പ്രിൻസിപ്പൽ മുൻസിഫ് കോടതി കെട്ടിടം പൊളിക്കുന്നത് നിർത്തി

Mail This Article
കണ്ണൂർ ∙ പുതിയ കെട്ടിട സമുച്ചയം പണിയുന്നതിനായി, 116 വർഷം പഴക്കമുള്ള കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതി കെട്ടിടം പൊളിക്കുന്നതു നിർത്തിവച്ചു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിൽനിന്നു വാക്കാൽ നിർദേശം നൽകിയതിനെ തുടർന്നാണു കെട്ടിടം പൊളിക്കൽ നിർത്തേണ്ടി വന്നതെന്നാണ് ആരോപണം.
കെട്ടിട നിർമാണ കരാറുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റിയും നിർമാണ കരാർ ലഭിച്ച നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തർക്കം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം കെട്ടിടം പൊളിക്കൽ ആരംഭിച്ചയുടൻ പൊതുമരാമത്ത്(കെട്ടിട വിഭാഗം) അധികൃതർ സ്ഥലത്തെത്തിയിരുന്നു.
സർക്കാരിൽ നിന്നു രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടു പൊളിക്കാമെന്നു നിർമാൺ കമ്പനി അധികൃതരെ അറിയിച്ചാണു സംഘം മടങ്ങിയത്. ഇതോടെ ഇന്നലെ കെട്ടിടം പണി നിർത്തി. അതേസമയം, കോടതിയുടെ പരിഗണനയിലുള്ളതിനാലാണു നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനി കെട്ടിടം പൊളിക്കൽ നിർത്തിയതെന്നാണു പൊതുമരാമത്ത്(കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയറുടെ വാദം.
സർക്കാരിന്റെ കെട്ടിട നിർമാണ കോൺട്രാക്ട് നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണു ലഭിച്ചിരുന്നത്. സർവീസ് സഹകരണ സൊസൈറ്റി ആയതിനാൽ ടെൻഡറിൽ തങ്ങൾക്ക് 10 ശതമാനം ഇളവുണ്ടെന്നും നിർമാൺ കമ്പനിയുടെ കോൺട്രാക്ട് റദ്ദാക്കണമെന്നും ടെൻഡർ തങ്ങൾക്കു നൽകണമെന്നും ചൂണ്ടിക്കാട്ടി ഊരാളുങ്കൽ ലേബർ സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നിർമാണ പ്രവർത്തനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
നടപടിക്കെതിരെ നിർമാൺ കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു കെട്ടിടം പൊളിക്കാൻ മാത്രം സർക്കാർ അനുമതി നൽകിയത്. കെട്ടിടം പൊളിക്കുന്നതിനും കെട്ടിടം നിർമിക്കുന്നതിനും വെവ്വേറെ ടെൻഡറാണ്. പൊളിക്കാനുള്ള സർക്കാരിന്റെ അനുമതിയിലാണു നിർമാൺ കമ്പനി കെട്ടിടം പൊളിക്കൽ തുടങ്ങിയത്. രണ്ടാം ദിവസം തന്നെ പൊളിക്കുന്നതു നിർത്തേണ്ടിയും വന്നു.
പ്രിൻസിപ്പൽ മുൻസിഫ് കോടതി ഹാളും ചേംബറും ഓഫിസും 2 റിക്കാർഡ് മുറികളും ഉൾക്കൊള്ളുന്നതാണു കെട്ടിടം. പൊളിക്കുന്ന കെട്ടിടത്തിനു പകരം 7 നിലകളുള്ള കോടതി സമുച്ചയം നിർമിക്കാനാണു പദ്ധതി. ഇതിനായി 40.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.