നാക്കട ബസ് സർവീസ്: ആനവണ്ടി കാത്ത് നാടും നാട്ടുകാരും

Mail This Article
ചെങ്ങന്നൂർ ∙ രണ്ടു പതിറ്റാണ്ടിനിപ്പുറം നിറയെ യാത്രക്കാരുമായി കെഎസ്ആർടിസി ബസുകൾ ഓടിയെത്തിയിരുന്നു നാക്കട വീണ്ടും ആനവണ്ടിയുടെ ഡബിൾ ബെൽ കേൾക്കാൻ കാത്തിരിക്കുകയാണ്. ഓർമകൾ അയവിറക്കി നാക്കട പഴയ ബസ് സ്റ്റാൻഡ് ഇന്നുമുണ്ട്. ആർകെവി ജംക്‌ഷൻ–നാക്കട റോഡും ബസ് സ്റ്റാൻഡും അരക്കോടിയോളം രൂപ ചെലവിൽ 2022–ൽ നവീകരിച്ചതു മുതൽ പുതിയ ബസ് സർവീസിനുള്ള കാത്തിരിപ്പിലാണു നാട്ടുകാർ.ആർകെവി ജംക്‌ഷൻ–നാക്കട റോഡും ബസ് സ്റ്റാൻഡും അരക്കോടിയോളം രൂപ ചെലവിൽ 2022–ൽ നവീകരിച്ചതു മുതൽ പുതിയ ബസ് സർവീസിനുള്ള കാത്തിരിപ്പിലാണു നാട്ടുകാർ.
1978 മുതൽ തൊണ്ണൂറുകളുടെ തുടക്കത്തിൽ വരെ ചെങ്ങന്നൂരിൽ നിന്നു നാക്കടയിലേക്കു ബസുകൾ സർവീസ് നടത്തിയിരുന്നു. ഇല്ലിമല പാലത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ ചെങ്ങന്നൂരിൽ നിന്ന് പാണ്ടനാട് വരെ ഉണ്ടായിരുന്ന ബസ് സർവീസ്, നാക്കട കടവ് വരെ നീട്ടുകയായിരുന്നു. അതുവരെ ഇല്ലിമല കടത്തുകടവ് വരെ ആയിരുന്നു സർവീസ് ഉണ്ടായിരുന്നത്. അവിടെ നിന്നു സർക്കാർ കടത്ത് വള്ളത്തിലാണു പരുമല ഭാഗത്തേക്ക് നാട്ടുകാർ യാത്ര ചെയ്തിരുന്നത്.നാക്കടയിലേക്ക് ബസ് റൂട്ട് മാറ്റിയതോടെ ബസ് ഇറങ്ങി നാക്കട കടത്തു കടന്ന് പരുമലയിലേക്കും വളഞ്ഞവട്ടത്തേക്കും യാത്ര ചെയ്തിരുന്ന കാലം ഓർക്കുകയാണ് പാണ്ടനാട്ടുകാർ.
ഇല്ലിമല പാലത്തിന്റെ നിർമാണം പൂർത്തിയായ ശേഷവും ചെങ്ങന്നൂർ-പാണ്ടനാട് നാക്കട ബസ് സർവീസ് തുടർന്നു. അക്കാലത്ത് ആർകെവി ജംക്‌ഷൻ മുതൽ നാക്കട വരെ ഒന്നര കിലോമീറ്റർ ഗ്രാവൽ റോഡ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ റോഡിലൂടെ പ്രതിദിനം പത്തു ട്രിപ്പ് ബസ് സർവീസ് നടത്തിയിരുന്നു. ക്രമേണ റോഡിന്റെ ശോച്യാവസ്ഥ കാരണം സർവീസ് നിർത്തലാക്കി. 2018 ലെ പ്രളയത്തിൽ പൂർണമായും തകർന്ന റോഡും ബസ് സ്റ്റാൻഡും 2022 ൽ പുനർനിർമിച്ചു. കൂടാതെ നാക്കട മുതൽ ഇല്ലിമല വരെ നദീതീരത്തു കൂടി ചെങ്ങന്നൂർ- പാണ്ടനാട് –പരുമല റോഡുമായി ബന്ധിപ്പിക്കുന്ന നാക്കട - ഇല്ലിമല ലിങ്ക് റോഡും ഇപ്പോൾ നിലവിലുണ്ട്.
മിനി ബസ് എങ്കിലും വേണം
ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്ന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂരിൽ നിന്നു പാണ്ടനാട്, നാക്കട, ഇല്ലിമല, കടമ്പൂർ, ബുധനൂർ, എണ്ണക്കാട്, ഉളുന്തി വഴി മാവേലിക്കരയിലേക്ക്, ഒരു മിനി ബസ് സർവീസ് തുടങ്ങണമെന്ന ആവശ്യം പാണ്ടനാട്, ബുധനൂർ പഞ്ചായത്തുകൾ പാസാക്കി അധികൃതർക്ക് നൽകിയിട്ടുണ്ട്.