മടങ്ങുന്നു; വലതുകോട്ടയുടെ കാവലാൾ; എല്ലായ്പ്പോഴും ചങ്ങനാശേരി സിഎഫിനൊപ്പം നിന്നു

Mail This Article
കോട്ടയം ∙ സ്കൂളിൽ കുട്ടികളെ തല്ലാത്ത അധ്യാപകനായിരുന്നു സി.എഫ്. തോമസ്. കേരള കോൺഗ്രസിൽ ചേർന്നപ്പോഴും അദ്ദേഹം സി.എഫ് സാറായിരുന്നു. ഒരു നോട്ടം കൊണ്ടുപോലും രാഷ്ട്രീയ എതിരാളികളെ നോവിച്ചില്ല. ചങ്ങനാശേരിയെ അദ്ദേഹം സ്നേഹിച്ചു, ചങ്ങനാശേരിക്കാർ തിരിച്ചും. ഇതാണു 40 വർഷത്തെ വിജയത്തിന്റെ രഹസ്യം. വിശ്വാസത്തിനു വിലയുള്ള മണ്ണാണ് ചങ്ങനാശേരി. വിമോചന സമരത്തിലേത് ഉൾപ്പെടെ കേരള രാഷ്ട്രീയത്തിൽ ചങ്ങനാശേരിയുടെ മനസ്സും തീരുമാനവും നിർണമായകമാണ്.
നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനവും ചങ്ങനാശേരിയുടെ അതിരൂപത ആസ്ഥാനവും ഇവിടെയാണ്. എൻഎസ്എസിന്റെയും അതിരൂപതയുടെയും വിശ്വാസം നേടാനും നാലു പതിറ്റാണ്ടോളം അതു നിലനിർത്താനും സിഎഫിനു കഴിഞ്ഞു. മുസ്‌ലിംകൾ അടക്കം എല്ലാ സമുദായങ്ങൾക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. സിഎഫിന്റെ വിനയവും ക്ഷമയും ലാളിത്യവും നാട്ടുകാർ ഇഷ്ടപ്പെട്ടിരുന്നു.
എംഎൽഎ എന്ന നിലയിൽ കെ.എം. മാണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ശൈലികൾ സമന്വയിപ്പിച്ചതാണ് സിഎഫിന്റെ ശൈലി. ആർക്കും എപ്പോഴും പ്രാപ്യനായിരുന്നു അദ്ദേഹം. ഓർഡിനറി ബസ് പോലെയാണ് എംഎൽഎയുടെ കാർ. ആർക്കും കയറാം. കൈ കാണിച്ചാൽ എവിടെയും നിർത്തും. നാട്ടുകാർക്കു വേണ്ടി പൊലീസ് സ്റ്റേഷനിൽ പോകാനും അദ്ദേഹം തയാർ. അനധികൃത ശുപാർശ അദ്ദേഹം നടത്തില്ലെന്നു മാത്രം. ആവേശം കൊള്ളിക്കുന്ന പ്രസംഗകനല്ല സിഎഫ്.

എന്നാൽ, അധ്യാപകന്റെ മികവോടെ കാര്യങ്ങൾ അക്കമിട്ട് അവതരിപ്പിക്കുന്നതു കേട്ട് ആരും ഇരുന്നു പോകുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയുന്നു. വിവാദങ്ങളിൽ നിന്ന് എന്നും സിഎഫ് ഒഴിഞ്ഞു നിന്നു. 1991 ൽ തനിക്കു കിട്ടുമെന്നു കരുതിയ മന്ത്രിസ്ഥാനം ടി.എം. ജേക്കബിന് കൊടുത്തപ്പോഴും സി.എഫ് പരസ്യമായി കലഹിച്ചില്ല. അതേസമയം പകരം വാഗ്ദാനം ചെയ്ത ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നിരസിച്ചതിലൂടെ മനസ്സിലെ നീരസം ഒളിപ്പിക്കാനും പോയില്ല.
കേരള കോൺഗ്രസ് പലവട്ടം പിളർന്നപ്പോഴും കെ.എം. മാണിക്കൊപ്പം ഉറച്ചു നിന്നു. കെ.എം. മാണിയുടെ മരണ ശേഷം പാർട്ടി വീണ്ടും പിളർപ്പോൾ അദ്ദേഹം പി. ജെ. ജോസഫിനൊപ്പമായി. പാർട്ടി ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പു കമ്മിഷൻ ജോസ് കെ. മാണിക്കു നൽകിയപ്പോൾ അദ്ദേഹം നിലപാട് മാറ്റുമെന്നു കരുതിയവരോടുള്ള പ്രതികരണം ഇതായിരുന്നു: ‘നിലവിൽ ഒരു നിലപാടുണ്ട്. അതു തുടരും’. കെ.എം. മാണിയും പി.ജെ. ജോസഫും ഒന്നിച്ചപ്പോൾ നഷ്ടം സിഎഫിനായിരുന്നു.
പാർട്ടി ചെയർമാൻ സ്ഥാനം ലയനത്തോടെ കെ.എം. മാണിക്കു കൈമാറി. 2011 ൽ യുഡിഎഫ് മന്ത്രിസഭയിലെ സ്ഥാനം പി.ജെ. ജോസഫിനും കൈമാറി. ചങ്ങനാശേരിയിൽ വികസനമില്ലെന്ന് എതിരാളികൾ വിമർശിച്ചപ്പോഴും സിഎഫിന്റെ പ്രതികരണം സൗമ്യമായിരുന്നു. ബൈപാസ്, റവന്യു ടവർ, ശുദ്ധജല പദ്ധതി, സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ കേന്ദ്രീകരിച്ച വികസനം ജനം കാണുന്നുണ്ടെന്ന് സി.എഫ്. വിശ്വസിച്ചു. വികസന പദ്ധതികളുടെ കൂറ്റൻ ബോർഡുകളും ഉദ്ഘാടന മാമാങ്കങ്ങളും അദ്ദേഹം ഒഴിവാക്കി.ജനങ്ങളുടെ വിശ്വാസം കൊണ്ട് സി.എഫ്. തീർത്ത കോട്ട പൊളിക്കാൻ എതിരാളികൾ പല തന്ത്രങ്ങൾ പയറ്റി.
കേരള കോൺഗ്രസ് സ്ഥാനാർഥിയെത്തന്നെ രംഗത്തിറക്കി. മറ്റൊരിക്കൽ പൊതുസമ്മതനായ സ്വതന്ത്രനെ മത്സരിപ്പിച്ചു. എല്ലായ്പ്പോഴും ചങ്ങനാശേരി സിഎഫിനൊപ്പം നിന്നു. മണ്ഡലത്തിൽ സി.എഫിനെപ്പോലൊരു സ്ഥാനാർഥിയെ രംഗത്തിറക്കിയതാണ് ചങ്ങനാശേരിയിലെ യുഡിഎഫിന്റെ വിജയ രഹസ്യമെന്നു സുരേഷ് കുറുപ്പ് എംഎൽഎ പറയുന്നു.

സിഎഫിന്റെ സീറ്റിന് ഭീഷണി സ്വന്തം പാർട്ടിയിൽ നിന്നാണു വന്നത്. എന്നാൽ കെ.എം. മാണി ഉറച്ചു നിന്നതോടെ സീറ്റ് സിഎഫിനു തന്നെ ലഭിച്ചു. എല്ലാവരെയും വിമർശിക്കുന്നതാണു പി.സി. ജോർജിന്റെ ശൈലി. എന്നാൽ ഒരിക്കലും സി.എഫുമായി പിണങ്ങാൻ പറ്റിയില്ലെന്നു പി.സി. ജോർജ് തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് സി.എഫിന്റെ രാഷ്ട്രീയം.