പടഹാരം ജങ്കാർ സർവീസ് നിർത്തി;ജനത്തിന് ദുരിതമായി

Mail This Article
കുട്ടനാട് ∙ പടഹാരം ജങ്കാർ സർവീസ് നിർത്തിയതു ജനങ്ങളെ ദുരിതത്തിലാക്കി. വൈശ്യംഭാഗം–മണപ്ര റോഡിൽ കലുങ്കു നിർമാണവുമായി ബന്ധപ്പെട്ടു റോഡ് അടച്ചതോടെ പ്രദേശവാസികളുടെ ദുരിതം ഇരട്ടിയായി. നെടുമുടി പഞ്ചായത്ത് പരിധിയിലുള്ള പടഹാരം പാലത്തിന്റെ നിർമാണ പ്രവർത്തനം വളരെ വേഗത്തിൽ നടക്കുന്നു. പാലം നിർമാണം പുരോഗമിക്കുമ്പോൾ പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുള്ള യാത്രാ ക്ലേശത്തിനു പരിഹാരം കാണാനുള്ള ബൈറോഡിന്റെ നിർമാണം ഇഴയുന്നതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്കു കാരണം.
പാലം നിർമിക്കുന്ന കടവിൽ നിന്നു കുറച്ചുമാറി ജങ്കാർ സർവീസ് നടത്താൻ സഹായകമാകുന്ന രീതിയിലാണു ബൈ റോഡുകൾ നിർമിക്കുന്നത്. ഇതിൽ നെടുമുടി പഞ്ചായത്ത് പരിധിയിൽ ബൈ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് തുടങ്ങിയത്. തകഴി പഞ്ചായത്ത് പരിധിയിലെ റോഡിന്റെ നിർമാണം തുടങ്ങിയില്ല.
നെടുമുടി പഞ്ചായത്ത് പരിധിയിലെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. അതേ സമയം റോഡിന്റെ നിർമാണം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നു പഞ്ചായത്തംഗം ജയിംസ് തിരുനിലം പറഞ്ഞു.നെടുമുടി പഞ്ചായത്ത് പരിധിയിലെ റോഡിന്റെ നിർമാണം പൂർത്തിയായാൽ മാത്രമേ ജങ്കാർ സർവീസ് പുനരാരംഭിക്കുവാൻ സാധിക്കൂ. തകഴി പഞ്ചായത്ത് പരിധിയിൽ പാലത്തിന്റെ നിർമാണം തുടങ്ങുന്നതുവരെ സുഗമമായി ജങ്കാർ സർവീസ് നടത്താൻ സാധിക്കും.