കരിക്ക് കള്ളന്മാരെക്കൊണ്ട് മടുത്തു !

Mail This Article
കുറുപ്പന്തറ ∙ കരിക്ക് മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടി കർഷകർ. മാഞ്ഞൂർ പഞ്ചായത്തിൽ കരിക്ക്, വാഴക്കുല മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരവിമംഗലം അപ്പൻ കവല ഭാഗത്ത് രണ്ട് തെങ്ങിൽ നിന്നായി 50 കരിക്കുകൾ മോഷണം പോയി . രണ്ട് തെങ്ങിൽ നിന്ന് രണ്ട് കരിക്കുകുലകൾ വെട്ടിക്കൊണ്ട് പോവുകയായിരുന്നു. മേമ്മുറി, ഇരവിമംഗലം, മാഞ്ഞൂർ ഭാഗത്താണ് കരിക്ക് മോഷണം വ്യാപകമായിരിക്കുന്നത്. പൊക്കം കുറഞ്ഞ തെങ്ങിൽ നിന്ന് കരിക്കു കുലകൾ വെട്ടി മദ്യം ചേർത്ത് കഴിക്കുന്നതിനാണ് കൊണ്ടുപോകുന്നതെന്ന് കർഷകർ പറയുന്നു.
പകലും രാത്രിയും യുവാക്കളായ മദ്യപ സംഘങ്ങൾ പാടശേഖരങ്ങളിലെ തറകളിലും മോട്ടോർ പുരകളിലും സജീവമാണെന്ന് കർഷകർ പറയുന്നു. തങ്ങൾ പണിയെടുക്കുന്ന കൃഷിയുടെ ഫലം മോഷ്ടാക്കൾ അപഹരിക്കുന്ന സ്ഥിതിയാണെന്നും പൊലീസ് രാത്രി കാല പട്രോളിങ് നടത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു. മാഞ്ഞൂർ കേന്ദ്രീകരിച്ച് സമൂഹ്യ വിരുദ്ധ ശല്യവും കഞ്ചാവ് സംഘങ്ങളും സജീവമാണ്. പലയിടത്തും കർഷകർ തങ്ങളുടെ വിള സംരക്ഷിക്കാൻ രാത്രിയും പകലും കൃഷിയിടത്തിൽ കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.