എബിസി പദ്ധതി വൈകുന്നു; നായ ഭീതിയിൽ നഗരം
Mail This Article
മാവേലിക്കര ∙ നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വർധിക്കുമ്പോഴും ഇവയുടെ പ്രജനനം നിയന്ത്രിക്കാനുള്ള എബിസി പദ്ധതി വൈകുന്നു. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഇന്നലെ രാവിലെ മുതൽ ഒരു നായ മാത്രം 60 ആളുകളെ കടിച്ചു. ശ്രീകൃഷ്ണ ക്ഷേത്രത്തിനു ചുറ്റുമുള്ള 4 റോഡുകളിലും ഒട്ടേറെ നായ്ക്കൾ തമ്പടിക്കുന്നതിനാൽ പുലർച്ചെ ക്ഷേത്രദർശനത്തിന് എത്തുന്നവർ ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം ഇരുചക്രവാഹന യാത്രക്കാർക്കു ഭീഷണിയാകുന്നുണ്ട്. കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം തമ്പടിക്കുന്ന നായ്ക്കൾ പുലർച്ചെ ബസ് കയറാൻ എത്തുന്ന യാത്രക്കാർക്കു നേരെ ചാടി എത്തുന്നതു പതിവാണ്.
നടയ്ക്കാവ്–ജലഅതോറിറ്റി–ബിഎച്ച് സ്കൂൾ റോഡിലും നായ്ക്കളുടെ ശല്യമേറെയാണ്. സ്കൂൾ വിദ്യാർഥികൾ സൈക്കിളിൽ പോകുമ്പോൾ കുരച്ചു കൊണ്ടു നായ്ക്കൾ പിന്നാലെ ഓടിയെത്തുന്നതും പതിവാണ്. മിൽക് സൊസൈറ്റിക്കു കിഴക്കും പടിഞ്ഞാറും, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, ബുദ്ധ ജംക്‌ഷൻ, പുതിയകാവ്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, തട്ടാരമ്പലം ചെട്ടികുളങ്ങര, പുന്നമൂട് ളാഹ, തഴക്കര തുടങ്ങിയ സ്ഥലങ്ങളിലാണു നായ ശല്യം രൂക്ഷമായുള്ളത്.
ഗവ.ഗേൾസ്, കൊട്ടാരം സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളുടെ പരിസരത്തും സമീപ റോഡുകളിലും നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. പുലർച്ചെ പത്രവിതരണത്തിനു പോകുന്നവരുടെ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ പുറകെ കുരച്ചു കൊണ്ടു നായ്ക്കൾ ഓടിയെത്തുന്നതു പതിവാണ്. നഗരസഭ പ്രദേശത്തു വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കു ലൈസൻസ് നിർബന്ധം ആക്കിയിട്ടും പലരും നിയമാനുസൃതം ലൈസൻസ് എടുക്കാറില്ല. നായ്ക്കളുടെ ശല്യം മൂലം പ്രഭാതസവാരിക്ക് ഇറങ്ങുന്ന പലരും വലിയ വടിയും കരുതിയാണു പോകുന്നത്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ തമ്പടിക്കുന്ന നായ്ക്കൾ ഇവിടം വൃത്തികേടാക്കുന്നുണ്ട്. വ്യാപാരികൾ ദിവസവും രാവിലെ തിണ്ണ കഴുകി വൃത്തിയാക്കേണ്ട സാഹചര്യമാണ്.
ജില്ലാ ആശുപത്രി വളപ്പിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. മാവേലിക്കര – പന്തളം റോഡിൽ നിന്നു ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു മുതൽ നായ്ക്കളുടെ ശല്യം ആരംഭിക്കും. റോഡിൽ തമ്പടിക്കുന്ന നായ്ക്കൾ വാഹനങ്ങൾ എത്തുമ്പോൾ അതിനു പിന്നാലെ കുരച്ചു കൊണ്ടു പാഞ്ഞടുക്കും. നായ്ക്കൾ പിന്നാലെ പാഞ്ഞടുക്കുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ ഭയന്ന് അപകടത്തിൽപെടാനും സാധ്യതയുണ്ട്. ആശുപത്രി പരിസരത്തു മെഡിക്കൽ വാർഡിനു സമീപത്തും കരയംവട്ടം ഭാഗത്തുനിന്നുള്ള വാതിലിനു സമീപത്തുമാണു നായ്ക്കൾ പ്രധാനമായും തമ്പടിക്കുന്നത്.
മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു, സർക്കാർ ഓഫിസുകളിൽ വിവിധ കാര്യങ്ങൾക്കായി എത്തുന്നവർക്കു നായയെ പേടിച്ചു നടക്കേണ്ട ഗതിയാണ്. മോട്ടർ വാഹനവകുപ്പ്, സിവിൽ സപ്ലൈസ്, കൃഷി ഭവൻ, എംപ്ലോയ്മെന്റ്, ജിഎസ്ടി, വില്ലേജ് ഓഫിസ് ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന വളപ്പിലും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലുമാണ് നായ്ക്കൾ താവളമാക്കിയിരിക്കുന്നത്.
കെട്ടിടത്തിന് ഉള്ളിലും പടികളിലും നായ്ക്കൾ നിരന്നു കിടക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ നായ്ക്കളെ പേടിച്ചു നടക്കേണ്ട സ്ഥിതിയാണ്. സിവിൽ സ്റ്റേഷൻ പരിസരത്തെ വാഹനങ്ങളുടെ പാർക്കിങ് സ്ഥലം, പൊതുശുചിമുറികൾ എന്നിവിടങ്ങളിലും നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. ഓടിക്കാൻ ചെല്ലുന്നവരെ നായ്ക്കൾ ആക്രമിക്കുന്നതിനാൽ ജീവനക്കാരും അതിനു ശ്രമിക്കാറില്ല.