സ്യമാംസാദികളും ലഹരി വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. കറുപ്പ് വസ്ത്രം അണിഞ്ഞ് മാലയിട്ടാല്‍ അത് ഊരുന്നതു വരെ മുടി വെട്ടാനോ താടി വടിക്കാനോ പാടില്ല.
ശബരിമല ശ്രീ ധർമശാസ്താവിനെ വ്രതനിഷ്ഠയോടെ വേണം ദർശനം നടത്തേണ്ടത്. കന്നി അയ്യപ്പന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ്. എങ്ങും ശരണം വിളികൾ ഉയർന്നു കേൾക്കാം. കെട്ടുനിറ എന്ന ചടങ്ങോടെയാണ് അയ്യപ്പനെ ദർശിക്കാൻ പുറപ്പെടുക. വീട്ടിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ കെട്ടുനിറയ്ക്കാം. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ വേണം ചടങ്ങുകൾ നടത്താൻ. ഇരുമുടിക്കെട്ടേറ്റിയശേഷം ഗണപതി ഭഗവാന് നാളികേരമുടച്ച് വേണം യാത്ര തിരിക്കാൻ. മാലയിട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി വേണം അത് അഴിച്ചു മാറ്റാൻ.
മാലയിട്ട് കഴിഞ്ഞാൽ ഭക്തൻ അയ്യപ്പനായി മാറുന്നു അല്ലെങ്കിൽ മാളികപ്പുറം ആകുന്നു. നിത്യവും രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി ശരണം വിളിച്ച് വേണം മണ്ഡലകാലം കഴിച്ചു കൂട്ടാൻ. 41 ദിവസം വ്രതം പൂർത്തിയാക്കി മലയ്ക്ക് പോകുന്നവരും അതിനു മുന്നേ പോയി 41 ദിവസം വരെ വ്രതം തുടരുന്നവരുമുണ്ട്.
ശബരിമല തീർഥാടനം മറ്റ് തീർഥാടനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. മലകയറുന്നത് ചെരുപ്പിടാതെയാണ്. പലരും അനേക ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് ശബരിമലയിലെത്തുന്നത്. ഇരുമുടിക്കെട്ടിൽ പാപപു ണ്യങ്ങളും ചുമന്ന് മലയിലെത്തി നെയ്തേങ്ങ ഉടച്ച് അഭിഷേകം ചെയ്യുന്നതിലൂടെ സഹസ്രാര പത്മത്തിലെ അമൃതധാരയെ പ്രതിനിധീകരിക്കുന്ന അഭിഷേകവും കഴിഞ്ഞാണ് മടങ്ങുന്നത്.