സാമ്പത്തിക രംഗത്ത് കരകയറ്റ സൂചന; വികസിത രാജ്യമാകണമെങ്കിൽ 7.8% വളരണമെന്ന് ലോകബാങ്ക്

Mail This Article
ന്യൂഡൽഹി∙ രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) കനത്ത ഇടിവിനു ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചന നൽകി മൂന്നാം പാദത്തിലെ കണക്കുകൾ. ഒക്ടോബർ–ഡിസംബറിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6.2 ശതമാനമാണ്. രണ്ടാം പാദത്തിൽ ഇത് 5.6 ശതമാനമായിരുന്നു. എന്നാൽ 2023ലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ച നിരക്കിൽ ഇടിവുണ്ട്. 2023 ഒക്ടോബർ –ഡിസംബറിലെ നിരക്ക് 9.5 ശതമാനമായിരുന്നു.
രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ കൃഷി, ഉൽപാദനമേഖല, വ്യാപാരം, ഹോട്ടൽ, ഗതാഗതം, ഖനനം എന്നിവയിൽ സാമ്പത്തികവളർച്ച നിരക്ക് ഉയർന്നു. എന്നാൽ, 2023ലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ പല മേഖലകളും ഇടിവു നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഉൽപാദന മേഖലയുടെ വളർച്ച നിരക്ക് 14 ശതമാനമായിരുന്നത് 3.5 ആയി. ഖനന മേഖലയുടേത് 4.7 ശതമാനമായിരുന്നത് 1.4 ശതമാനമായും കുറഞ്ഞു.

ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം). കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർച്ച നിരക്കായി കണക്കാക്കുന്നത്.രാജ്യത്തിന്റെ ജിഡിപി കഴിഞ്ഞ വർഷം ഒക്ടോബർ–ഡിസംബറിൽ 44.44 ലക്ഷം കോടി രൂപയായിരുന്നത് ഇത്തവണ 47.17 ലക്ഷം കോടിയായാണു വർധിച്ചത് (6.2% വളർച്ച).
2047ൽ വികസിത രാജ്യം:7.8% വളരണമെന്ന് ലോകബാങ്ക്
ന്യൂഡൽഹി∙ 2047ൽ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറാൻ ഇന്ത്യ ഓരോ വർഷവും ശരാശരി 7.8% വളർച്ച കൈവരിക്കണമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. ഇതിനായി സാമ്പത്തികരംഗത്തും തൊഴിൽ രംഗത്തടക്കം പരിഷ്കാരങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉയർന്ന വരുമാനമുള്ള രാജ്യമാകാൻ പ്രതിശീർഷ വരുമാനം 8 മടങ്ങ് വർധിക്കണം.അടുത്ത 22 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വ്യത്യസ്ത ഘടകങ്ങൾ അനിവാര്യമെന്ന് റിപ്പോർട്ട് പറയുന്നു.
മൊത്തം നിക്ഷേപം നിലവിൽ ജിഡിപിയുടെ 33.5 ശതമാനമാണെങ്കിൽ ഇത് 40 ശതമാനമായി ഉയർത്തണം. തൊഴിൽ പങ്കാളിത്തം 56.4 ശതമാനമായിരിക്കുന്നത് 65 ശതമാനമായി ഉയർത്തണം. സംസ്ഥാനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. തൊഴിൽമേഖലയിൽ വനിതാ പങ്കാളിത്തം 35.6 ശതമാനമായിരിക്കുന്നത് 2047ൽ 50 ശതമാനമായി ഉയർത്തണം.
എൻഎസ്ഒയുടെ പുതുക്കിയ അനുമാനം: ഇക്കൊല്ലം സാമ്പത്തികവളർച്ച 6.5%

ന്യൂഡൽഹി∙ നടപ്പുസാമ്പത്തിക വർഷം രാജ്യം 6.5% വളർച്ച കൈവരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) പുതുക്കിയ അനുമാനം. ജനുവരിയിലെ ആദ്യ അനുമാനം പ്രകാരം ഇത് 6.4 ശതമാനമായിരുന്നു. 0.1 ശതമാനത്തിന്റെ വർധനയുണ്ടെങ്കിലും കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണിത്.
കഴിഞ്ഞ 3 വർഷങ്ങളിലെയും നിരക്ക് എൻഎസ്ഒ ഇക്കുറി പുതുക്കി. കഴിഞ്ഞ സാമ്പത്തികവർഷത്തെ നിരക്ക് 8.2 ശതമാനമായിരുന്നത് 9.2 ശതമാനമാക്കി ഉയർത്തി. 2022–23ലേത് 7 ശതമാനമായിരുന്നത് 7.6 ശതമാനവുമായി. അടുത്ത സാമ്പത്തികവർഷം വളർച്ച 6.7 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ അനുമാനം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business