കുറുക്കുവഴി തേടി ബസുകാർ; പെരുവഴിയിലായി യാത്രക്കാർ

Mail This Article
ആലുവ∙ സമയവും ദൂരവും ലാഭിക്കാൻ സ്വകാര്യ ബസുകാർ കുറുക്കുവഴി തേടുമ്പോൾ യാത്രക്കാർ പെരുവഴിയിൽ കഷ്ടപ്പെടുന്നു. നഗരത്തിലെ ഇടുങ്ങിയ വഴികളിലൂടെ ബസ് ഓടിക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. എറണാകുളം ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ പലപ്പോഴും നഗരം ചുറ്റുന്നത് ഒഴിവാക്കാൻ മാർക്കറ്റ് പരിസരത്തു നിന്നു നേരെ ബസ് സ്റ്റാൻഡിലേക്കു കയറുന്നതാണ് പ്രശ്നം. ബസിൽ ഭാരം കൂടിയാൽ ഇവിടെ അടിഭാഗം റോഡിൽ തട്ടും.
അതിനാൽ യാത്രക്കാരെ മാർക്കറ്റിൽ നിർബന്ധിച്ച് ഇറക്കിവിടും. കാർ, ഓട്ടോ, ബൈക്ക് എന്നീ വാഹനങ്ങൾക്കു പോകുന്നതിനു നഗരസഭ നിർമിച്ച വീതി കുറഞ്ഞ റോഡിലൂടെയാണ് ബസുകൾ തിങ്ങിഞെരുങ്ങി കടന്നുപോകുന്നത്. യാത്ര ഇടയ്ക്ക് അവസാനിപ്പിച്ചു ബസുകാർ ആളുകളെ മാർക്കറ്റിൽ ഇറക്കിവിടുന്നതു മൂലം ബൈപാസ്, ബാങ്ക് കവല, ടൗൺ ഹാൾ, പമ്പ് കവല, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോകേണ്ട യാത്രക്കാർ കഷ്ടപ്പെടുകയാണ്.
അവർ 2 കിലോമീറ്റർ നടക്കുകയോ ഓട്ടോ വിളിക്കുകയോ സ്റ്റാൻഡിൽ ചെന്നു വേറെ ബസ് കയറുകയോ ചെയ്യണം. കുറച്ചുകാലം മുൻപു വരെ സ്റ്റാൻഡിന്റെ പടിഞ്ഞാറേ കവാടത്തിലൂടെ ബസുകൾ അകത്തു കയറിയിരുന്നു. അവിടെ ബസ് ഇടിച്ച് ഒരാൾ മരിച്ചതിനെ തുടർന്നു പൊലീസ് ആ വഴി അടച്ചതോടെയാണ് ബസുകാർ ഫയർ സ്റ്റേഷന്റെ എതിർവശത്തെ ഇടുങ്ങിയ കുറുക്കുവഴി ഉപയോഗിച്ചു തുടങ്ങിയത്.