ADVERTISEMENT

കണ്ണൂർ ∙ ‘കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല’... കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ ചെന്നുപെട്ട അവസ്ഥ കാണുമ്പോൾ എല്ലാവരും ഈ ചൊല്ലോർക്കും. അറംപറ്റിയ വാക്കുകൾ പോലെയായി, ദിവ്യയുടെ അവസാനത്തെ പൊതുപ്രസംഗം. എഡിഎം കെ.നവീൻ ബാബുവിനെ അപഹസിച്ച്, യാത്രയയപ്പ് യോഗത്തിൽ ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്: ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാനിപ്പോൾ നിങ്ങളോട് പറയുന്നത്’. അത് രണ്ടു പെൺമക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തതിനൊപ്പം, പി.പി.ദിവ്യ എന്ന നേതാവിന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനും താൽക്കാലിക വിരാമമിട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുന്നെന്ന് വ്യാഴം രാത്രി 10.10ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ഇറങ്ങുന്നതുവരെ എല്ലാവരും ചോദിച്ചിരുന്നു: ദിവ്യയെ മാറ്റുമോ? രാജിവയ്ക്കുമോ?... രാവിലെ നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ദിവ്യയുടെ കാര്യത്തിലൊരു തീരുമാനമെടുത്തിരുന്നില്ല. എന്നാൽ, എഡിഎമ്മിന്റെ മരണത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെ പാർട്ടിയും കൈവിട്ടു. 36ാം വയസ്സിലാണ് ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത്തെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനിൽനിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുൻപുള്ള ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു.

സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ‘കേരളത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റും’ എന്നാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പുരസ്കാരങ്ങൾ വാരിക്കൂട്ടിയെങ്കിലും ഒടുവിൽ വിവാദച്ചുഴിയിൽപെട്ട് രാജിവയ്ക്കേണ്ടിവന്നു ദിവ്യയ്ക്ക്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ, എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർപഴ്സനായതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ഭാരവാഹിത്വത്തിലേക്ക് ഉയർന്നതും വളരെ വേഗത്തിലാണ്. ഭാവിയിൽ എംഎൽഎയും മന്ത്രിയും വരെ ആയേക്കാമെന്ന് പലരും വിലയിരുത്തിയ നേതാവിന് വാക്കിൽ പിഴച്ച് പടിയിറങ്ങേണ്ടി വരുന്നു.

English Summary:

P.P. Divya, former Kannur District Panchayat President, resigns following a controversial speech targeting M.K. Naveen Babu. The CPM removed Divya from her position, citing her inflammatory remarks that sparked public outcry. This incident marks a setback for the rising political leader.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com