‘ഏറ്റവുമുയർന്ന ഓണറേറിയം; മന്ത്രിയുടെ വാദം തെറ്റ് ’; ആശാ വർക്കർമാർ സങ്കടത്തിലും നിരാശയിലും

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാർക്ക് രാജ്യത്തെ ഏറ്റവുമുയർന്ന ഓണറേറിയം നൽകുന്നതു കേരളമാണെന്ന മന്ത്രി വീണാ ജോർജിന്റെ വാദം ശരിയല്ലെന്നു സംഘടനാ ഭാരവാഹികൾ. ഇൻസെന്റീവ് ഉൾപ്പെടെ 13,500 രൂപവരെ പ്രതിമാസം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന മന്ത്രി, ആ തുക എത്ര പേർക്കു ലഭിക്കുന്നുണ്ടെന്നു വെളിപ്പെടുത്തണം.ഓണറേറിയം വർധിപ്പിക്കാനോ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാനോ സർക്കാർ തയാറാകുന്നില്ല. സമരം ആരംഭിച്ചശേഷമാണ് ഓണറേറിയവുമായി ബന്ധപ്പെട്ട ഉപാധികൾ പിൻവലിക്കാൻ മന്ത്രി നിർബന്ധിതയായത്. ഓണറേറിയമായി 7,000 രൂപയാണു നൽകുന്നത്.
10 ഉപാധികളിൽ ഓരോന്നും നിറവേറ്റിയില്ലെങ്കിൽ ഇതിൽനിന്ന് 700 രൂപ വീതം കുറയ്ക്കുമായിരുന്നു.സിക്കിം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഓണറേറിയമായി 10,000 രൂപ നൽകുന്നുണ്ടെന്നു കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു.കർണാടകയിൽ 5,000 രൂപയായിരുന്ന ഓണറേറിയം സമരം ഫലമായി 10,000 രൂപയാക്കിയെന്ന് ഓൾ ഇന്ത്യ സ്കീം വർക്കേഴ്സ് ഫെഡറേഷന്റെ ദേശീയ പ്രസിഡന്റ് ടി.സി.രമ പറഞ്ഞു. 20,000 രൂപയായിരുന്ന വിരമിക്കൽ ആനുകൂല്യം അടുത്ത ബജറ്റിൽ 5 ലക്ഷമാക്കുമെന്നും ഓണറേറിയത്തോടു കൂടിയ അവധി അനുവദിക്കുമെന്നും കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.
അവിടെ നഗരപ്രദേശത്ത് 15,000 രൂപവരെയും ഗ്രാമങ്ങളിൽ 12,000 രൂപവരെയും ലഭിക്കുന്നുണ്ട്. കർണാടകയിൽ ആശമാർക്ക് 32 തരം ജോലികളാണെങ്കിൽ കേരളത്തിൽ അറുപതിലേറെ ജോലികളുണ്ട്. ബംഗാളിൽ വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപയും ആന്ധ്രയിൽ ഓണറേറിയമായി 10,000 രൂപയും നൽകുന്നുണ്ടെന്നും രമ വ്യക്തമാക്കി. കേരളത്തിന്റെ ആരോഗ്യ മികവിന് പുരസ്കാരങ്ങൾ വാങ്ങുന്നവർ ആശമാരുടെ ആവശ്യങ്ങൾ തള്ളിപ്പറയുന്നതിൽ സങ്കടമുണ്ടെന്നും ആശാ വർക്കർമാർ പറഞ്ഞു.