എംഡിഎംഎ പിടികൂടാൻ ശ്രമം: എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ചു വീഴ്ത്തി

Mail This Article
കൊല്ലം∙ എംഡിഎംഎയുമായി കാറിൽ സഞ്ചരിച്ച യുവാവിനെ പിടികൂടുന്നതിനിടെ എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. പ്രതിയെ എക്സൈസ് സംഘം പിന്തുടർന്നെങ്കിലും യുവാവ് കാർ ഉപേക്ഷിച്ചു കടന്നു. കാറിൽ നിന്നു 4 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ വൈകിട്ട് 5.30ന് കല്ലുംതാഴത്താണു സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കാത്തു നിൽക്കുകയായിരുന്നു. കാർ തിരിച്ചറിഞ്ഞ എക്സൈസ് സംഘം കൈകാണിച്ചു.
ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയപ്പോൾ കാർ വേഗം കുറച്ചു. തുടർന്ന് ഇൻസ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും കാറിന് സമീപത്തേക്കു മാറിയപ്പോൾ യുവാവ് കാർ അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു. അതിനിടെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ സി.പി.ദിലീപിനെ കാർ തട്ടി വീഴ്ത്തിയത്. നിലത്തു വീണെങ്കിലും പരുക്കു ഗുരുതരമല്ല. മുന്നോട്ട് നീങ്ങിയ കാർ ഒാട്ടോറിക്ഷയും ഇടിച്ചു വീഴ്ത്തി. തുടർന്ന് 6 കിലോമീറ്ററോളം എക്സൈസ് സംഘം കാറിനു പിന്നാലെ പാഞ്ഞു.
എക്സൈസ് സംഘം പിന്നിലുണ്ടെന്നു മനസ്സിലായ യുവാവ് മാമ്പുഴ വായനശാല ജംക്‌ഷനിലെ ഇടറോഡിലെ ഒരു പറമ്പിലേക്ക് കാർ ഇടിച്ചു കയറ്റിയ ശേഷം കടന്നുകളയുകയായിരുന്നു. കാർ ഒാടിച്ച യുവാവ് പാരിപ്പള്ളി സ്വദേശിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. കാർ ഉടമയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എക്സൈസ് സംഘം കഴിഞ്ഞദിവസം കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ആന്ധ്രയിൽ നിന്നും കൊണ്ടു വന്ന 4 കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയിരുന്നു.