‘വാളക്കോട് ഓപ്പറേഷൻ’ വിജയം
Mail This Article
പുനലൂർ ∙ മണ്ഡലകാല ഗതാഗത നിയന്ത്രണത്തിന്റെ ദേശീയപാതയിലെ വാളക്കോട് മേൽപ്പാലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘വാളക്കോട് ഓപ്പറേഷൻ’ വിജയം കണ്ടു. 3 ആഴ്ച മുൻപ് മുതൽ ഇവിടെ ഹോം വാർഡിനെ നിയോഗിച്ചിരുന്നു. ഇവിടെ ഗതാഗതം നിയന്ത്രിക്കാനായി അധികമായി കഴിഞ്ഞ 4 ദിവസമായി പാലത്തിന്റെ ഇരുവശങ്ങളിലും രണ്ട് സ്പെഷൽ പൊലീസ് ഓഫിസർമാരെയും നിയോഗിച്ചു. അതിനാൽ രാവും പകലും വലിയ വാഹനങ്ങൾക്ക് ഒറ്റവരി ഗതാഗതം മാത്രം സാധ്യമാകുന്ന ഈ പാലത്തിൽ കൃത്യമായ രീതിയിൽ ഗതാഗത സ്തംഭനം ഉണ്ടാകാതെ വാഹനങ്ങളെ നിയന്ത്രിക്കാൻ സാധിച്ചു. വാളക്കോട് മേൽപ്പാലത്തിലെ ഗതാഗത സ്തംഭനം സംബന്ധിച്ച് മനോരമ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
പോയ വർഷങ്ങളിൽ ശബരിമല സീസൺ ആരംഭിച്ച് മകരവിളക്ക് കഴിയുന്നതു വരെയും രാവും പകലും ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗത സ്തംഭനമാണ് ഉണ്ടായിരുന്നത്. വലിയ വാഹനങ്ങൾക്ക് വശം കൊടുക്കാൻ സ്ഥലം ഇല്ലാത്തതിനാൽ ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ ഒരേപോലെ പാലത്തിലേക്ക് പ്രവേശിക്കുകയും ഇരുവശത്തും ഈ വാഹനങ്ങളുടെ പിന്നിൽ നിരവധി വാഹനങ്ങൾ എത്തുകയും ചെയ്യുന്നതോടെയാണ് ഗതാഗത സ്തംഭനം ഉണ്ടായിട്ടുള്ളത്. പല വർഷങ്ങളിലും ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിരുന്നുമില്ല.
അന്നൊക്കെ പൊലീസ് എത്തി ഗതാഗതം പുന:സ്ഥാപിക്കാൻ മണിക്കൂറുകൾ വേണ്ടിവരുന്നു. ഈ പ്രതിസന്ധിക്കാണ് ഇക്കുറി പരിഹാരമായത്. ഒരുവശത്തു നിന്നു രണ്ട് മിനിറ്റ് വീതം ഇടവിട്ട് വാഹനങ്ങൾ കടത്തിവിടുകയാണ്. കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും സൗകര്യമില്ലാത്ത ഒരു പാലമാണിത്. കഴിഞ്ഞമാസം 26 ന് എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പാലത്തിന്റെ സമീപത്ത് കൂടി സമാന്തര പാത നിർമിക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തിരുന്നതാണ്.
മകരവിളക്കിന് മുൻപ് പണികൾ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് തുടർനടപടികൾ ചെയ്യേണ്ടത്.