അഞ്ചു കുറ്റി പുട്ടിൽ നിന്ന് ‘അച്ചായത്തി’യായ അന്ന
Mail This Article
ഒരു തവണയെങ്കിലും പോയിട്ടുള്ളവർക്കറിയാം ‘അച്ചായത്തി’ വിളമ്പുന്ന ഭക്ഷണത്തിന്റെ കൈപ്പുണ്യം. പാമ്പാടി കൂരോപ്പടയിൽ നിന്നുള്ള സാധാരണക്കാരിയായ യുവതി കഠിനാധ്വാനകൊണ്ട് ചെന്നൈയിൽ മികച്ചൊരു രുചിയിടം സൃഷ്ടിച്ച കഥ സിനിമ പോലെ സംഭവബഹുലം. അന്ന ആന്റണി എന്ന ചെന്നൈ ‘അച്ചായത്തി’യുടെ കൈപ്പുണ്യത്തിന് പിന്നിൽ അമ്മ മേരിയാണ്. ആദ്യം ഇറങ്ങിയതു റിയൽ എസ്റ്റേറ്റ് കച്ചവടത്തിലായിരുന്നു. നന്നായി കൈപൊള്ളിയതോടെ ഇനിയെന്ത് എന്ന ആലോചന തുടങ്ങി. കൈപ്പുണ്യം ആവോളമുള്ളപ്പോൾ പിന്നെന്ത് ആലോചിക്കാനെന്ന സുഹൃത്തുക്കളുടെ ചോദ്യത്തിൽ തലയിൽ മിന്നിയ ആശയമാണ് ഇന്ന് ‘അച്ചായത്തി’യായി വിലസുന്നത്.
∙ മനസ്സിൽ ക്ലൗഡ്
ചെന്നൈയിൽ ക്ലൗഡ് കിച്ചൻ മാതൃകയിൽ സംരംഭം തുടങ്ങാനായിരുന്നു ആദ്യ നീക്കം. എന്നാൽ, ഒരു നിമിത്തം പോലെ നുങ്കമ്പാക്കത്തു റസ്റ്ററന്റ് ആരംഭിച്ചു. ‘അച്ചായത്തി’ എന്ന പേരിട്ടത് അന്നയുടെ സുഹൃത്തും പ്രശസ്ത സൗണ്ട് ഡിസൈനറുമായ എം.ആർ.രാജാകൃഷ്ണനായിരുന്നു. അതോടെ തലവര മാറി. 2020ലാണു റസ്റ്ററന്റ് തുടങ്ങിയത്. മാസങ്ങൾക്കുള്ളിൽ കോവിഡെത്തിയതോടെ 3 മാസത്തോളം അന്ന സ്വപ്നങ്ങൾക്ക് പൂട്ടിട്ടു.
ഹോട്ടലുകൾക്ക് ഇളവു ലഭിച്ചതോടെ ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപനയ്ക്കു ശ്രമമായി. രാവിലെ 5 കുറ്റി പുട്ടും കടലക്കറിയും തയാറാക്കി വച്ച് കാത്തിരുന്നു. ആദ്യമൊന്നും ആരും തിരിഞ്ഞു നോക്കിയില്ല. ഒരു ദിവസം ആദ്യ ഓർഡറെത്തി. 160 രൂപ പ്രതിഫലവും. അന്നയുടെ പുട്ടും കടലയും കഴിച്ച അജ്ഞാതയായ ആ യുവതി മികച്ച റിവ്യൂ പോസ്റ്റ് ചെയ്തു. പിന്നാലെ, അവർ തന്നെ പരിചയപ്പെടുത്തിയവർ ബ്രേക്ക് ഫാസ്റ്റ് ആവശ്യപ്പെട്ടെത്തി. അങ്ങനെ പതിയെ പതിയെ ചുവടുവച്ച അന്ന ചെന്നൈയുടെ രുചിറാണിയായി മാറി. ഭക്ഷണം കഴിച്ചവർ നൽകുന്ന പ്രചാരമാണ് അച്ചായത്തിയെ വളർത്തിയത്. 4 വർഷമെത്തും മുൻപേ അച്ചായത്തിയുടെ പുതിയ റസ്റ്ററന്റ് വേളാച്ചേരിയിൽ തുറന്നു. അധികം വൈകാതെ മധുരവോയലിലും എത്തും.
∙ രുചി രഹസ്യം
പാചക ഗുരുവായ അമ്മ പറഞ്ഞു തന്ന ഏറ്റവും വലിയ രഹസ്യം എന്താണെന്നു ചോദിച്ചാൽ അന്നയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ; ‘ക്ഷമ’. സമയമെടുത്തു ക്ഷമയോടെ പാചകം ചെയ്യുന്ന ഭക്ഷണത്തിന് രുചി കൂടും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അച്ചായത്തി റസ്റ്ററന്റിലെ ഓരോ വിഭവങ്ങളും.
കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള ഷെഫുമാരാണ് ‘അച്ചായത്തി’യുടെ അടുക്കളയിലെങ്കിലും ഇവരെല്ലാം ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരേ രുചിയായിരിക്കും. കാരണം എല്ലാ വിഭവങ്ങളുടെയും റെസിപ്പി അന്നയുടേതാണ്. രാവിലെ 8നു റസ്റ്ററന്റ് തുറക്കുന്നതു മുതൽ എല്ലാ കാര്യങ്ങളിലും അന്നയുടെ നോട്ടമെത്തും. രുചിയോ മണമോ പോലും മാറാൻ സമ്മതിക്കാതെയുള്ള പാചകമാണ് ‘അച്ചായത്തി’ക്ക് ആരാധകരെയെത്തിക്കുന്നത്.
തനി നാടൻ ശൈലിയിലാണു പാചകം. അത്യാധുനിക അടുക്കളയൊന്നുമില്ല ഇവിടെ. വീട്ടിൽ പാചകം ചെയ്യുന്ന അതേ ശൈലിയിൽ, സാവധാനമാണ് വിഭവങ്ങളൊരുക്കുക. 4 മണിക്കൂറോളം സമയം ഉരുളിയിൽ മസാലക്കൂട്ടിനൊപ്പം വേവുന്ന ബീഫിന് എങ്ങനെ ഇത്ര രുചി എന്ന് പ്രത്യേകം പറയേണ്ടല്ലോ.
∙ കഞ്ഞി മുതൽ കള്ളപ്പം വരെ
നല്ല നാടൻ കഞ്ഞിയും പയറും, കപ്പ, മുളകിട്ട മീൻ, മീൻ മാങ്ങ കറി, ബീഫ് റോസ്റ്റ്, കാന്താരി ബീഫ്, ചെമ്മീൻ തീയൽ, കരിമീൻ മപ്പാസ്. മട്ടൻ പെരട്ട്, ചിക്കൻ വറുത്തരച്ചത്, ചിക്കൻ പെരളൻ, കിഴി ബിരിയാണി, പൊതിച്ചോറ് അങ്ങനെ വായിൽ കപ്പലോടുന്ന വിഭവങ്ങളെല്ലാം ചേർന്ന വമ്പൻ മെനുവാണ് അച്ചായത്തിയുടേത്. 365 ദിവസവും 24 വിഭവങ്ങളും 2 പായസവും ചേർത്തു കേരള സദ്യയും കഴിക്കാം. മെനുവിലെ ഏറ്റവും ഹിറ്റ് കോംബോ വിഭവം ഏതാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ അന്നയ്ക്കുള്ളൂ; പൊറോട്ടയും ബീഫും. മലയാളികളെപ്പോലെ തന്നെ തമിഴ് മക്കളും അച്ചായത്തിയുടെ ആരാധകരാകാൻ വേറെന്തു വേണം. പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 11 വരെ.