കടൽമണൽ ഖനനം: ആദ്യം കൊല്ലം തങ്കശ്ശേരി മുതൽ ചവറ വരെ

Mail This Article
കൊല്ലം ∙ രാജ്യത്ത് ആദ്യമായി കടൽമണൽ ഖനനം ആരംഭിക്കുന്നതു കൊല്ലം ജില്ലയിലെ തങ്കശ്ശേരിക്കു സമീപത്തുനിന്ന്. തങ്കശ്ശേരി മുതൽ വടക്കോട്ടു ചവറ വരെയാകും ആദ്യ ഘട്ടത്തിൽ ഖനനം. കൊല്ലത്തിന്റെ കടൽ മേഖലയിൽ 3 ബ്ലോക്കുകളിലായാണു ഖനനമെന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും പ്രദേശം ഏതെന്നു വ്യക്തമാക്കിയിരുന്നില്ല. തങ്കശ്ശേരി ലൈറ്റ് ഹൗസിനു സമീപത്തു നിന്നു വടക്കോട്ടു കടലിൽ 27 മുതൽ 33 കിലോമീറ്റർ വരെ ദൂരെയാണ് ആദ്യ ഖനന മേഖല. 2002 ലെ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ 2023 ൽ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണു രാജ്യത്തെ 13 ബ്ലോക്കുകളിലായി കടലിൽ ധാതുഖനനത്തിനു കേന്ദ്ര ഖനിമന്ത്രാലയം ടെൻഡർ ക്ഷണിച്ചത്.
ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 27 വരെ ആയിരുന്നത് ഏപ്രിൽ 2 വരെ നീട്ടിയിട്ടുണ്ട്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ കടലിൽ മണൽ പർവതങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ടെങ്കിലും കണ്ണൂരിലും കോഴിക്കോടും കണ്ടെത്തിയ മണൽ നിർമാണ ആവശ്യത്തിനു പറ്റിയതാണോയെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കടലിൽ നിന്നു മണൽ വാരാനാണു ലേലമെങ്കിലും കരിമണലിലേതിനു തുല്യമായ ധാതുക്കൾ കിട്ടിയാൽ ആണവ ധാതുക്കൾ ഒഴിച്ചു നിശ്ചിത തുക അടച്ചു ശേഖരിക്കാമെന്നു ടെൻഡർ വ്യവസ്ഥയുണ്ട്. ഫലത്തിൽ, കേന്ദ്ര– സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡും കേരള മിനറൽസ് ആൻഡ് മെറ്റൽസും പ്രധാനമായും ആശ്രയിക്കുന്ന കരിമണൽ സ്വകാര്യ കമ്പനികൾക്കും കടലിൽ നിന്നെടുക്കാം.
കടലിൽ രാപകൽ സമരം ഇന്ന്
കടൽ മണൽഖനനത്തിനെതിരെ കോൺഗ്രസും മത്സ്യത്തൊഴിലാളി കോൺഗ്രസും കടലിൽ നടത്തുന്ന രാപകൽ സമരം ഇന്നു വൈകിട്ട് 5 മുതൽ നാളെ രാവിലെ 8 വരെ. രാജ്യത്ത് ആദ്യമായാണു കടലിൽ വേദി കെട്ടി രാപകൽ സമരം നടത്തുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ പറഞ്ഞു. കടലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിനു മുകളിൽ പലക പാകിയാണു വേദിയൊരുക്കുക.