ഇന്ത്യ-പാക് അതിർത്തിയിൽ കാറ്റാടിപ്പാടം: അദാനിക്കായി പ്രതിരോധ ചട്ടങ്ങൾ ഇളവ് ചെയ്തെന്ന് ആരോപണം

Mail This Article
ന്യൂഡൽഹി∙ ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന് കാറ്റാടി–സൗരോർജ പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയെന്ന് ആരോപണം. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാന്റാണ് ഗുജറാത്തിൽ (ഖാവ്‍ഡ) പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന് അദാനി ഗ്രൂപ്പ് നിർമിക്കുന്നത്. അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാറി ഗുജറാത്ത് സർക്കാർ പാട്ടത്തിനു നൽകിയ സ്ഥലമാണിത്. ഈ സ്ഥലത്ത് പ്ലാന്റ് നിർമിക്കുന്നതിന് അതിർത്തിരക്ഷാചട്ടങ്ങളിൽ ഇളവ് നൽകിയെന്നാണ് ആരോപണം. മുൻപ് ഇന്ത്യ–പാക് സംഘർഷങ്ങൾ നടന്ന സ്ഥലം കൂടിയാണ് റാൻ ഓഫ് കച്ച്.
മുൻപുള്ള ചട്ടമനുസരിച്ച് അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ മാറി മാത്രമേ വമ്പൻ നിർമാണപ്രവർത്തനങ്ങൾ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ അദാനിക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭ്യമാക്കാനായി ദൂരപരിധിയിൽ ഇളവ് ചെയ്തുവെന്നാണ് ഗാർഡിയൻ പത്രത്തിന്റെ കണ്ടെത്തൽ. ഇതിനായി ചേർന്ന രഹസ്യയോഗത്തിൽ ഗുജറാത്ത് സർക്കാരിലെയും കേന്ദ്രസർക്കാരിലെയും പ്രതിനിധികൾക്കു പുറമേ ഒരു ഉന്നതസൈനിക ഉദ്യോഗസ്ഥനും പങ്കെടുത്തതായി റിപ്പോർട്ട് പറയുന്നു. 2023 മേയ് എട്ടിനാണ് ഇളവ് നൽകി ഉത്തരവിറക്കിയത്. പാക്കിസ്ഥാനു പുറമേ ബംഗ്ലദേശ്, ചൈന, മ്യാൻമർ, നേപ്പാൾ അതിർത്തികളിലും ഇളവു നൽകി.

അടിയന്തരസാഹചര്യങ്ങളിൽ സൈനികനീക്കത്തെയടക്കം ഇത് ബാധിക്കാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ബിജെപി പിന്തുടരുന്ന കപട ദേശീയതയുടെ മുഖമാണ് ഈ സംഭവത്തിലൂടെ വെളിവായതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു.
ശ്രീലങ്കയിലെ കാറ്റാടി പദ്ധതികൾ വേണ്ടെന്നുവച്ച് അദാനി
ന്യൂഡൽഹി∙ ശ്രീലങ്കയിലെ കാറ്റാടി പദ്ധതികളിൽനിന്ന് അദാനി ഗ്രീൻ എനർജി പിന്മാറുന്നു. മന്നാറിലെയും പൂനേരിനിലെയും 2 നിർദിഷ്ട പദ്ധതികൾ വേണ്ടെന്നു വച്ചതായി കമ്പനി ശ്രീലങ്ക സർക്കാർ ഏജൻസിക്കു കത്തു നൽകി. 100 കോടി ഡോളറിന്റെ പദ്ധതിയാണ് വേണ്ടെന്നുവയ്ക്കുന്നത്. പദ്ധതികളിൽനിന്നുള്ള വൈദ്യുതിയുടെ വില കുറയ്ക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ മാസം ശ്രീലങ്ക അദാനി കമ്പനിയുമായി ചർച്ച നടത്തിയിരുന്നു. കിലോവാട്ടിന് 0.0826 ഡോളറായിരുന്നു ആദ്യം നിശ്ചയിച്ച തുക. എന്നാൽ ഇത് വളരെ ഉയർന്നതാണെന്ന വിമർശനം ഉയർന്നതോടെയാണ് സർക്കാർ ഇളവു തേടിയത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business