കേന്ദ്ര ബജറ്റ് മധ്യവർഗത്തെ തൃപ്തിപ്പെടുത്താനുള്ള താൽകാലിക ശ്രമം മാത്രം: ഡോ. രവി രാമൻ

Mail This Article
ബെംഗളൂരു∙ കേന്ദ്ര ബജറ്റ് മധ്യവർഗത്തെ തൃപ്തിപ്പെടുത്താനുള്ള താൽകാലിക ശ്രമം മാത്രമാണെന്ന് കേരള ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യശ്വന്ത്പുർ ക്യാംപസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിലൂടെയുള്ള സാമ്പത്തിക വിപുലീകരണ നയവും സമീപകാല ആർബിഐ നിരക്ക് കുറയ്ക്കൽ നയവും ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയിലേക്ക് നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ നയങ്ങൾ സാമ്പത്തിക മൂലധനം മെച്ചപ്പെടുത്തുകയേ ഉള്ളൂ, യഥാർഥ നിക്ഷേപമല്ല. നികുതിയിളവുകൾ കേന്ദ്ര സർക്കാരിന്റെ സപ്ലൈ സൈഡിൽ നിന്ന് ഡിമാൻഡ് സൈഡിലേക്കുള്ള മാറ്റത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. ഡിവിസിബിൾ പൂളിലെ വരുമാനം കൂടുതൽ കുറയ്ക്കുകയും അതുവഴി സംസ്ഥാനങ്ങളുടെ വിഹിതം നഷ്ടപ്പെടുകയും ചെയ്യും’– അദ്ദേഹം വിമർശിച്ചു. ഈ നയം സമീപഭാവിയിൽ ജിഎസ്ടി നിരക്കുകൾ വർധിപ്പിക്കാൻ ഇടയാക്കിയേക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 2047 ഓടെ കേന്ദ്ര സർക്കാരിന്റെ ‘വിക്ഷിത് ഭാരത് പദ്ധതി’ വികസിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ വിജയിച്ചേക്കാമെന്നും എന്നാൽ ഗുണനിലവാരമുള്ള സാമൂഹിക ജീവിതം നൽകുന്ന ഒരു വികസിത രാജ്യം സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചയിലെ മറ്റു പാനലിസ്റ്റുകൾ ആയ ഇൻഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപക് ഭല്ല, അപ്സ്റ്റോക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ മാനേജർ ജയ് മേത്ത, കെഎഎസ്‌എസ്ഐഎ കൗൺസിൽ അംഗം ഗിരീഷ് ഗുമസ്‌തെ എന്നിവർ കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ചു. കേന്ദ്ര ബജറ്റിൽ വിമർശിക്കാൻ ഒന്നുമില്ലെന്ന് അവർ അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലുമുള്ള ജനങ്ങളുടെ സ്വപ്ന ബജറ്റാണെന്നും എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ സാമ്പത്തിക വളർച്ചയിൽ ഫലം കാണിക്കുമെന്നും അവർ വ്യക്തമാക്കി.
കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകാത്ത ബജറ്റിനെ അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് ഡോ. ദീപക് ജോൺസൺ വിമർശിച്ചു. പദ്ധതികളിലെ സ്തംഭനാവസ്ഥ, അടിക്കടിയുള്ള നയമാറ്റങ്ങൾ, വാഗ്ദാനങ്ങളും വിഹിതവും തമ്മിലുള്ള പൊരുത്തക്കേട് എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കർഷകരുടെ അവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും കാർഷിക മേഖലയുടെ നവീകരണത്തിനും ബജറ്റ് വ്യക്തമായ ദിശാബോധം നൽകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചർച്ചയിൽ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യശ്വന്ത്പുർ ക്യാംപസിലെ ഇക്കണോമിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.പി.ജയേഷ് മോഡറേറ്ററായിരുന്നു. അസോസിയേറ്റ് ഡീൻ ഡോ. ജി.രഘുനന്ദൻ, ഇക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. വിനീത് മോഹൻദാസ്, ക്യാംപസിലെ ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.