മനോരമ ബജറ്റ് പ്രഭാഷണം: ബജറ്റിന്റെ ചുരുളഴിക്കാൻ സാമ്പത്തിക വിദഗ്‌ധൻ ഡോ.രാജീവ് കുമാർ

Mail This Article
കൊച്ചി ∙ കഴിഞ്ഞ 25 വർഷങ്ങളിലും ബജറ്റ് പ്രഭാഷണത്തിനു വേദിയൊരുക്കിയ മലയാള മനോരമയുടെ ഈ വർഷത്തെ പ്രഭാഷണം നിർവഹിക്കുന്നതു പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ഡോ. രാജീവ് കുമാർ. ഫെബ്രുവരി 5നു വൈകിട്ട് 6നു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. പ്‌ളാനിങ് കമ്മിഷനു പകരം സ്‌ഥാപിതമായ നിതി ആയോഗിന്റെ വൈസ് ചെയർമാനായും ധന മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്‌ടാവായും പ്രവർത്തിച്ചിട്ടുള്ള രാജീവ് കുമാർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ) യുടെ ചീഫ് ഇക്കോണമിസ്‌റ്റായിരുന്നിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി (ഫിക്കി) യുടെ സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന വെല്ലുവിളികളെപ്പറ്റിയുള്ള ഗ്രന്ഥം ഉൾപ്പെടെ ഏതാനും ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എസ്‌ബിഐ എന്നിവയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ അംഗമായിരുന്നിട്ടുണ്ട്.
ബജറ്റ് നിർദേശങ്ങൾ വിശദമായി വിശകലനം ചെയ്യുന്നതിനൊപ്പം അവയുടെ കാണാമറയത്തെ പ്രത്യാഘാതങ്ങളും വിവരിക്കുന്നതാകും രാജീവ് കുമാറിന്റെ പ്രഭാഷണം. വിവരങ്ങൾക്ക്: 0484 4447888
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business