ആദായനികുതി ബിൽ: എൻ.കെ. പ്രേമചന്ദ്രന്റെയും തിവാരിയുടെയും വാദം ശരിയല്ലെന്ന് നിർമല

Mail This Article
ന്യൂഡൽഹി∙ പുതിയ ആദായനികുതി ബിൽ ലോക്സഭയുടെ സിലക്ട് കമ്മിറ്റിക്കു വിട്ടു. സമിതിയിലെ അംഗങ്ങളുടെ പട്ടികയും പരിഗണനാവിഷയങ്ങളും വൈകാതെ സ്പീക്കർ പ്രഖ്യാപിക്കും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന്റെ ആദ്യദിവസം സമിതി റിപ്പോർട്ട് നൽകണം.
അങ്ങനെയെങ്കിൽ ജൂലൈയിലെ മൺസൂൺ സമ്മേളനത്തിലായിരിക്കും റിപ്പോർട്ട് വരിക. ധനമന്ത്രി നിർമല സീതാരാമനാണ് ഇന്നലെ ബിൽ അവതരിപ്പിച്ചത്. 1961ലെ ആദായനികുതി നിയമത്തിനു പകരമാണ് കൂടുതൽ ലളിതമായ പുതിയ ബിൽ. അവതരണത്തിനു പിന്നാലെ ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ധനമന്ത്രി തന്നെ സ്പീക്കർ ഓം ബിർലയോട് ആവശ്യപ്പെട്ടു.

ലളിതമാക്കാൻ ലക്ഷ്യമിടുന്ന പുതിയ ബില്ലിൽ നിലവിലുള്ള നിയമത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ടെന്ന മനീഷ് തിവാരി, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ വാദങ്ങൾ ശരിയല്ലെന്ന് നിർമല പറഞ്ഞു. 1961ന് ശേഷം ആദായനികുതി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ മൂലം ഫലത്തിൽ 819 വകുപ്പുകൾ നിലവിലുണ്ടെന്ന് നിർമല പറഞ്ഞു. ഇതിൽ നിന്ന് 536 വകുപ്പുകളായി കുറയുകയാണ് ചെയ്തതെന്ന് അവർ ചൂണ്ടിക്കാട്ടി.
വകുപ്പുകൾ കൂടിയോ, അതോ കുറഞ്ഞോ?
നിലവിലെ ആദായനികുതി നിയമത്തിലെ വകുപ്പുകളുടെ ആകെ എണ്ണം 298 മാത്രമാണ്. എന്നിട്ടും 819 വകുപ്പുകളുണ്ടെന്ന് ധനമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്തെന്ന് സംശയം തോന്നാം. 1961നു ശേഷം വന്ന കൂട്ടിച്ചേർക്കലുകൾ പലതും തുടർച്ചയായിട്ടുള്ള സംഖ്യകളായിട്ടല്ല ചേർത്തിരിക്കുന്നത്. ഉദാഹരണത്തിന് 115 എന്ന വകുപ്പിനു പുറമേ 115AC, 115AD, 115JB, 115VP എന്നിങ്ങനെ വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 115A മുതൽ 115WM വരെ മാത്രം 117 വകുപ്പുകളുണ്ട്. എന്നാൽ ഇവയെല്ലാം 115 എന്ന മാതൃവകുപ്പിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.

അങ്ങനെ ആകെ വകുപ്പുകളുടെ എണ്ണം നോക്കുമ്പോൾ 298 ആണ്. എന്നാൽ, ഇത്തരം കൂട്ടിച്ചേർക്കലുകൾ കൂടി കണക്കിലെടുക്കുമ്പോൾ വകുപ്പുകളുടെ ആകെ എണ്ണം 819 ആകും. ഇതിനെ 536 വകുപ്പുകളായിട്ടാണ് പുതിയ ബില്ലിൽ കുറയ്ക്കുന്നത്.
ഒറ്റനോട്ടത്തിൽ
∙ 1961ലെ ആദായനികുതി നിയമത്തിൽ ഇതുവരെ 65 തവണയായി 4,000 ഭേദഗതികൾ.
∙ നിലവിലെ നിയമത്തിലുള്ള 1200 പ്രൊവൈസോകളും 900 വിശദീകരണങ്ങളും പുതിയ ബില്ലിൽ എടുത്തുകളഞ്ഞു. ഇവ ചുരുക്കി ഉപവകുപ്പുകളായി ഉൾപ്പെടുത്തി. 5.12 ലക്ഷം വാക്കുകൾ 2.6 ലക്ഷമായി കുറഞ്ഞു.
∙ ടിഡിഎസ്/ടിസിഎസ് വ്യവസ്ഥകൾ 27,453 വാക്കുകളായിരുന്നത് 14,606 വാക്കുകളായി കുറയും. നോൺ–പ്രോഫിറ്റ് സ്ഥാപനങ്ങളുടെ വ്യവസ്ഥകൾ 12,800 ആയിരുന്നത് 7,600 ആയി കുറയും.
∙ പുതിയ ബില്ലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് സർക്കാരിന് ലഭിച്ചത് 20,976 അഭിപ്രായങ്ങൾ
∙ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിലെ 150 ഉദ്യോഗസ്ഥരാണ് പുതിയ ബിൽ തയാറാക്കിയത്. ഓരോ അധ്യായവും നിയമമന്ത്രാലയം പരിശോധിച്ചു.
∙ പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും വകുപ്പുകൾ തമ്മിൽ താരതമ്യം ചെയ്യാനുള്ള മാപ്പിങ് സൗകര്യം ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business