ഇന്ത്യയുടെ ഹൈപ്പർകരുത്ത്: എന്താണ് ഹൈപ്പർ സോണിക് മിസൈൽ?
Mail This Article
ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈൽ നമ്മുടെ രാജ്യം വിജയകരമായി പരീക്ഷിച്ച കാര്യം കൂട്ടുകാർ അറിഞ്ഞോ. അതോടെ ഈ സാങ്കേതികവിദ്യ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നിവയാണ് ഈ സാങ്കേതികവിദ്യയുള്ള മറ്റു രാജ്യങ്ങൾ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ മേൽനോട്ടത്തിൽ പൂർണമായും തദ്ദേശീയമായാണ് മിസൈൽ വികസിപ്പിച്ചത്.
വിമാനങ്ങളുടെയും മിസൈലുകളുടെയും മറ്റും വേഗത്തെ നാലായി തിരിച്ചിട്ടുണ്ട്. സബ്സോണിക് (ശബ്ദവേഗത്തിനെക്കാൾ കുറവ്), ട്രാൻസോണിക് (ഏകദേശം ശബ്ദവേഗം), സൂപ്പർസോണിക് (ശബ്ദവേഗത്തിന്റെ 5 മടങ്ങുവരെ) പിന്നെ ഹൈപ്പർ സോണിക് (സൂപ്പർസോണിക്കിനപ്പുറമുള്ള വേഗം). ഉയർന്ന ഹൈപ്പർസോണിക് വേഗം പ്രയാസമാണെങ്കിലും കൈവരിച്ചിട്ടുണ്ട്. നാസ എക്സ് 43, ബോയിങ് എക്സ് 51 വേവ്റൈഡർ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങൾ ഈ വേഗം യാഥാർഥ്യമാക്കിയവയാണ്. ഇന്ത്യയുടെ തന്നെ അവതാർ തുടങ്ങിയ ചെറുവിമാന സങ്കൽപവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഭാവിയിൽ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളിൽ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പർസോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്.
ഹൈപ്പർസോണിക് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉപയോഗം പ്രതിരോധരംഗത്താണ്. ഹൈപ്പർസോണിക് മിസൈലുകൾ പ്രതിരോധരംഗത്തെക്കാൻ രാജ്യങ്ങൾ ലക്ഷ്യമിടുന്നു. ബാലിസ്റ്റിക് മിസൈലുകളെക്കാൾ വേഗവും ക്രൂസ് മിസൈലുകളുടെ നിയന്ത്രണക്ഷമതയും ഇവ നൽകും.ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും ഇവയെ തകർക്കാന്‍ സാധിക്കില്ല. സാധാ മിസൈലുകളെക്കാൾ റേഞ്ചും കൂടുതലായിരിക്കും.
ഇടക്കാലത്ത് ഇറാൻ ഫത്താ എന്നു പേരുള്ള 1400 കിലോമീറ്റർ വരെ റേഞ്ചുള്ള മിസൈൽ അവതരിപ്പിച്ചിരുന്നു. ശബ്ദവേഗത്തിന്റെ 15 മടങ്ങുവേഗം കൈവരിക്കാനും ഇതിനു കഴിയുമെന്ന് കരുതപ്പെടുന്നു. പൊതുവെ ഹൈപ്പർസോണിക് മിസൈലുകളെ തടയാനോ ചെറുക്കാനോ പാടാണ്. ഇതിനു പുറമേ ഫത്തായിൽ അധികമായുള്ള രഹസ്യചലന സംവിധാനങ്ങൾ മിസൈലിനെ കൂടുതൽ അപകടകാരിയാക്കുന്നു.
ഹൈപ്പർസോണിക് പറക്കൽ സാധ്യമാക്കുന്നത് സ്ക്രാംജെറ്റ് (സൂപ്പർസോണിക് കംപ്രഷൻ റാംജെറ്റ്) എന്ന എൻജിൻ നൽകുന്ന ഊർജത്തിലാണ്.ഉദാഹരണമായി ഒരു ഹൈപ്പർസോണിക് വിമാനത്തിന്റെ കാര്യം നോക്കാം. ബൂസ്റ്റർ റോക്കറ്റുകളുടെ സഹായത്തോടെ പറന്നുപൊങ്ങുന്ന വിമാനത്തിന്റെ മുൻഭാഗത്തുകൂടി വായു വലിച്ചെടുക്കപ്പെടും. സൂപ്പർസോണിക് വേഗത്തിലെത്തുന്ന വിമാനത്തിന്റെ ഉള്ളിലെ നോസിൽ അറയിൽ വായുമർദം വർധിക്കുമ്പോൾ ഹൈഡ്രജൻ ഇന്ധനം നൽകും. തുടർന്നുണ്ടാകുന്ന കത്തലിൽ വലിയ ഊർജത്തിൽ വാതകങ്ങൾ പിന്നിലേക്കു പോകുകയും വിമാനം ഹൈപ്പർസോണിക് വേഗം കൈവരിക്കുകയും ചെയ്യും. ഇങ്ങനെയാണ് സ്ക്രാംജെറ്റ് പ്രവർത്തിക്കുക. ഡ്യൂവൽ മോഡ് റാംജെറ്റ് എന്ന പരിഷ്കരിച്ച പതിപ്പും വികസിപ്പിച്ചിട്ടുണ്ട്. 2022ൽ ഓസ്ട്രേലിയയും ഹൈപ്പർസോണിക് മിസൈൽ വികസിപ്പിക്കാനായി ശ്രമം തുടങ്ങിയിരുന്നു.